അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

Update: 2025-10-10 13:56 GMT

ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ 2025 ഒക്ടോബര്‍ നാലാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

2014-ല്‍ ആരംഭിച്ച അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മേഖലയിലുള്ള മലയാളികളുടെ ഈ കൂട്ടായ്മ പിക്നിക്കും ഓണാഘോഷങ്ങളും പതിവായി നടത്തിവന്നിരുന്നു. ഈ വര്‍ഷം, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷന്‍ ആയി രജിസ്റ്റര്‍ ചെയ്തു പ്രവത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ തീരുമാനിക്കുകയും 'അപ്പര്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷ്ന്‍ ഇന്‍ക് (Upper Westchester Malayalee Association Inc.) എന്ന പേര് സ്വീകരിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റ് ജോജി കാവനാല്‍, വൈസ് പ്രസിഡന്റ് സജി പീച്ചാട്ട്, സെക്രട്ടറി ചെറിയാന്‍ പൂപ്പള്ളി, ജോയിന്റ് സെക്രട്ടറി രഞ്ജിന്‍ രവീന്ദ്രന്‍, ട്രഷറര്‍ ബിജു കരുണാകരന്‍, ജോയിന്റ് ട്രഷറര്‍ സാജു പീച്ചാട്ട് എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി വിത്സണ്‍ മത്തായി, ജിബി തോമസ്, ആന്റണി ആലപ്പാട്ട്, ജോബി ചക്കാലക്കല്‍, ലാജന്‍ ജോസ്, ഷിനു ജോസഫ്, സിബില്‍ തോമസ് എന്നിവരെയും, അഡ്വ. ഗീവര്‍ഗീസ് തങ്കച്ചന്‍ ലീഗല്‍ അഡൈ്വസര്‍ ആയും, സുനില്‍ കോശി പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍/അമേരിക്കന്‍ ദേശീയ ഗാനാലാപലനത്തിനു ശേഷം പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ജോജി കാവനാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.ഓണാഘോഷത്തില്‍ കൗണ്ടി ലെജിസ്ലേറ്റീവ് Vedat Gashi മുഖ്യാഥിതിയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കന്‍ റീജിയന്‍ ഡയറക്ടര്‍ ഡോ. കൃഷ്ണ കിഷോര്‍ ഓണ സന്ദേശം നല്‍കി.

തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരയും, ലിസ ജോസഫിന്റെ നേതൃത്വത്തിലുള്ള നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ Eeshana Mullappalliy, Sarisha Sankara Narayanan എന്നിവര്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സും, Anika Shah അവതരിപ്പിച്ച ഭരതനാട്യവും ഏറെ ശ്രദ്ധേയമായി. തിരുവോണ ഓര്‍മകള്‍ ഉണര്‍ത്തി അതിമനോഹരമായി തസീന്‍ ആലപിച്ച ഗാനങ്ങള്‍ ഓണാഘോഷം ഏറ്റവും ഹൃദ്യമാക്കി. മാസ്റ്റര്‍ ഓഫ് സെറിമണിയായി സമീറാ കാവല്‍ പ്രോഗ്രാം നിയന്ത്രിച്ചു.

സെക്രട്ടറി ചെറിയാന്‍ പൂപ്പള്ളിയുടെ ഹൃദ്യമായ നന്ദിപ്രമേയത്തില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികള്‍ക്കും, തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധവും ആസ്വാദ്യകരവുമായ ഓണസദ്യ ഒരുക്കിയ വൈറ്റ്‌പ്ലെയിന്‍സിലെ ഇന്ത്യാ കഫേയ്ക്കും, സൗണ്ട് സിസ്റ്റം ചെയ്ത മനോജ്, ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍, ഹാള്‍ അനുവദിച്ച ചര്‍ച്ച് ഭാരവാഹികള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു .

സൗഹൃദത്തിന്റെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമായി അവസാനിച്ചു

വാര്‍ത്ത: സുനില്‍ മഞ്ഞിനിക്കര

Similar News