എന്‍. എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ന്യൂയോര്‍ക്ക്: എന്‍. എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ വിഷു ആഘോഷം ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ 4 മണി വരെ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഗൃഹാതുരത്വമുണര്‍ത്തുന്ന വിഷുക്കണിയോടെ വിഷു ആഘോഷത്തിനു തുടക്കം കുറിച്ചു. സീനിയര്‍ മെമ്പര്‍ ഡോ.പി.ജി. നായര്‍ എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി. ട്രഷറര്‍ കൃഷ്ണകുമാര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. പ്രഥമ വനിത ജഗദമ്മ നായര്‍, പ്രസിഡന്റ് ജി.കെ. നായര്‍, സെക്രട്ടറി പത്മാവതി നായര്‍, ട്രഷറര്‍ കൃഷ്ണകുമാര്‍, വിശിഷ്ടാതിഥി ഡോ.പി.ജി. നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
സെക്രട്ടറി കാര്യപരിപാടികള്‍ വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസിഡന്റ് ജി.കെ. നായര്‍ സംഘടനയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, സ്‌കോളര്‍ഷിപ്പ് വിതരണം, വയനാട് ദുരന്ത നിവാരണ സഹായം, താങ്ക്‌സ് ഗിവിംഗിനോടും ദീപാവലിയോടും അനുബന്ധിച്ചു നടത്തുന്ന ''ഫുഡ് ഡ്രൈവ്'' എന്നിവയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് വിഷു ആശംസകള്‍ നേര്‍ന്നു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പ് വിഷു സന്ദേശം നല്‍കി. അമേരിക്കയിലും വേലിപ്പടര്‍പ്പുകളില്‍ കര്‍ണികാരം പൂത്തുലഞ്ഞതു പോലുള്ള മഞ്ഞപ്പൂക്കള്‍ പ്രപഞ്ചത്തിലാകമാനം വരുന്ന മാറ്റങ്ങളുടെയും വിഷുവിന്റെയും ആമോദം ആഗോളതലത്തില്‍ ''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'' എന്ന സമഭാവനയുടെ തുടക്കമാവട്ടെയെന്ന് ആശംസിച്ചു. ഡോ. പി.ജി. നായര്‍, മന്ത്ര നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹന്‍, എന്‍.ബി.എ. മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ വിഷു ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ജയകുമാര്‍-രജനി ദമ്പതികളുടെ മക്കള്‍ ദേവ് നായരും ധീരജ് നായരും മധുരമനോജ്ഞമായി വിഷുഗീതങ്ങള്‍ ആലപിച്ചു. മുരളീധര പണിക്കര്‍ വിഷുവിന്റെ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആകര്‍ഷകമായ ഗാനം ആലപിച്ചു. തുടര്‍ന്ന് ജനുവരി മുതല്‍ മാര്‍ച്ചു വരെ ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെയും കുട്ടികളുടെയും ബര്‍ത്ത് ഡേ കേക്കു മുറിച്ച് ആഘോഷിച്ചു. അതില്‍ സീനിയര്‍ മെമ്പറായ ഡോ. പി.ജി.നായരും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടി അംഗങ്ങള്‍ പ്രത്യേക ആശീര്‍വാദവും പ്രാര്‍ത്ഥനാഗാനങ്ങളും കൊണ്ട് ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചു.
സിത്താര്‍ പാലസ് പ്രത്യേകം തയ്യാറാക്കിയ സ്വാദിഷ്ടമായ വിഷു സദ്യയോടെയും വിവിധ കലാപരിപാടികളോടെയും വിഷു ആഘോഷം വര്‍ണ്ണപ്പൊലിമയോടെ സമാപിച്ചു. സെക്രട്ടറി പത്മാവതി നായര്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ കൂട്ടായ്മയുടെ ആനുകാലിക പ്രസക്തിയും അതുകൊണ്ട് ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന സാംസ്‌കാരിക പാരമ്പര്യവും കുട്ടികള്‍ കാണിക്കുന്ന ഔത്സുക്യത്തെയും പ്രശംസിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