കോങൂര്‍പ്പിള്ളി ശങ്കരനാരായണന്‍ നമ്പൂതിരിക്കും ഉമേഷ് നരേന്ദ്രനും കെ എല്‍ എസ്സിന്റെ ആദരവ്

Update: 2024-09-11 12:39 GMT

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: ഡാലസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോകസദസ്സില്‍അമേരിക്കയിലും കേരളത്തില്‍ നിന്നുമുള്ള നൂറില്‍പ്പരം അക്ഷരശ്ലോക ആസ്വാദകരുംഭാഷാസ്‌നേഹികളും പങ്കെടുത്തു. ആഗസ്റ്റ് 31 നു ആയിരുന്നു കെ എല്‍ എസ്സിന്റെ മൂന്നാമത്തെ അക്ഷരശ്ലോക പരിപാടി. സൂം ഓണ്‍ലൈനിലൂടെ പങ്കെടുക്കാനും അവസരം ഒരുക്കി.

അക്ഷരശ്ലോകനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചു നടത്തപ്പെട്ട പരിപാടിയില്‍ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ശ്രീ. ഉമേഷ് നരേന്ദ്രന്‍ (യു എസ് എ) പ്രധാന അവതാരകനായി പങ്കെടുത്തു.ഒപ്പം അക്ഷരശ്‌ളോകരംഗത്ത് അറിയപ്പെടുന്ന  കെ ശങ്കരനാരായണന്‍ നമ്പൂതിരിയും ഡാലസ്സില്‍ എത്തി പങ്കുചേര്‍ന്നു.

അക്ഷരശ്‌ളോകരംഗത്ത് ദീര്‍ഘകാല പരിചയവും പ്രാഗല്‍ഭ്യവും നേടിയ ശ്രീ കോങൂര്‍പ്പള്ളി ശങ്കരനാരായണന്‍ നമ്പൂതിരിയ്ക്കു പൊന്നാടയും പ്രശംസാഫലകവും നല്‍കി കെ എല്‍ എസ് ആദരിച്ചു. പ്രസിഡന്റ്റ് ഷാജു ജോണ്‍ കൈമാറിയ പ്രസ്തുതപ്രശംസാഫലകത്തില്‍ ഹരിദാസ് മംഗലപ്പള്ളി എഴുതിയ ശ്ലോകം ഇപ്രകാരം ചേര്‍ത്തിരുന്നു.

'അതിശയമികവോടേയക്ഷരശ്‌ളോകദീപ-

ദ്യുതി, തിരിതെളിയിച്ചും സ്‌നേഹമേറെപ്പകര്‍ന്നും

മതിസമമുലകെങ്ങും തൂകി മോദിച്ചു വാഴും

ക്ഷിതിസുര! ഇവിടം ത്വത് പ്രാഭവത്താല്‍ സുധന്യം!'

ഒപ്പം അവതാരകനായി സ്തുത്യര്‍ഹസേവനമനുഷ്ഠിച്ച ഉമേഷ് നരേന്ദ്രനും കെ എല്‍ എസിന്റെ ആദരവ് ഏറ്റുവാങ്ങി. കെ എല്‍ എസിന്റെ ഇതുവരെയുള്ള ഏല്ലാ അക്ഷരശ്ലോകപരിപാടികളും ഉമേഷിന്റെ നേതൃത്വത്തിലാണു നടന്നിട്ടുള്ളത്. ഉമേഷ് നരേന്ദ്രന്റ ലളിതഅവതരണം ആസ്വാദ്യകരമാക്കിയ ഈ മലയാള ശ്ലോകസദസ്സില്‍ അമേരിക്കയില്‍ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ധരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വര്‍മ്മ, ബിന്ദു വര്‍മ്മ, സീമ രാജീവ് ( കാനഡ) എന്നിവരും സൂമില്‍ പങ്കുചേര്‍ന്നു.

കേരളത്തില്‍ നിന്ന് മറ്റനേകര്‍ക്കൊപ്പം  കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും പരിപാടിയില്‍ പങ്കെടുത്തു. സ്ഫുടവും ചടുലവുമായി ശ്ലോകം ചൊല്ലി ചെറിയകുട്ടികളായ ആരാധ്യയും ഗായത്രിയും വേറിട്ട പ്രകടനത്താല്‍ ശ്രദ്ധേയരായി. കുട്ടികള്‍ക്കു പാരിതോഷികമായി ശ്രീ അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്റെ 'സാരസ്വതം ' എന്ന ശ്ലോകസമാഹാരഗ്രന്ഥങ്ങള്‍ കെ ഏല്‍ എസ് സമ്മാനിച്ചു.

ശ്രോതാക്കള്‍ക്കും ശ്ലോകങ്ങള്‍ ചൊല്ലുവാന്‍ അവസരമുണ്ടായിരുന്നു. മനോഹര്‍ തോമസ്, ഹരിദാസ് തങ്കപ്പന്‍ എന്നിവരും കെ എല്‍ എസ് ലാന പ്രതിനിധികളായി ശ്ലോകങ്ങള്‍ ചൊല്ലി.ഖജാന്‍ജി . സി. വി. ജോര്‍ജ്ജ് കൃതജ്ഞതപ്രസംഗം മുഴുവനും ശ്ലോകഭാഷയില്‍ ചൊല്ലിയതു അതീവശ്രദ്ധേയമായി.

Tags:    

Similar News