ഗൃഹാതുരത്വസ്മരണകളുണര്‍ത്തി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണമാഘോഷിച്ചു

Update: 2024-09-24 12:12 GMT

ജീമോന്‍ റാന്നിഹൂസ്റ്റണ്‍: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകള്‍ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകള്‍ പാടി ''റാന്നി ചുണ്ടനും', അസ്സോസിയേഷന്‍ അംഗങ്ങളായ ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ എത്തിയ 'മാവേലി തമ്പുരാനും'' ഈ വര്‍ഷത്തെ ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (HRA) ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ ഹാളില്‍ വച്ച് നടത്തിയ ഓണാഘോഷ പരിപാടികള്‍ വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 14 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികള്‍ 4 മണിക്കൂര്‍ നീണ്ടു നിന്നു.

പ്രസിഡന്റ് ബാബു കൂടത്തിനാലില്‍ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയില്‍ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥി ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ ഓണസന്ദേശം നല്‍കി. റാന്നി സ്വദേശികളായ റവ. ഫാ. പ്രസാദ് കോവൂര്‍ കൊറെപ്പിസ്‌കോപ്പ(വികാരി, സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ഇടവക), റവ.സാം.കെ .ഈശോ (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ഇടവക) ഉപരക്ഷാധികാരി ജോയ് മണ്ണില്‍, വൈസ് പ്രസിഡണ്ട് എബ്രഹാം ജോസഫ് (ജോസ്),ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു ആഘോഷപരിപാടികളെ മികവുറ്റതാക്കിയപ്പോള്‍ ഗായകന്‍ കൂടിയായ റവ. ജീവന്‍ ജോണ്‍ (അസി.വികാരി, ട്രിനിറ്റി മാര്‍ത്തോമാ ഇടവക) പാടിയ ശ്രുതിമനോഹരമായ ഒരു ഗാനം ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി. മൂന്ന് വര്‍ഷക്കാലം പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ബാബു കൂടത്തിനാലിനെ പൊന്നാട നല്‍കി ആദരിച്ചു.

തുടര്‍ന്ന് ബിനു സക്കറിയയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ 'മാവേലി തമ്പുരാനെ'' വരവേറ്റു. ഹൂസ്റ്റണില്‍ പകരം വയ്ക്കാനില്ലാത്ത, ഒരു സുന്ദരമാവേലി'യായി റിച്ചാര്‍ഡ് സ്‌കറിയ 'മാവേലി തമ്പുരാനെ' ഉജ്ജ്വലമാക്കി.

തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ താളലയ മേളങ്ങളോടെ നടത്തിയ വള്ളം കളി ആഘോഷത്തെ മികച്ചതാക്കി. റാന്നിയിലെ എല്ലാ കരക്കാരുടെയും പേരുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച വഞ്ചിപ്പാട്ട് രചിച്ചത് എച്ച്ആര്‍എയുടെ ഉറ്റ സുഹൃത്തും റാന്നി ഗുഡ് സമരിറ്റന്‍ സൊസൈറ്റി ചെയര്‍മാന്‍ റവ.ഫാ. ബെന്‍സി മാത്യു കിഴക്കേതിലും ഈണം നല്‍കിയതു പ്രശസ്ത വഞ്ചിപ്പാട്ട് ഇന്‍സ്സ്ട്രക്ടര്‍ ഓമനക്കുട്ടന്‍ അയിരൂരുമാണ്.

ഹൂസ്റ്റണിലെ മികച്ച ഗായകരായ മീരാ സഖറിയാ, റോയ് തീയാടിക്കല്‍, മെവിന്‍ പാണ്ടിയത്ത്, ജോസ് മാത്യൂ, സജി വര്‍ഗീസ് തുടങ്ങിവരുടെ മധുരഗാനങ്ങള്‍ കാണികളുടെ നിറഞ്ഞ കൈയടി നേടി. ബാബു കൂടത്തിനാലില്‍, ജോമോന്‍ ജേക്കബ് എന്നിവരതരിപ്പിച്ച കോമഡി സ്‌കിറ്റും സദസ്സില്‍ ചിരി പടര്‍ത്തി.

ജോ.സെക്രട്ടറി വിനോദ് ചെറിയാന്റെ നേതൃത്വത്തില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച 'കിച്ചന്‍ ഡാന്‍സ് ' ആഘോഷത്തെ മികവുറ്റതാതാക്കി.ഈ വര്‍ഷത്തെ റാന്നി 'മന്നന്‍' 'മങ്ക' ദമ്പതികളായി ജോസ് പുതിയമഠവും സാലമ്മ ജോസും തിരഞ്ഞെടുക്കപ്പെട്ടു. .

റെജിസ്‌ട്രേഷന് മിന്നി ജോസഫ്, ഷീലാ ചാണ്ടപ്പിള്ള , ഷീജ ജോസ്, ജോളി തോമസ് , നിസ്സി രാജന്‍, എന്നിവര്‍ നേതൃത്വം നല്‍കി. സൗണ്ട്‌സ് സിസ്റ്റം ബിജു സക്കറിയ കളരിയ്ക്കമുറിയിലും ഡിലന്‍ സക്കറിയയും കൈകാര്യം ചെയ്തപ്പോള്‍ ബാബു കലീനയും ജെഫിന്‍ നൈനാനും ഫോട്ടോഗ്രാഫിയില്‍ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങള്‍ ഒപ്പിയെടുത്തു. ഡാളസിനെ പ്രതിനിധീകരിച്ചു ബിജു പുളിയിലേത്തും കുടുംബവും പങ്കെടുത്തു.

വിഭവസമൃദ്ധമായ 22 ഇനങ്ങളടങ്ങിയ ഓണസദ്യ വിളമ്പലിനു ജോണ്‍.സി ശാമുവേല്‍ (കുഞ്ഞു), ജോയ് മണ്ണില്‍, വിനോദ് ചെറിയാന്‍, വിജു വര്ഗീസ്, റിജു ജോണ്‍, മാത്യൂസ് ചാണ്ടപിള്ള, എബ്രഹാം ജോസഫ് (ജോസ്),ജോസ് മാത്യു,ഷിജു തച്ചനാലില്‍, സി.ജി.ഡാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജിന്‍സ് മാത്യു കിഴക്കേതിലും ബിനു സക്കറിയയും എംസിമാരായി പ്രവര്‍ത്തിച്ചു പരിപാടികള്‍ നിയന്ത്രിച്ചു.വൈസ് പ്രസിഡണ്ട് മാത്യൂസ് ചാണ്ടപ്പിള്ള നന്ദി പ്രകാശിപ്പിച്ചു.200 നടുത്ത് ആളുകള്‍ പങ്കെടുത്ത റാന്നി ഓണം 2024 എന്നെന്നും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുമെന്ന് പങ്കെടുത്തവര്‍ എല്ലാവരും അഭിപ്രായപ്പെട്ടു.

Tags:    

Similar News