സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാര്‍ നൈറ്റ് 2025 മെയ് ജൂണ്‍ മാസങ്ങളില്‍ അമേരിക്കയില്‍ എത്തുന്നു
ന്യൂ ജേഴ്‌സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാന്‍ പ്രിയ താരങ്ങളുടെ വമ്പന്‍ താര നിരയാണ് അമേരിക്കന്‍ യാത്രയില്‍ പങ്കെടുക്കുക. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാര്‍ നൈറ്റ് മെഗാ ഇവന്റില്‍ മലയാളികളുടെ പ്രിയ താരങ്ങളായ നടി സാനിയ ഇയ്യപ്പന്‍, മാളവിക മേനോന്‍, ഗായകന്‍ ശ്രീനാഥ്, ഗായിക രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍, നടന്‍ രാഹുല്‍ മാധവ്, മണിക്കുട്ടന്‍, സംഗീതഞ്ജരായ മനോജ് ജോര്‍ജ്, അനുപ് കോവളം, പാലക്കാട് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് അമേരിക്കന്‍ ഐക്യ നാടുകളില്‍ 2025 മെയ് ജൂണ്‍ മാസങ്ങളിലാണ് പ്രിയ താരങ്ങള്‍ പര്യടനവുമായി എത്തുക.
സാനിയ ഇയ്യപ്പന്‍ : മലയാള സിനിമയിലെ യുവ പ്രേതിഭകളില്‍ ഒരാളായ സാനിയ ഇയ്യപ്പന്‍ നടിയും മോഡലും ഡാന്‍സറുമാണ്. നൃത്തവും അഭിനയവും കൊണ്ട് ചെറുപ്പത്തില്‍ തന്നെ ശ്രദ്ധ നേടിയ സാനിയ, സിനിമാ ലോകത്ത് സ്വന്തം ഇടം കണ്ടെത്തി 2014-ല്‍, 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ചിത്രത്തിലൂടെ ആണ് സാനിയ ബാലതാരമായി സിനിമയിലെത്തുന്നത്. തുടര്‍ന്ന് 2018ല്‍ ക്വീന്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ മലയാള സിനിമയില്‍ നിലയുറപ്പിച്ചു. മികച്ച അഭിനയം കൊണ്ടും കഥാപാത്രത്തിന്റെ ശക്തിയാലും ശ്രദ്ധിക്കപ്പെട്ടു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രം മാത്രം മതി സാനിയ എന്ന അഭിനേത്രിയെ അടയാളപ്പെടുത്താന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച് തന്റെതായ ഇടം കണ്ടെത്തിയതോടെ സാനിയക്ക് വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചു. ഇന്ന് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ അഭിഭാജ്യ ഘടകമായി സാനിയ മാറി. മോഹന്‍ ലാലിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലും സാനിയയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും, സോഷ്യല്‍ മീഡിയയില്‍ മൂന്നു മില്യനോളം ഫോളോവെഴ്സുമായി നിറസാന്നിധ്യമാണ് സാനിയ.
മാളവിക മേനോന്‍ : മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായ അഭിനേത്രിയാണ് മാളവിക മേനോന്‍. കൂടാതെ മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക്ത്. അതെ വര്‍ഷം ഇറങ്ങിയ 916 എന്ന സിനിമയിലൂടെയാണ് മാളവിക മലയാളികള്‍ക്ക് സുപരിചിതയാവുന്നത് ഇന്ന് മലയാള മിനിമയില്‍ നിറ സാന്നിധ്യമായ മാളവിക നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ 'സര്‍ സി.പി.', 'മണ്‍സൂണ്‍', 'ജോണ്‍ ഹോനായി' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച മാളവിക, തമിഴ് സിനിമകളിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കൂടാതെ 'ഞാന്‍ മേരിക്കുട്ടി' (2018), 'ജോസഫ്' (2018) കടുവ, ഒരു സി ബി ഐ ഡയറിക്കുറിപ്പ് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായി . വിദേശങ്ങളില്‍ നടത്തപ്പെടുന്ന നിരവധി സ്റ്റാര്‍ നൈറ്റ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ മാളവിക മേനോന്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്സുമായി സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.
