ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാര്‍ഡ് ദാന ചടങ്ങുകള്‍ കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ജനുവരി പത്തിന്

Update: 2024-10-04 12:02 GMT

ന്യൂ യോര്‍ക്ക്: രണ്ടു പതിറ്റാണ്ടിന്റെ നിറവില്‍ പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ മാധ്യമരംഗത്തു നിരവധി സംഭാവനകള്‍ നല്‍കി മുന്നേറുന്ന വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു.

ഈ പുരസ്‌കാര ചടങ്ങുകള്‍ 2024 ജനുവരി പത്തു വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.

കേരളത്തില്‍ നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാര്‍ഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും, ക്യാഷ് അവാര്‍ഡും. പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.

അച്ചടി - ദൃശ്യമാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന മികച്ച രണ്ട് പേര്‍ക്ക് അവാര്‍ഡ് നല്‍കും. അതു പോലെ മികച്ച എക്സ്‌ക്ലൂസിവ് വാര്‍ത്തക്കു അച്ചടി/ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് നല്‍കും. അവാര്‍ഡ് നല്‍കുന്ന മറ്റു വിഭാഗങ്ങള്‍: മികച്ച ഫീച്ചര്‍, മികച്ച വാര്‍ത്ത അവതാരകന്‍ - അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത, മികച്ച ഫോട്ടോഗ്രാഫര്‍, , മികച്ച വിഡിയോഗ്രാഫര്‍, മികച്ച ന്യൂസ് എഡിറ്റര്‍ മികച്ച വീഡിയോ എഡിറ്റര്‍, മികച്ച റേഡിയോ രംഗത്തെ മികവിനും, യുവമാധ്യമ പ്രവര്‍ത്തകന്‍ - പ്രവര്‍ത്തക, എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു.

ഈ വര്‍ഷം ആദ്യമായി മികച്ച വാര്‍ത്ത പരിപാടി നിര്‍മ്മാതാവിനും, മികച്ച എന്റര്‍ടൈന്‍മെന്റ് പരിപാടി നിര്‍മ്മാതാവിനും. മികച്ച എന്റര്‍ടൈന്‍മെന്റ് പരിപാടി അവതാരകന്‍ - അവതാരക എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. വര്‍ത്തമാന പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്, ഒപ്പം ഓണ്‍ലൈന്‍ മാധ്യരംഗത്തെ തെളിമായര്‍ന്ന പ്രവര്‍ത്തനം എന്നിവയ്ക്കും പുതുതായി അവാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ആദ്യമായി കേരളത്തിലെ ഏറ്റവും മികച്ച പ്രസ്സ് ക്ലബിന് അവാര്‍ഡ് നല്‍കി ആദരിക്കാനും ഈ വര്‍ഷം തീരുമാനം എടുത്തിട്ടുണ്ട് എന്നുള്ളതാണ്

മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും, അവര്‍ക്കു വേണ്ടി മറ്റുള്ളവര്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷനുകള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്സൈറ്റ് www.indiapressclub.org/nomination സന്ദര്‍ശിച്ചാല്‍ മാത്രം മതി. വെബ്‌സൈറ്റ് സന്ദര്‍ശിച്ചു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചതിന് ശേഷം അനുബന്ധ പത്രവാര്‍ത്തകളോ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ തന്നെ എല്ലാം അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

കഴിഞ്ഞ വര്‍ഷത്തെ (2023) മാധ്യമശ്രീ അവാര്‍ഡ് ലഭിച്ചത് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റര്‍ ആര്‍. രാജഗോപാലിനാണ്, മാധ്യമരത്ന പുരസ്‌കാരം ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരനും ലഭിച്ചു. നേരത്തെ മാധ്യമശ്രീ ലഭിച്ചവര്‍ എന്‍ പി രാജേന്ദ്രന്‍, (late)ഡി വിജയമോഹന്‍, (late) ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, വി.ബി. പരമേശ്വരന്‍, ആര്‍, രാജഗോപാല്‍ എന്നിവരാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുനില്‍ ട്രൈസ്റ്റാര്‍ 1-917-662-1122 ഷിജോ പൗലോസ് 1-201-238-9654, വിശാഖ് ചെറിയാന്‍ 1-757-756-7374, അനില്‍ ആറന്‍മുള 1-713-882-7272, ആശ മാത്യു 1-612-986-2663, റോയ് മുളകുന്നം 1-647-363-0050 www.indiapressclub.org. കേരളത്തിലെ ഈ പരിപാടിയുടെ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ പ്രതാപുമായും ബന്ധപ്പെടാവുന്നതാണ്. Phone: 9846333435, നവമ്പര്‍ 30 നുള്ളില്‍ ലഭിക്കുന്ന നോമിനേഷനുകള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുക

 


Tags:    

Similar News