കെ.എച്ച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ: സുധീര്‍ പ്രയാഗയും മത്സരിക്കുന്നു

Update: 2025-07-08 12:24 GMT

പ്രസന്നന്‍ പിള്ള )

ഓഗസ്റ്റ് 17 മുതല്‍ 19 വരെ ന്യൂജേഴ്സി അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്നുള്ള വനജ നായരും സെക്രട്ടറി സ്ഥാനത്തേക്ക് മിസോറി സെന്റ് ലൂയിസ് നിവാസിയായ ഡോ: സുധീര്‍ പ്രയാഗയും നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിച്ചു. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡും നിര്‍വഹിക്കുമ്പോള്‍ ധനകാര്യ നിര്‍വഹണത്തിലെ മേല്‍നോട്ടവും ഓഡിറ്റിംഗും ഉറപ്പുവരുത്തുക പുതിയ ഭരണസമിതിയെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഇലക്ഷന്‍ കമ്മീഷനിലൂടെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന ചുമതലകള്‍ നിര്‍വഹിക്കാനുള്ള സംഘടനയുടെ ഭരണഘടന ഘടകമാണ് ട്രസ്റ്റി ബോര്‍ഡ്.

രണ്ടു പതിറ്റാണ്ടുമുമ്പ് ചിക്കാഗോയില്‍ നടന്ന കണ്‍വന്‍ഷന്‍ മുതല്‍ കെ.എച്ച്.എന്‍.എ.യുടെ സജീവ സഹയാത്രികയായിട്ടുള്ള വനജ നായര്‍ രണ്ടു തവണ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും റീജിയണല്‍ വൈസ് പ്രസിഡന്റായും വിവിധ കണ്‍വന്ഷനുകളില്‍ ഉപസമിതികളുടെ സാരഥിയായി പ്രവര്‍ത്തിക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷമായി ട്രസ്റ്റി ബോര്‍ഡ് അംഗമായി തുടരുകയും ചെയ്യുന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെ പഴക്കം ചെന്ന ഹൈന്ദവ കൂട്ടായ്മകളില്‍ ഒന്നായ എന്‍. ബി. എ. യുടെ മുന്‍ പ്രസിഡന്റും നിലവിലെ ട്രസ്റ്റി ചെയറുമായ വനജ നായര്‍ ശ്രീനാരായണ അസോസിയേഷനിലും അയ്യപ്പ സേവ സംഘത്തിലും സജീവ സാന്നിധ്യവുമാണ്. ആകര്‍ഷകമായ പെരുമാറ്റം കൊണ്ട് സമൂഹത്തില്‍ ഒരു വലിയ സുഹൃത്വലയത്തെ സൃഷ്ടിച്ചിട്ടുള്ള ഇവര്‍ മെഡിക്കല്‍ മേഖലയില്‍ നേഴ്‌സ് പ്രാക്റ്റീഷണറായും

യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ പാര്‍ട്ട് ടൈം നേഴ്‌സിംഗ് അദ്ധ്യാപികയായും ജോലി ചെയ്യുന്നു.

ട്രസ്റ്റീ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന സുധീര്‍ പ്രയാഗ കെ.എച്ച്.എന്‍.എ.

മുന്‍ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ് അംഗവും നിലവില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്. ഫര്‍മസ്യൂട്ടിക്കല്‍ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനമായ സൈന്റ് ലൂയിസ് ആന്റി ബോഡി റീസേര്‍ച്ച് സെന്ററിന്റെ പ്രസിഡന്റും സി.ഇ.ഒ.യുമായ ഡോ: സുധീര്‍ പ്രതിരോധ ഔഷധ ഗവേഷണ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു ശാസ്തജ്ഞന്‍ കൂടിയാണ്.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തോടൊപ്പം കേരളത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്ന സുധീര്‍ സെയിന്റ് ലൂയിസിലെ ഓങ്കാരം എന്ന ഹൈന്ദവ കൂട്ടായ്മയുടെ സ്ഥപക അംഗവും മുന്‍ പ്രസിഡന്റും കൊച്ചി ഹിന്ദു ഇക്കണോമിക് ഫോറം മെമ്പറും ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമാണ് .

2025 -27 കെ.എച്ച്.എന്‍.എ. ഭരണസമിതിയിലേക്ക് മത്സരിക്കുന്ന ടി . ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും പിന്തുണയും നല്കാന്‍ തങ്ങളുടെ വിപുലമായ പ്രവര്‍ത്തന പരിചയവും നേതൃപാടവവും സഹായകമാകുമെന്ന ശുഭ പ്രതീക്ഷയോടെ വനജ നായരും സുധീര്‍ പ്രയാഗയും കണ്‍വന്‍ഷന്‍ പ്രതിനിധികളുടെ അംഗീകാരം അഭ്യര്‍ത്ഥിക്കുന്നു.

Similar News