മണിക്കുട്ടന്‍ : വ്യത്യസ്തവും സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍. 2005 ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയില്‍ വരവറിയിച്ചത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മണിക്കുട്ടന്‍ നേരത്തെ പ്രിയങ്കരനായി തീര്‍ന്നിരുന്നു. തുടര്‍ന്ന് നിരവധി ചലച്ചിത്രങ്ങളില്‍ നായകന്‍, വില്ലന്‍, സഹനടന്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മായാവിയില്‍ മമ്മൂട്ടിക്ക് ഒപ്പവും ഛോട്ടാ മുംബൈ യിലും മരയ്ക്കാറിലും മോഹല്‍ലാലിനോപ്പവും ചെയ്ത കഥാപാത്രം ഇന്നും ആഘോഷിക്കപ്പെടുന്നവയാണ്. കൂടാതെ ബഡാ ദോസ്ത്, കളഭം, മായാവി, ബ്ലാക്ക് ക്യാറ്റ്, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, ട്വന്റി:20, മിന്നാമിന്നിക്കൂട്ടം, കുരുക്ഷേത്ര, പോസിറ്റീവ്, പാസഞ്ചര്‍, സ്വന്തം ലേഖകന്‍, വലിയങ്ങാടി , എല്‍സമ്മ എന്ന ആണ്‍കുട്ടി, ഡോക്ടര്‍ ലൗ, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ , കുഞ്ഞളിയന്‍, തട്ടത്തിന്‍ മറയത്ത് , ഹോട്ടല്‍ കാലിഫോര്‍ണിയ, ലോഹം, പാവാട, കരിങ്കുന്നം സിക്‌സസ്, മാസ്റ്റര്‍പീസ്, കമ്മാര സംഭവം , മാമാങ്കം, തൃശ്ശൂര്‍ പൂരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും മണിക്കുട്ടന്‍ ശ്രദ്ദേയമായ കഥാപാത്രങ്ങള്‍ ചെയ്തു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ എസ് എന്‍ സ്വാമിയുടെ സീക്രട്ട് എന്ന സിനിമയിലും വളരെ നിര്‍ണായകമായ വേഷം മണിക്കുട്ടന്‍ ചെയ്തു. 2021ല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 ലൂടെ മണിക്കുട്ടന്‍ വലിയ ജനപ്രീതി നേടി. വിനയത്തോടും മാന്യമായ രീതിയിലും മത്സരത്തില്‍ കഴിവ് തെളിയിച്ചതിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ബിഗ് ബോസ് ജയിച്ചതിന് ശേഷം, അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമാണ് ലഭിച്ചത്. ബിഗ് ബോസിലെ വിജയത്തോടെ, മണിക്കുട്ടന്റെ കരിയര്‍ മുന്‍പിലേക്കുള്ള ഒരു വലിയ ചുവടുവയ്പായി മാറി.
രാഹുല്‍ മാധവ് : മലയാള സിനിമയിലെ പ്രതിഭാശാലിയായ താരമാണ് രാഹുല്‍ മാധവ്. തന്റെ മനോഹരമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറി. 2009-ല്‍ പുറത്തിറങ്ങിയ 'അതേ നേരം അതേ ഇടം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാഹുല്‍ മാധവ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 'ബാങ്കോക്ക് സമ്മര്‍', 'വാടാമല്ലി', 'ഹാപ്പി ദര്‍ബാര്‍' തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍', 'പൊറിഞ്ചു മറിയം ജോസ്' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടു. തമിഴിലും കന്നടയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച രാഹുല്‍ മാധവ് തന്റെ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, തനി ഓരുവന്‍, മെമ്മറീസ്, 100 ഡേയ്സ് ഓഫ് ലവ്, കടുവ തുടങ്ങി ഇന്ന് റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ നിരവധി ചിത്രങ്ങളില്‍ ഭാഗമായിട്ടുണ്ട്. മലയാള സിനിമയിലെ മുന്‍നിര നടനായി മാറിയ രാഹുല്‍ സിനിമ പ്രേമികള്‍ക്കും ഏറെ പ്രിയങ്കരനാണ്. കോഴിക്കോട് ജനിച്ച രാഹുല്‍ മാധവ് തന്റെ തുറന്ന മനസ്സും സൗഹാര്‍ദ്ദപരമായ സ്വഭാവവും കൊണ്ട് സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ടവനാണ്. സിനിമയ്‌ക്കൊപ്പം മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. രാഹുല്‍ മാധവ് ഇപ്പോള്‍ നിരവധി പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. 2025ല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രാഹുലിന്റേതായി പുറത്തിറങ്ങാനുണ്ട്.
