സഞ്ചരിക്കുന്ന ലൈബ്രറി - അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു ലാനയുടെ ആദരം
- കോരസണ്‍
അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു ലാനയുടെ ആദരം നല്‍കപ്പെട്ടു. പതിറ്റാണ്ടുകളായി ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അമേരിക്കന്‍ മലയാളി അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ സാഹിത്യസംഭാവനകളെ മാനിച്ചു, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന), ആദരിച്ചു.
സഞ്ചരിക്കുന്ന ലൈബ്രറി എന്ന് അറിയപ്പെടുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളം, അമേരിക്കയില്‍ നടക്കുന്ന ഒട്ടുമിക്ക സാഹിത്യ സമ്മേളനങ്ങളിലും അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്തക ശേഖരവുമായി പോകാറുണ്ട്. ഒക്കെ അവിടെ ശ്രദ്ധേയമായ രീതില്‍ പെറുക്കിനിരത്തിവച്ച് അതിനു കാവലിരിക്കുന്ന അബൂക്ക എഴുത്തുകാരുടെ ഹൃദയസൂക്ഷിപ്പുകാരനായി മാറിയിട്ട് കാലമേറെയായി. ഇപ്പോള്‍ മലയാള സമ്മേളങ്ങളില്‍ അബൂക്കയെ കണ്ടില്ലെങ്കില്‍ ആളുകള്‍ തിരക്കിയിറങ്ങുന്ന സ്ഥിതിവിശേഷമായി. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഇതുവരെയിറങ്ങിയിട്ടുള്ള ഒട്ടുമിക്ക കൃതികളെല്ലാം അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഓരോ സമ്മേളനത്തിനും ഭാരമുള്ള ഈ പുസ്തകപെട്ടിയുമായി ഡെട്രോയ്റ്റിലില്‍ നിന്നും യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് മടിയില്ല. നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്കു കോണില്‍ പലപ്പോഴും എന്നെയും പിടിച്ചിരുത്താറുണ്ട്. 'എനിക്കു പ്രായമായി, ഇനിയും ആരെങ്കിലും ഏതു ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം' അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്.
സ്വയം ഏറ്റെടുത്ത ഈ അക്ഷരദൗത്യം സാഹിത്യലോകത്തെ ആദരത്തിനു അദ്ദേഹത്തെ അര്‍ഹനാക്കി. മറ്റുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാതെ താന്‍ എഴുതുന്നതുമാത്രം നിരന്തരം മുന്നോട്ടു പ്രതിഷ്ഠിക്കുന്ന ചെറിയ എഴുത്തുകാരുടെ ലോകത്തു, സ്വന്തം കൃതികള്‍ക്കൊപ്പം മറ്റുള്ള എല്ലാ എഴുത്തുകാരുടെയും കൃതികള്‍ താല്പര്യപൂര്‍വ്വം ചേര്‍ത്തുവയ്ക്കുകയും അതിനൊപ്പം നില്‍ക്കുകയും ചെയ്യുക എന്ന വിശാലത ശ്രീ. പുന്നയൂര്‍ക്കുളത്തിനുണ്ട് എന്നു ലാനയുടെ പ്രസിഡന്റ് ശങ്കര്‍ മന പറഞ്ഞു.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2വരെ ഡാലസില്‍ വച്ചു നടന്ന വാര്‍ഷിക സമ്മേളനത്തില്‍. പുന്നയൂര്‍ക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍' എന്ന പുതിയ നോവല്‍ പ്രകാശനം ചെയ്തു.