ഫ്രണ്ട്സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സിക്സേഴ്സ് ടീം ജേതാക്കള്‍
ബാബു പി സൈമണ്‍, ഡാളസ്
ഗാര്‍ലന്‍ഡ്: ആവേശം അലതല്ലിയ ഫൈനലില്‍ ടസ്‌കേഴ്സിനെ 10 വിക്കറ്റിന് തകര്‍ത്ത് സിക്സേഴ്സ് ടീം ഫ്രണ്ട്സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2025 കിരീടം സ്വന്തമാക്കി. ഗാര്‍ലന്‍ഡിലെ ഓഡുബോണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നവംബര്‍ 15ന് വൈകിട്ട് 5:30ന് നടന്ന മത്സരത്തില്‍, ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് സിക്സേഴ്സിന്റെ ഐതിഹാസിക വിജയം.
ടോസ് നേടിയ ടസ്‌കേഴ്സ് ക്യാപ്റ്റന്‍ ചാള്‍സ് ഫിലിപ്പ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തിലെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി, സിക്സേഴ്സ് ബൗളര്‍മാര്‍ തന്ത്രപരമായ പന്തെറിയിലൂടെ ടസ്‌കേഴ്സിന്റെ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ ഒരു വലിയ കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ ടസ്‌കേഴ്സിന് സാധിച്ചില്ല. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 128 റണ്‍സ് എന്ന പരിമിത സ്‌കോറില്‍ ടസ്‌കേഴ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
129 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിക്സേഴ്സ് ഓപ്പണര്‍മാര്‍ തുടങ്ങിയതുമുതല്‍ ടസ്‌കേഴ്സ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ക്യാപ്റ്റന്‍ സജിത് മേനോന്‍ മികവുറ്റ നേതൃത്വവും വെടിക്കെട്ട് ബാറ്റിംഗും കാഴ്ചവെച്ചപ്പോള്‍ അത് സിക്സേഴ്സിന്റെ വിജയത്തിന് അടിത്തറ പാകി. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വെറും 11.4 ഓവറില്‍ ടീം വിജയലക്ഷ്യം നേടുകയും (129/0) ചെയ്തു.
ടൂര്‍ണമെന്റിലെ വ്യക്തിഗത മികവ് തെളിയിച്ച താരങ്ങള്‍ക്ക് സമാപന വേളയില്‍ പ്രത്യേക അവാര്‍ഡുകളും സമ്മാനിച്ചു. മാന്‍ ഓഫ് ദി മാച്ച് ആന്‍ഡ് മാന് ഓഫ് ദി സീരിയസ് .സജിത് മേനോന്‍ (സിക്സേഴ്സ്), ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്, ഷിബു ജേക്കബ് (ടസ്‌കേഴ്സ്), ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്, രജിത് അറയ്ക്കല്‍ (സ്പാര്‍ക്‌സ്).
ഡാലസ് കമ്മ്യൂണിറ്റിയിലെ ക്രിക്കറ്റ് പ്രേമികളുടെ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന സമാപന ചടങ്ങുകള്‍ വര്‍ണ്ണാഭമായിരുന്നു. ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീം മാനേജര്‍ ഡോ. ഷിബു സാമുവല്‍ വിജയികളായ സിക്സേഴ്സ് ടീമിന് ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സറും, ഡാലസിലെ പ്രമുഖ റിയല്‍റ്ററുമായ ജസ്റ്റിന്‍ വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ഡാലസിലെ കായിക പ്രേമികള്‍ക്ക് മികച്ച ഒരു ടൂര്‍ണമെന്റ് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫ്രണ്ട് ഓഫ് ഡാളസ് ക്യാപ്റ്റിന്‍ അജു വര്ഗീസ് അറിയിച്ചു.
