ഹൂസ്റ്റണില്‍ ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് മെയ് 24 ന് ; രമേശ് ചെന്നിത്തല മുഖ്യാതിഥി ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികള്‍, നയന മനോഹര കാഴ്ചകളൊരുക്കി 'മെയ് ക്വീന്‍ ബ്യൂട്ടി പേജെന്റ്' ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ മ്യൂസിക് ഷോയും വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി 12 മണിക്കൂര്‍ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവതരിപ്പിക്കുന്ന ' ഇന്ത്യ ഫെസ്റ്റ് - 2025 ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
2025 മെയ് 24 നു ശനിയാഴ്ച രാവിലെ 11 മണിക്കാരംഭിക്കുന്ന ഫെസ്റ്റ് ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകളാല്‍ സമ്പന്നവുമായ GST EVENT CENTER ല്‍ വച്ച് നടത്തപെടുമ്പോള്‍ ഹൂസ്റ്റണ്‍ന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനുമായ ജെയിംസ് കൂടല്‍ പറഞ്ഞു.
മുന്‍ പ്രതിപക്ഷനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല എംഎല്‍എ ഈ ചടങ്ങില്‍ സംബന്ധിക്കുന്നതിനു വേണ്ടി വെള്ളിയാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരും
രാവിലെ 11 മണിക്ക് ബിസിനസ് സമ്മിറ്റ് നടക്കും. അമേരിക്കയിലെയും ഗള്‍ഫിലെയും പ്രമുഖ ബിസിനസ് സംരംഭകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ ബിസിനസ് വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖര്‍ സംസാരിക്കും. 12 മണിക്ക് ' പ്രവാസ ലോകം ' സമ്മിറ്റ് നടക്കും. അമേരിക്കന്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍, പ്രതീക്ഷകള്‍, സാധ്യതകള്‍ സംബന്ധിച്ചു നിരവധി സംഘടനാ നേതാക്കള്‍ നേതാക്കള്‍ സംസാരിക്കും.
1 മണിക്ക് 'MEET THE LEADER - ASK A QUESTION' സംവാദ പരിപാടി നടക്കും. രമേശ് ചെന്നിത്തലയോട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം ലഭിക്കും. ചെന്നിത്തല മറുപടി നല്‍കും.
2 മണി മുതല്‍ വിവിധ സംഘടനകളുടെ യോഗങ്ങള്‍ നടക്കും.
4 മുതല്‍ പ്രമുഖ നര്‍ത്തകിയും സംരഭകയും സംഘടകയുമായ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തില്‍ 'മെയ് ക്വീന്‍ ബ്യൂട്ടി പേജെന്റ് ' സൗന്ദര്യ മത്സരം നടക്കും.
മത്സരത്തിന് ശേഷം നടക്കുന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായി മാറിയ രമേശ് ചെന്നിത്തലയ്ക്ക് ' കര്‍മശ്രേഷ്ഠ പുരസ്‌കാരം' പെയര്‍ലാന്‍ഡ് മേയര്‍ കെവിന്‍ കോള്‍, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടു, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നല്‍കും.
സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യങ്ങളായ നിരവധി വ്യക്തിത്വങ്ങളെ ആദരിക്കും.
50ല്‍ പരം വ്യവസായ സംരഭകരുടെ പ്രദര്‍ശന സ്റ്റാളുകളും ഉണ്ടായിരിക്കും.
തുടര്‍ന്ന് അമേരിക്കയിലെങ്ങും തരംഗമായി മാറിയ 'ഷാന്‍ റഹ്‌മാന്‍ മ്യൂസിക് ഷോ' ഹൂസ്റ്റണിലും തരംഗം സൃഷ്ഠിക്കും. കെഎസ് ഹരിശങ്കര്‍ , സയനോര, നിത്യ മാമ്മന്‍, മിഥുന്‍ ജയരാജ്, നിരഞ്ജു സുരേഷ് തുടങ്ങിയവര്‍ അടങ്ങുന്ന ടീമിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബ്രസീലിയന്‍ ഡാന്‍സ്, ഇന്ത്യന്‍ ഡാന്‍സ് തുടങ്ങി വിവിധ പരിപാടികള്‍ ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റുമെന്ന് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഡയറക്ടര്‍മാരായ തോമസ് സ്റ്റീഫന്‍, ബിനോയ് ജോണ്‍ എന്നിവര്‍ പറഞ്ഞു. ഷാന്‍ റഹ്‌മാന്‍ ഷോയ്ക്കു വന്‍ പ്രതികരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നു അവര്‍ പറഞ്ഞു.