മനോജ് ജോര്‍ജ് : മനോജ് ജോര്‍ജ് ഒരു ബഹുമുഖ പ്രതിഭയാണ്. മലയാളത്തില്‍ മനോജ് ജോര്‍ജ് എന്ന പേര് കേള്‍ക്കുമ്പോള്‍ നിരവധി ചിത്രങ്ങളാണ് മനസ്സില്‍ തെളിയുന്നത്. സംഗീതം, അഭിനയം, തുടങ്ങി നിരവധി മേഖലകളില്‍ തന്റെ കഴിവുകള്‍ തെളിയിച്ച ഒരു പ്രതിഭയാണ് അദ്ദേഹം. സംഗീത ലോകത്ത് മനോജ് ജോര്‍ജ് ഒരു അതുല്യനായ വയലിന്‍ വിദഗ്ധനാണ്. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്ന് വയലിന്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, ഗ്രാമി പുരസ്‌കാരം നേടിയ 'Winds of Samsara' എന്ന ആല്‍ബത്തിന്റെ കണ്ടക്ടര്‍, സ്ട്രിങ് അറേഞ്ചര്‍, വയലിനിസ്റ്റ്, കോറല്‍ അറേഞ്ചര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മനോജ് ജോര്‍ജ് ബാംഗ്ലൂരില്‍ സ്വന്തമായി ഒരു സംഗീത സ്‌കൂള്‍ നടത്തുന്നു. അദ്ദേഹം തന്റെ അറിവും പരിചയവും പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതിന് മുഖ്യമായും ശ്രദ്ധിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓണ്‍ എയര്‍ പൊല്യൂഷന്‍ ആന്‍ഡ് ഹെല്‍ത്ത്, ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പ് തുടങ്ങിയ പ്രസിദ്ധമായ വേദികളില്‍ മനോജ് ജോര്‍ജ് പ്രകടനം നടത്തിയിട്ടുണ്ട്. സംഗീതത്തിനൊപ്പം അഭിനയത്തിലും മനോജ് ജോര്‍ജ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം നിരവധി സംഗീത രചനകളും നടത്തിയിട്ടുണ്ട്. 'സരസ്വതി' എന്ന അദ്ദേഹത്തിന്റെ ഓറിജിനല്‍ കമ്പോസിഷന് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡില്‍ നിന്ന് സില്‍വര്‍ മെഡല്‍ ലഭിച്ചിട്ടുണ്ട്. ഒരു സംഗീതജ്ഞനായെന്നതിനപ്പുറം, മനോജ് ജോര്‍ജ് ഒരു പ്രചോദനമാണ്. തന്റെ സംഗീതത്തിലൂടെ ലോകത്തെ സ്പര്‍ശിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.
ശ്രീനാഥ് : മലയാള സംഗീത ലോകത്തെ പ്രതിഭാശാലിയായ ഗായകനാണ് ശ്രീനാഥ്. പ്രത്യേകിച്ചും റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീനാഥ് പ്രശസ്തനായത്. ഏഷ്യാനെറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനാഥ് സംഗീത ലോകത്ത് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ ശ്രീനാഥ് ആലപിച്ച ഗാനങ്ങള്‍ വളരെ ജനപ്രിയമായിരുന്നു. പ്രത്യേകിച്ചും വിജയ് ആരാധകനായ ശ്രീനാഥ് ആലപിച്ച തമിഴ് ഗാനങ്ങള്‍ യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിരുന്നു. സിനിമയിലും ശ്രീനാഥ് സജീവമായിരുന്നു. 'ഒരു കുട്ടനാടന്‍ ബ്‌ളോഗ്', 'മേ ഹും മൂസ' എന്നീ ചിത്രങ്ങളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയത്തിനു ശേഷം ശ്രീനാഥ് നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിരുന്നു.
