ട്രെയിൻ ടിക്കറ്റ് കൺഫർമേഷനായി ബന്ധപ്പെട്ടപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് നൽകിയത് വി. ശിവൻകുട്ടി; അണ്ടർ 19 ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന് ഊഷ്മള സ്വീകരണം; സ്വർണ്ണക്കപ്പുമായി ടീം ആദ്യം എത്തിയത് മന്ത്രിയുടെ വസതിയിൽ; ഫൈനലിൽ തകർത്തത് മേഘാലയയെ
തിരുവനന്തപുരം: ശ്രീനഗറിൽ നടന്ന അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം. ടൂർണമെന്റിൽ വിജയിച്ചെത്തിയ ടീമിനെ മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലാണ് ആദരിച്ചത്. ജമ്മു കാശ്‌മീരിൽ നടന്ന ആവേശകരമായ ഫൈനലിൽ മേഘാലയയെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്.
ടീം ക്യാപ്റ്റൻ അദ്വൈത് മന്ത്രിയോടൊപ്പമുള്ള മടക്കയാത്രയുടെ അനുഭവം പങ്കുവെച്ചു. ട്രെയിൻ ടിക്കറ്റ് കൺഫർമേഷനായി ബന്ധപ്പെട്ടപ്പോൾ മന്ത്രി ഫ്ലൈറ്റ് ടിക്കറ്റ് ശരിയാക്കിത്തന്നത് യാത്രയെ ആഘോഷമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കപ്പുമായി നെടുമ്പാശ്ശേരിയിലെത്തിയ ടീം നേരിട്ട് മന്ത്രിയുടെ വസതിയിലെത്തി. മന്ത്രി വി. ശിവൻകുട്ടി കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. ടീം അംഗങ്ങൾ മന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
ടൂർണമെന്റിൽ കേരളം ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. തുടർച്ചയായി ആറ് മത്സരങ്ങളിൽ വിജയം നേടിയ കേരളം ഫൈനലിൽ മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (SGFI) അംഗീകാരത്തോടെ ജമ്മു കാശ്‌മീർ യൂത്ത് സർവീസസ് ആൻഡ് സ്‌പോർട്‌സ് (YSS) ഡയറക്ടറേറ്റ് ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള അണ്ടർ-19 ഫുട്‌ബോൾ ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
സെമി ഫൈനലിൽ മണിപ്പൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ട്. ആതിഥേയരായ ജമ്മു കാശ്‌മീരിനെ 3-1 ന് പരാജയപ്പെടുത്തിയാണ് മെഘാലയ ഫൈനലിൽ എത്തിയത്. മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിൽ ജമ്മു കാശ്‌മീർ മണിപ്പൂരിനെ 4-3 ന് പരാജയപ്പെടുത്തി വെങ്കലം നേടി. വരാനിരിക്കുന്ന വുഷു, ടേക്വാണ്ടോ, ടേബിൾ ടെന്നീസ് നാഷണൽ ഗെയിംസിന് ജമ്മു വേദിയൊരുക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.