മാനസികാരോഗ്യം സംരക്ഷിക്കാന്‍ റിലീഫ് കോര്‍ണര്‍ സൗജന്യ ഓണ്‍ലൈന്‍ സേവനം ഉദ്ഘാടനം ചെയ്തു
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പലപ്പോഴും മാനസികാരോഗ്യവും അനുബന്ധ പ്രശ്‌നങ്ങളും യഥാസമയം പരിഹരിക്കപ്പെടുന്നില്ല. നമ്മുടെ മാനസികാരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ അത് വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, അക്രമ വാസന, ഏകാന്തത, സാമ്പത്തിക ഭാരം, ജോലി നഷ്ടപ്പെടല്‍, സാമൂഹികമായ ഒറ്റപ്പെടല്‍ തുടങ്ങിയവയ്ക്ക് കാരണമാകും.
ശിഥിലമായ ബന്ധങ്ങള്‍, തകരുന്ന കുടുംബങ്ങള്‍, മറ്റ് പെരുമാറ്റ പ്രശ്‌നങ്ങള്‍, മദ്യം, മയക്കുമരുന്ന്, മറ്റ് വസ്തുക്കള്‍, സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് അടിമപ്പെടുന്നതിന് അനാരോഗ്യകരമായ മനസ്സ് കാരണമാകും. ചികിത്സയും സഹായവും വിരല്‍ത്തുമ്പിലാണെങ്കിലും പലരും മുന്നോട്ട് വരാനും സഹായം തേടാനും മടിക്കുന്നു. കാര്യങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെയും ഉള്‍ക്കാഴ്ചയുടെയും അഭാവം, സ്വന്തം പ്രശ്‌നങ്ങള്‍ മറ്റൊരാളോട് പങ്കിടാനുള്ള ഭയം, നമ്മുടെ തനതായ സംസ്‌കാരം, നിഷേധാത്മകമായ വീക്ഷണം, മാനസിക രോഗങ്ങളെക്കുറിച്ചും ആസക്തികളെക്കുറിച്ചും ഉള്ള സാമൂഹിക അപമാന ഭയം എന്നിവ സഹായം തേടാന്‍ മടിക്കുന്ന കാരണങ്ങളാകാം.
നമ്മുടെ മലയാളി സമൂഹത്തിന്റെ ഈ വിനാശകരമായ സാഹചര്യങ്ങളെ നേരിടുവാന്‍ ഡോ. സജി മത്തായി ഒരു ഓണ്‍ലൈന്‍ സൗജന്യ സേവന പദ്ധതി സ്വപ്നം കണ്ടു. ഒരു ഐടി സ്‌പെഷ്യലിസ്റ്റായ ഡോ. സജി കൗണ്‍സിലിംഗില്‍ മാസ്റ്റേഴ്‌സും പി. എച്ച്ഡി. യും നേടി. ദൈവാനുഗ്രഹത്താലും സേവന മനോഭാവമുള്ളവരും ദയയുള്ളവരുമായ ആളുകളുടെ പിന്തുണയാലും 2024, ഒക്ടോബര്‍ 27 ന് ഒരു ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ റിലീഫ് കോര്‍ണര്‍ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്നം ലോകത്തിന് സമര്‍പ്പിച്ചു.
അമേരിക്കന്‍, കനേഡിയന്‍, ഇന്ത്യന്‍ മലയാളികളുടെ മാനസികാരോഗ്യ വികസനത്തെ പിന്തുണയ്ക്കുന്നതിനും വീണ്ടെടുക്കുന്നതിനും സൗജന്യ സഹായം വാഗ്ദാനം ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ലോകമെമ്പാടും സേവനം വ്യാപിപ്പിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യവും സ്വപ്നവും. അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി പ്രമുഖരും യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധരും ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും അവരുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ വ്യക്തിപരവും ഹൃദയസ്പര്‍ശിയായതുമായ സന്ദേശങ്ങള്‍ പങ്കുവെക്കുകയും മലയാളികളെ സഹായിക്കുന്നതിനുള്ള മഹത്തായതും സുപ്രധാനവുമായ ഈ സംരംഭത്തിന് ഡോക്ടര്‍ സജി മത്തായിയെയും അദ്ദേഹത്തിന്റെ ടീമംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.
ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂസ് ഉല്‍ഘാടനം നിര്‍വഹിക്കുകയും തന്റെ പിന്തുണ പങ്കുവെക്കുകയും സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രശസ്ത സൈക്കോളജിസ്റ്റും അഡിക്ഷന്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റുമായ ഡോ. സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുരയ്ക്ക് (ട്രാഡ ഡയറക്ടര്‍) ചില അപ്രതീക്ഷിത കാരണങ്ങളാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ ഡോ. ജോവാന്‍ ചുങ്കപ്പുര സൗജന്യമായി സേവനമനുഷ്ഠിക്കുന്ന റിലീഫ് കോര്‍ണറിലെ പ്രൊഫഷണലുകളുടെ ടീമില്‍ അംഗമാണെന്ന് ഡോ. സജി മത്തായി വളരെ താഴ്മയോടെ പങ്കുവെച്ചു. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ് ഈ സംരംഭത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അഭിനന്ദിച്ചു.. ഐപ്പ് തോമസ്, തന്റെ ജീവിതാനുഭവത്തിലൂടെ മദ്യപാനികളേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം പങ്കുവച്ചു. മദ്യപാന ആസക്തിയില്‍ നിന്ന് കരകയറാന്‍ സഹായം ആവശ്യമുള്ള എല്ലാവരെയും മുന്നോട്ട് വരാനും സഹായം നേടാനും പ്രോത്സാഹിപ്പിച്ചു.
അലക്‌സാണ്ടര്‍ ജേക്കബ് ആസക്തി ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഊന്നിപ്പറയുകയും പങ്കുവെക്കുകയും ചെയ്തു. മറ്റ് പ്രശസ്ത കൗണ്‍സിലര്‍മാരായ അഡ്വ. ഡോ. മാത്യു വൈരമണ്‍, ഡോ. തോമസ് പി. മാത്യു, ഡോ. ഫ്രാന്‍സിസ് ജേക്കബ്, പാട്രിക് എം കല്ലട എന്നിവരും ഈ മഹത്തായ സേവനത്തെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ ആഗ്രഹവും സന്നദ്ധതയും പങ്കുവെച്ചു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കുമ്മനം ശശികുമാറും കാര്‍ട്ടൂണിസ്റ്റ് പന്തളം ബാബുവും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും സംഗീതത്തിന്റെയും കലയുടെയും പ്രാധാന്യം പങ്കുവെക്കുകയും വെര്‍ച്വല്‍ ക്ലാസുകള്‍ നല്‍കാനുള്ള പൂര്‍ണ പിന്തുണയും സന്നദ്ധതയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ റിലീഫ് കോര്‍ണര്‍ ഗ്രൂപ്പ് സഹായിച്ചതെങ്ങനെയെന്ന് അല്‍ഫോന്‍സി ജെയിംസ് അഭിമാനത്തോടെ പങ്കുവെച്ചു. ഈ ടീമില്‍ നിന്ന് തനിക്ക് ലഭിച്ച എല്ലാ പിന്തുണക്കും സഹായത്തിനും അല്‍ഫോന്‍സി നന്ദി അറിയിച്ചു. ശ്രീ ഐപ്പ് തോമസ് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക ഉദ്ഘാടനം സമാപിച്ചു.
വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും വളരെ രഹസ്യാത്മകവും വിശ്വസനീയവും, ആത്മീയതയ്ക് പ്രാധാന്യം നല്‍കുന്നവയാണ്. പരിചയസമ്പന്നരായ കൗണ്‍സിലര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, അഡിക്ഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, ലൈഫ് കോച്ചുകള്‍, കാര്‍ട്ടൂണിസ്റ്റുകള്‍, സംഗീതജ്ഞര്‍ എന്നിവരടങ്ങുന്ന ടീം സേവനം ചെയ്യാന്‍ തയ്യാറായിരിക്കുന്നു. ഡോ. സജി മത്തായിയും സംഘവും, ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താന്‍ നിങ്ങളെ എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ബഹുമാന്യരായ വായനക്കാരോട് ഇത് സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും കമ്മ്യൂണിറ്റികളുമായും പങ്കിടാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഏതൊരു വൈദഗ്ധ്യമോ കഴിവുകളോ ഉപയോഗിച്ച് ഈ ഉദ്യമത്തെ പിന്തുണയ്ക്കാന്‍ തയ്യാറുള്ളവര്‍ മുന്നോട്ട് വരിക. നമുക്കൊരുമിച്ച് ഒരു മാറ്റമുണ്ടാക്കാം. മാനസികമായി സുശക്തമായ ഒരു സമൂഹത്തിനായി നമുക്ക് സ്വപ്നംകാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി www.Reliefcorner.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.