വേള്‍ഡ് മലയാളി കൗണ്‍സില്‍ 30-ാം വാര്‍ഷികം ആഘോഷിക്കുന്നു:സണ്ണി മാളിയേക്കല്‍
ഡാളസ്:1995 ജൂലൈയില്‍ ന്യൂജേഴ്സിയില്‍ സ്ഥാപിതമായ WMC, ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഗാര്‍ലന്‍ഡിലെ കിയ ഓഡിറ്റോറിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍, സംഘടനയുടെ നാഴികക്കല്ലുകളും ഭാവി പരിപാടികളും വിശദീകരിച്ചു.
30 വര്‍ഷത്തെ പ്രയാണം: 1995-ല്‍ ന്യൂജേഴ്‌സിയില്‍ ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍, കൊച്ചി, ഡാളസ്, ജര്‍മ്മനി, ബഹറിന്‍, സിംഗപ്പൂര്‍, ഖത്തര്‍, ശ്രീലങ്ക, കേരളം എന്നിവിടങ്ങളിലായി ഇതുവരെ 14 ആഗോള സമ്മേളനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചു.
അടുത്ത ആഗോള സമ്മേളനം: WMC-യുടെ 15-ാമത് ആഗോള സമ്മേളനം 2026 ഓഗസ്റ്റില്‍ ഡാളസില്‍ നടക്കും.കാരുണ്യ പ്രവര്‍ത്തനങ്ങള്‍: WMC ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു.
പത്തനാപുരം ഗാന്ധിജി ഭവനില്‍ 25 നിര്‍ധനരായ യുവതി-യുവാക്കളുടെ വിവാഹം ഫിലാഡല്‍ഫിയ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2-ന് നടത്തും.പുനലൂര്‍ ജില്ലാ ആശുപത്രിക്ക് 25 ടിവി മോണിറ്ററുകള്‍ നല്‍കി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും ഒരുക്കി.വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി 25 വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തു.
നൂറു കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി, അമേരിക്കന്‍ റീജിയന്‍ നാട്ടില്‍ 14 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി.
നേതൃത്വം: മുന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്‍ ചെയര്‍മാനായിരുന്ന WMC-യെ കെ.പി.പി. നമ്പൂതിരി, ലേഖ ശ്രീനിവാസന്‍, ഡോ. ഇ.സി.ജി. സുദര്‍ശന്‍, ഡോ. ബാബു പോള്‍, ആന്‍ഡ്രു പാപ്പച്ചന്‍, സോമന്‍ ബേബി, ജോളി തടത്തില്‍, ഡോ. ഇബ്രാഹിം ഹാജി, ഗോപാലപിള്ള, ജോണ്‍ മത്തായി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ നയിച്ചിട്ടുണ്ട്. നിലവില്‍, ഗോപാലപിള്ള (ചെയര്‍മാന്‍), ജോണ്‍ മത്തായി (പ്രസിഡന്റ്), ക്രിസ്റ്റഫര്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ശശികുമാര്‍ നായര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് WMC-യെ നയിക്കുന്നത്.
വ്യാപകമായ സാന്നിധ്യം: WMC-ക്ക് ആറ് റീജിയണുകളിലായി 60-ഓളം പ്രോവിന്‍സുകളുണ്ട്. വിമന്‍സ് ഫോറം, യൂത്ത് ഫോറം, ഹെല്‍ത്ത് & മെഡിക്കല്‍ ഫോറം, എന്‍ആര്‍കെ ഫോറം, എജുക്കേഷന്‍ ഫോറം, ആര്‍ട്‌സ് & കള്‍ച്ചര്‍ ഫോറം തുടങ്ങിയ പോഷക സംഘടനകളും സജീവമാണ്.
നിയമപരമായ മുന്നറിയിപ്പ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന പേരും ലോഗോയും അമേരിക്ക, യൂറോപ്പ്, യുകെ, ഒമാന്‍, യുഎഇ, സിംഗപ്പൂര്‍, റഷ്യ, കാനഡ, ഫിലിപ്പീന്‍സ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നേടിയിട്ടുണ്ട്. ഈ പേരും ലോഗോയും അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണെന്നും പത്രസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.
പത്രസമ്മേളനത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിനിധിയും കൈരളി ചാനല്‍ ഡയറക്ടറുമായ ജോസ് പ്ലാക്കാട്, ഡി മലയാളിയെ പ്രതിനിധീകരിച്ച് പി.പി. ചെറിയാന്‍, സണ്ണി മാളിയേക്കല്‍ (പ്രസ് ക്ലബ് പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.