പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് സ്പെയിൻ താരം കാർലോസ് അൽക്കരാസ്. ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് അൽക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് താരത്തിന്റെ ജയം. സ്‌കോർ: 6-3, 2-6, 5-7, 6-1, 6-2 . അൽകാരസിന്റെ കരിയറിലെ മൂന്നാം ഗ്രാൻഡ്‌സ്‌ലാം കിരീടനേട്ടമാണ്.

മത്സരത്തിന്റെ തുടക്കത്തിൽ തകർപ്പൻ പ്രകടനമാണ് അൽക്കരാസ് പുറത്തെടുത്തത്. ആദ്യ സെറ്റ് സ്വരേവിനെ നിഷ്പ്രഭനാക്കിയ അൽക്കരാസ് 6-3 ന് സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റ് സ്വരേവ് ശക്തമായി തിരിച്ചുവന്നു. ആദ്യ സെറ്റിന്റെ മറുപടിയെന്നോണം 6-2 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. ഫൈനൽ പോരാട്ടത്തിന്റെ ആവേശം മുഴുവൻ നിറഞ്ഞതായിരുന്നു മൂന്നാം സെറ്റ്. ഇരുതാരങ്ങളും വിട്ടുകൊടുക്കാൻ മനസില്ലാതെ റാക്കറ്റേന്തിയപ്പോൾ മത്സരം ആവേശക്കൊടുമുടിയിലായി.

മൂന്നാം സെറ്റിൽ ആദ്യം മുന്നിട്ടുനിന്നത് അൽക്കരാസായിരുന്നു. സ്വരേവിന്റെ സർവ് ഭേദിച്ച് മുന്നേറിയ സ്പെയിൻ യുവതാരം 5-2 ന് മുന്നിലെത്തി. സെറ്റ് അനായാസം നേടുമെന്ന് തോന്നിച്ചു. എന്നാൽ റോളണ്ട് ഗാരോസ് സാക്ഷിയായത് സ്വരേവിന്റെ സ്വപ്നസമാനമായ തിരിച്ചുവരവിനാണ്. പിഴവുകളൊന്നും വരുത്താതെ ശ്രദ്ധയോടെ റാക്കറ്റേന്തിയ താരം അൽക്കരാസിന്റെ സർവുകളോരോന്നും ബ്രേക്ക് ചെയ്തു. പിന്നീട് ഒരൊറ്റ ഗെയിം പോയന്റും അൽക്കരാസിന് നേടാനായില്ല. 5-2-ൽ നിന്ന് 7-5 ലേക്ക് കുതിച്ചെത്തിയ സ്വരേവ് സെറ്റ് സ്വന്തമാക്കി.

എന്നാൽ ഏകപക്ഷീയമായിരുന്നു നാലാം സെറ്റ്. അൽക്കരാസിന് മുന്നിൽ സ്വരേവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 6-1 നാണ് അൽക്കരാസ് സെറ്റ് നേടിയത്. അതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിലും മികവ് തുടർന്ന അൽക്കരാസ് 6-2 ന് സെറ്റും മത്സരവും സ്വന്തമാക്കി. താരത്തിന്റെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2022-ൽ യുഎസ് ഓപ്പണും 2023-ൽ വിംബിൾഡണും നേടിയിട്ടുണ്ട്.