മഹേഷ് കുഞ്ഞുമോന്‍ : മലയാളികള്‍ക്ക് സുപരിചിതനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. നിരവധി പ്രശസ്തരുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന മഹേഷ്, അപകട ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഊമ്മന്‍ ചാണ്ടിയുടെയും പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും ശബ്ദം അനുകരിച്ചും പാട്ടുപാടിയും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അതുല്യ പ്രതിഭയാണ് മഹേഷ്. മഹേഷിന്റെ തൊണ്ടയില്‍ വഴങ്ങാത്ത ശബ്ദം ഇല്ലെന്നു വേണം പറയാന്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും ശബ്ദം ഏറെ കൃത്യതയോടെ അവതരിപ്പിക്കുന്ന മഹേഷ് ഇതിനകം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷന്‍ പരിപാടികളും ചെയ്തിട്ടുണ്ട്. എ ഐ സാങ്കേതിക വിദ്യയെ പോലും വെല്ലുന്നതാണ് മഹേഷിന്റെ ശബ്ദനുകാരണം എന്ന് സിനിമ താരങ്ങള്‍ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്റ്റേജ് ഷോകളില്‍ മഹേഷ് എത്തുമ്പോള്‍ തന്നെ കരഘോഷം ആണ്. തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കുന്ന വീഡിയോകള്‍ക്ക് നിരവധി കാണികളെ ലഭിക്കാറുമുണ്ട്.
രേഷ്മ രാഘവേന്ദ്ര : സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് രേഷ്മ രാഘവേന്ദ്ര. 2014 ല്‍ 'സ്റ്റാര്‍ സിംഗര്‍' എന്ന റിയാലിറ്റി മ്യൂസിക് ഷോയുടെ ഏഴാം സീസണില്‍ രണ്ടാം സ്ഥാനം നേടിയതോടെ രേഷ്മയുടെ സംഗീത ജീവിതം കുതിച്ചുയര്‍ന്നു. ഒരു ഗായിക എന്ന നിലയില്‍, 2018 ല്‍ 'ഓള്‍ ഇന്ത്യ റേഡിയോ' ആതിഥേയത്വം വഹിച്ച 'ഓള്‍ ഇന്ത്യ ഗസല്‍ മത്സരത്തില്‍' രേഷ്മ പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ രേഷ്മ പങ്കുവെക്കുന്ന പാട്ടുകളും വലിയ ഹിറ്റുകളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ രേഷ്മ പാട്ടുകള്‍ പാടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായി രേഷ്മയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. രേഷ്മയുടെ ശബ്ദവും ആകര്‍ഷകമായ ആലാപന ശൈലിയും സംഗീത ലോകത്ത് നിരവധി അംഗീകാരങ്ങള്‍ നേടികൊടുത്തു.
