ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2025 മികച്ച സംഘടന പുരസ്‌കാരം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ
ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌കാരം കരസ്ഥമാക്കി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH). ന്യൂ ജേഴ്‌സിയിലെ എഡിസണ്‍ നഗരത്തില്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടന്ന ഐപിസി എന്‍ എ 11 മത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ചായിരുന്നു അവാര്‍ഡ് നല്‍കി ആദരിച്ചത്.
സാമൂഹ്യ സാംസ്‌കാരിക കായിക ആരോഗ്യ രംഗങ്ങളില്‍ ഉള്ള മികച്ച സംഭാവനകളാണ് അവാര്‍ഡിനര്‍ഹം ആക്കിയത്. പ്രസിഡന്റ് ജോസ് കെ ജോണ്‍, സെക്രട്ടറി രാജേഷ് കെ വര്‍ഗീസ്, ട്രഷറര്‍ സുജിത്ത് ചാക്കോ, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയ്, ട്രസ്റ്റി ബോര്‍ഡ് അംഗം അനില്‍ ആറന്മുള, മുന്‍ വൈസ് പ്രസിഡന്റ് സൈമണ്‍ വാളാച്ചേരില്‍ എന്നിവര്‍ കൊല്ലം എംപി എം. കെ. പ്രേമചന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.
ഈ ബഹുമതി മാഗിന്റെ ബോര്‍ഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. പുരസ്‌കാരം എല്ലാ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു. പ്രസിഡന്റ് ജോസ് കെ ജോണ്‍ പറഞ്ഞു.തദവസരത്തില്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ജോണി ലൂക്കോസ് ഹാഷ്മി താജ് ഇബ്രാഹിം ലീന്‍ ബി ജെസ്മസ് സുജയ പാര്‍വതി അഭിജോത് വര്‍ഗീസ് മോത്തി രാജേഷ് ഐപിസി എന്‍ എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, നാഷണല്‍ ട്രഷറര്‍ വിശാഖ് ചെറിയാന്‍, നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള എന്നിവര്‍ക്കൊപ്പം മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
1987 ല്‍ ആരംഭിച്ച മാഗ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനകളില്‍ ഒന്നാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളില്‍ നടത്തുന്ന സേവനങ്ങള്‍ ചെറുതല്ല. ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് ഫുട്‌ബോള്‍ ചെസ്സ് ബാഡ്മിന്റണ്‍ മുതലായ കായിക മത്സരങ്ങളിലൂടെ കായികരംഗത്ത് നടത്തുന്ന ഇടപെടലുകളും പ്രോത്സാഹനങ്ങളും മാഗിന്റെ പ്രവര്‍ത്തനങ്ങളെ വേറിട്ടു നിര്‍ത്തുന്നു. തുടര്‍ച്ചയായി ഹെല്‍ത്ത് ഫെയര്‍, ബ്ലഡ് ഡ്രൈവ് എന്നിവ നടത്തുന്നതിലൂടെ ആരോഗ്യ രംഗത്തെ പ്രതിബദ്ധതയും മുഖമുദ്രയാണ്. ഓണം ക്രിസ്മസ് മുതലായ സാംസ്‌കാരിക ആഘോഷങ്ങള്‍ക്കൊപ്പം പാസ്‌പോര്‍ട്ട് ഫെയര്‍ ടാക്‌സ് ഇന്‍ഷുറന്‍സ് സംബന്ധിച്ച സെമിനാറുകളും ആരോഗ്യ സെമിനാറുകളും വര്‍ഷാവര്‍ഷം നടത്താറുണ്ട്. ഈ വര്‍ഷം ഏതാണ്ട് 27 ഓളം പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ഏഴര ലക്ഷം രൂപ ചെലവില്‍ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വീടിന്റെ പണി പൂര്‍ത്തിയായി വരുന്നു. സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആണ് മാഗിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.