തിരുവനന്തപുരം: ഫ്ളവേഴ്സ് ടി വി ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഉപ്പും മുളകും' എന്ന പരമ്പര മറ്റൊരു ചാനലിലേക്ക് പറിച്ചു നടാൻ നടത്തിയ നീക്കം പാളി. ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ ഒരു വൻകിട ചാനലിൽ എത്തിച്ചത് മലയാള സിനിമയുടെ ദുർമേദസ്സ് എന്ന് വിളിപ്പേരുള്ള ഹാസ്യ നടനെന്നും ആരോപണം. എന്നാൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ കാഴ്ച ഒരു ഗൂഢാലോചനയിലൂടെ തകർക്കാൻ ശ്രമം നടത്തിയ ആളുകളെയോ ചാനലിനെയോ അവരോടുള്ള ബഹുമാനം കൊണ്ട് തല്ക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് ചാനൽ അധികൃതർ പറഞ്ഞു.

ഫ്ളവേഴ്സ് ടി വി ചാനൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ 'ഉപ്പും മുളകും' തട്ടിയെടുക്കാൻ മറ്റൊരു പ്രമുഖ ചാനൽ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിനായി മലയാള സിനിമയിലെ ഒരു ഹാസ്യ നടൻ ശ്രമിച്ചതായാണ് ആരോപണം. ഇതിന് മുമ്പും സീരിയൽ തട്ടിയെടുക്കാൻ ശ്രമം നടന്നതായി അണിയറപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ചാനലിന്റെ വാർത്താ വെബ്‌സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ ഒരു വൻകിട ചാനലിൽ എത്തിച്ചായിരുന്നു ഒടുവിലത്തെ ശ്രമം. എന്നാൽ അവിടെ എത്തി ചർച്ച പുരോഗമിക്കവേ 'ഉപ്പും മുളകും' എന്ന സീരിയൽ തന്നെ പറിച്ചു നടുക എന്നതാണ് ലക്ഷ്യം എന്ന് തെളിഞ്ഞു വന്നു. അതോടെ ഉപ്പും മുളകിന്റെയും സാങ്കേതിക പ്രവർത്തകൻ പിൻവാങ്ങി.

ഇതിന് മുൻപും മറ്റൊരു ചാനൽ ഉപ്പും മുളകും അടിച്ചു മാറ്റാൻ ശ്രമം നടത്തിയതായി അണിയറ പ്രവർത്തകർ പറയുന്നു. ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ കാഴ്ച ഗൂഢാലോചനയിലൂടെ തകർക്കാൻ ശ്രമം നടത്തിയ ആളുകളെയോ ചാനലിനെയോ അവരോടുള്ള ബഹുമാനം കൊണ്ട് തൽക്കാലം വെളിപ്പെടുത്തുന്നില്ല.

ഇത്തരം ഗൂഢാലോചകൾ കൊണ്ട് ഉപ്പും മുളകും തകർക്കാൻ കഴിയില്ല എന്ന് ഫ്ളവേഴ്സ് അധികൃതർ പറയുന്നു. ''ഫ്ളവേഴ്സ് ചാനൽ നേരിട്ട് നിർമ്മിക്കുന്ന 'ഉപ്പും മുളകും' എന്ന ഹാസ്യാത്മക സീരിയൽ കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഫ്‌ലവേഴ്‌സിന്റെ ഉപ്പും മുളകും തട്ടിയെടുക്കാൻ ശ്രമിച്ചത് ഏത് ചാനലാണെന്ന് ഇതുവരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.