സനാതന ധര്‍മ്മമോ മനുസ്മൃതിയോ അശ്ലീലമല്ല: ഗോപിനാഥക്കുറുപ്പ്

Update: 2025-01-06 12:47 GMT

ന്യൂയോര്‍ക്ക്: സനാതന ധര്‍മമോ മനുസ്മൃതിയോ അശ്ലീലമല്ലെന്നും അല്പജ്ഞാനികളുടെ അഭിപ്രായം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും അയ്യപ്പസേവാ സംഘം പ്രസിഡന്റും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമായ ഗോപിനാഥക്കുറുപ്പ് അഭിപ്രായപ്പെട്ടു.

സനാതന ധര്‍മത്തെപ്പറ്റി ഭാരതസംസ്‌ക്കാരത്തിലോ അതിന്റെ മഹത്വത്തിലോ ക്ഷേത്രസംസ്‌ക്കാര പാരമ്പര്യത്തിലോ താല്പര്യമില്ലാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ വ്യാകുലരാവേണ്ടതില്ല. സനാതന ധര്‍മ്മ വിശ്വാസികള്‍ക്ക് ഇവരില്‍ നിന്നോ വൈദേശിക ദര്‍ശനങ്ങളില്‍ നിന്നോ തത്വശാസ്ത്രങ്ങളില്‍ നിന്നോ ഒന്നും മനസ്സിലാക്കാനില്ല.

കാലാനുസൃതമായ ഹൈന്ദവ നവോത്ഥാനം കാന്തദര്‍ശികളായ ഹൈന്ദവ നവോത്ഥാന നായകരുടെയും ഗുരുക്കന്മാരുടെയും ആചാര്യ ശ്രേഷ്ഠന്മാരുടെയും പ്രയത്‌നഫലമായി രൂപപ്പെട്ടിട്ടുള്ളതാണ്. മനുസ്മൃതിയിലുള്ള ചാതുര്‍വര്‍ണ്യത്തെപ്പറ്റി വികലമായി മനസ്സിലാക്കിയ ഇത്തരക്കാര്‍ക്ക് അതില്‍തന്നെയുള്ള ''ലോകാഃസമസ്താഃ സുഖിനോ ഭവന്തു'' എന്നുള്ള തത്വമോ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു വച്ചു നടന്ന ഹിന്ദു കോണ്‍ക്ലേവില്‍ സനാതന ധര്‍മത്തെപ്പറ്റി ശ്രീകുമാരന്‍ തമ്പി വിശദമായി പ്രതിപാദിച്ചത് ഇക്കൂട്ടര്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. അറിഞ്ഞിട്ടും അജ്ഞത നടിക്കുന്ന ഇവര്‍ക്ക് സനാതന ധര്‍മത്തെ അവഹേളിക്കുന്നതുപോലെ ഇതര മതവിശ്വാസികളുടെ മതഗ്രന്ഥത്തിലുള്ള ആശയങ്ങളെയോ പ്രവര്‍ത്തികളെയോ വിമര്‍ശിക്കാന്‍ തന്റേടമുണ്ടോ? ഹൈന്ദവ ഐക്യത്തെ തകര്‍ക്കുന്നതിനു വേണ്ടി ബോധപൂര്‍വമായി നടത്തുന്ന ഇത്തരം ജല്പനങ്ങളെ ഹിന്ദുക്കളായ സനാതന ധര്‍മ വിശ്വാസികള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും, സനാതനമെന്നാല്‍ എന്നും നിലനില്‍ക്കുന്നത് എന്നാണ്, അത് വര്‍ദ്ധിത വീര്യത്തോടെ നിലനില്‍ക്കുക തന്നെ ചെയ്യും.

അതുപോലെ ക്ഷേത്രങ്ങളില്‍ മേല്‍മുണ്ട് ധരിച്ചോ, ഷര്‍ട്ടു ധരിച്ചുകൊണ്ടോ സൗകര്യമനുസരിച്ച് അതാത് ക്ഷേത്രാചാരങ്ങള്‍ക്ക് കോട്ടം തട്ടാതെ നിലനിര്‍ത്തുവാനുള്ള കാര്യങ്ങള്‍ തന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞ് ചെയ്യുവാനും വിശ്വാസികള്‍ക്കറിയാമെന്നും അതില്‍ ആരും ആകുലപ്പെടേണ്ടതില്ലെന്നും കെ.എച്ച്.എന്‍.എ. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പ് എടുത്തു പറഞ്ഞു.

വാര്‍ത്ത: ജയപ്രകാശ് നായര്‍

Similar News