അനൂപ് കോവളം : മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ റിയാലിറ്റി ഷോകളുടെ തുടക്കം മുതല്‍ ഇപ്പോളും സജീവമായി നില്‍ക്കുന്ന കലാകാരനാണ് അനൂപ് കോവളം. പാട്ടുകാരന്‍, കീബോഡിസ്റ്റ്, തബലിസ്റ്റ് എന്നിങ്ങനെ സംഗീതത്തിന്റെ സകല മേഖലയിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. മെഗാ ഇവന്റുകളില്‍ തകര്‍പ്പന്‍ പ്രകടനവുമായി അനൂപ് കാണികളെ അമ്പരപ്പിക്കാറുമുണ്ട്. ഒരേ സമയം പാടാന്‍ പ്രയാസമുള്ള ഹരിമുരളീരവം പാടുകയും, അതിനൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്ത അനൂപിന്റെ പ്രകടനം ഏറെ ശ്രദ്ദേയമായിരുന്നു. നിറകയ്യടിയോടെയാണ് അവര്‍ ആ വിസ്മയപ്രകടനം വരവേറ്റത്. പാടാന്‍ ബുദ്ധിമുട്ടുള്ള ഗാനം പാടുകയും അതിനൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്ത അനൂപിന്റെ കഴിവ് അസാധ്യം എന്നായിരുന്നു കാണികളുടെ പ്രതികരണം. ശരത്ത്, ജെറി അമല്‍ദേവ്, ബേണി-ഇഗ്‌നേഷ്യസ്, എം.ജി തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ പ്രോഗ്രാമറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ശരത്തിന് വേണ്ടി നിരവധി റീ-റെക്കോര്‍ഡിംഗ് ജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്, നിരവധി ആല്‍ബങ്ങള്‍ക്ക് വേണ്ടിയും ഷോര്‍ട്ട് ഫിലിമുകള്‍ക്കും ടെലി സീരിയലുകള്‍ക്കും പരസ്യങ്ങള്‍ക്കും പാട്ടുകള്‍ക്കും റീ-റെക്കോര്‍ഡിംഗുകള്‍ക്കുമായി ജിംഗിള്‍സ് രചിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, ഫ്‌ലവേഴ്‌സ് ടിവി തുടങ്ങിയ ചാനലുകളുടെ നിരവധി റിയാലിറ്റി ഷോകളില്‍ ജനപ്രിയ സാന്നിധ്യമാണ്.
പാലക്കാട് മുരളി : കേരളത്തിലെ പ്രശസ്തനായ സംഗീതജ്ഞനാണ് പാലക്കാട് മുരളി. തബല, വേവ്ഡ്രം, ജാസ് എന്നിവയില്‍ താള വിസ്മയം തീര്‍ക്കുന്ന മുരളി സംഗീത പ്രേമികളുടെ പ്രിയങ്കരനാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള നിരവധി സംഗീത നിശകളിലെ നിറസാന്നിധ്യവുമാണ് ഈ കലാകാരന്‍. പാലക്കാട് വടക്കന്തറയില്‍ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ സംഗീതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി, പത്തു വര്‍ഷത്തോളം റേഡിയോ ടിവി മലേഷ്യയുടെ ഭാഗമായി നടത്തിയ കലാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായി. കെപിഎസി ലളിതയെ ആദരിച്ചുകൊണ്ട് മലയാളം ചലച്ചിത്ര സംവിധായകന്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്ത 'ലളിതം 50' മെഗാഷോയുടെ ഓര്‍ക്കസ്‌ട്രേറ്റിംഗും അദ്ദേഹം നിര്‍വഹിച്ചു. മലയാള സിനിമാ മേഖലയിലെ വിവിധ പ്രമുഖരെയും ഉള്‍പ്പെടുത്തിയ ഷോ സദസിനെ രസിപ്പിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്‍ ജയറാമിന്റെ ഷോയും, സിംഗപ്പൂരില്‍ നടി മഞ്ജു വാര്യരുടെ ഷോയും ശ്രദ്ധേയമായ ഷോകളില്‍ ഉള്‍പ്പെടുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത, ഗാനഗന്ധര്‍വന്‍, ഒരു കരീബിയന്‍ ഉടായിപ്പ് തുടങ്ങി നിരവധി സിനിമകളില്‍ മുരളിയുടെ സംഗീത വൈദഗ്ധ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.
2025 മെയ് ജൂണ്‍ മാസങ്ങളില്‍ അമേരിക്കയില്‍ വിവിധ നഗരങ്ങളില്‍ മുഴുവന്‍ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബഡ്ജറ്റുകളില്‍ ഷോ ലഭ്യമാണ്, കൂടുതല്‍ വിവരങ്ങള്‍ക്കും ഷോ ബുക്കിങ്ങിനുമായി വിളിക്കുക - ജോസഫ് ഇടിക്കുള - ( 201 - 421 - 5303 ) ജെയിംസ് ജോര്‍ജ്- ( 973 - 985 - 8432 ) ബോബി ജേക്കബ് - ( 201 - 669 - 1477 )