ആൻഫീൽഡിലെ ചരിത്ര വിജയം കൈവിട്ട് സണ്ടർലൻഡ്; സെൽഫ് ഗോളിൽ ലിവർപൂളിന് ആശ്വാസം; മോശം ഫോം തുടർന്ന് ആർനെ സ്ലോട്ടും സംഘവും

Update: 2025-12-04 10:29 GMT

ലിവർപൂൾ: പ്രീമിയർ ലീഗ് മത്സരത്തിൽ സണ്ടർലൻഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ തോൽവി മുന്നിൽ കണ്ട ലിവർപൂളിന് സെൽഫ് ഗോളിലൂടെ രക്ഷപ്പെടുകയായിരുന്നു. ഫ്ലോറിയൻ വിർട്സിന്റെ ഷോട്ട് സണ്ടർലൻഡ് താരം നോർഡി മുകിയേലെയിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ സണ്ടർലൻഡ് മുന്നിലെത്തിയെങ്കിലും സമനില ഗോൾ നേടി ലിവർപൂൾ ഒരു പോയിന്റ് സ്വന്തമാക്കി.

മത്സരത്തിന്റെ 67-ാം മിനിറ്റിൽ ചെംസ്ഡിൻ താൽബിയുടെ ഗോളിൽ സണ്ടർലൻഡാണ് മുന്നിലെത്തിയത്. ലിവർപൂൾ നായകൻ വിർജിൽ വാൻ ഡൈക്കിന് സംഭവിച്ച പിഴവാണ് ഈ ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, 81-ാം മിനിറ്റിൽ ലിവർപൂളിന്റെ പ്രധാനപ്പെട്ട സമ്മർ സൈനിംഗുകളിലൊരാളായ ഫ്ലോറിയൻ വിർട്സിന്റെ പ്രഹരം സണ്ടർലൻഡ് പ്രതിരോധ താരത്തിൽ തട്ടി വലയിലെത്തിയതോടെ ലിവർപൂൾ സമനില ഗോൾ നേടി. ഈ സമനിലയോടെ എല്ലാ മത്സരങ്ങളിലുമായി 14 കളികളിൽ ലിവർപൂളിന്റെ പത്താം തോൽവി ഒഴിവാക്കാനായി.നിലവിൽ 22 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ 11 പോയിന്റ് പിന്നിലാണ് അവർ.

23 പോയിന്റുള്ള സണ്ടർലൻഡ് ആറാം സ്ഥാനത്താണ്. മത്സരശേഷം സ്കൈ സ്പോർട്സിനോട് പ്രതികരിച്ച വിർട്സ്, "ഞങ്ങൾക്ക് ജയിക്കാനായിരുന്നു ആഗ്രഹം, പക്ഷേ സമനിലയായി. നിർഭാഗ്യം." എന്ന് പറഞ്ഞു. "ഞങ്ങൾ തിരിച്ചുവരവിന്റെ ശരിയായ പാതയിലാണ്, കളികൾ ജയിക്കാൻ ഞങ്ങൾ എല്ലാം ചെയ്യുന്നു. ടേബിളിൽ ഒന്നാമതെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കഠിനാധ്വാനം തുടരണം, കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു," എന്നും താരം കൂട്ടിച്ചേർത്തു. 1983-ന് ശേഷം ആദ്യമായി ആൻഫീൽഡിൽ ഒരു വിജയം നേടാമെന്ന സണ്ടർലൻഡിന്റെ പ്രതീക്ഷകൾക്ക് ഈ സമനില തിരിച്ചടിയായി.

Tags:    

Similar News