ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66 കാരനെ കൊലപ്പെടുത്തിയ 19 കാരി അറസ്റ്റില്‍
ഡാളസ് - ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66 കാരനെ കൊലപ്പെടുത്തിയതിന് 19 കാരിയായ യുവതിയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.
തിരക്കേറിയ ഐ -35 നും സൗത്ത് മാര്‍സാലിസ് അവന്യൂവിനും തൊട്ടുതാഴെയുള്ള ഓക്ക് ക്ലിഫ് ഗ്യാസ് സ്റ്റേഷനില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പില്‍ സാഷെയില്‍ നിന്നുള്ള 66 കാരനായ ഭര്‍ത്താവും പിതാവുമായ അഹ്മദ് അല്‍ഖലഫ്,കൊല്ലപ്പെട്ടതെന്നു പോലീസ് പറയുന്നു.അമയ മെഡ്റാനോയ്ക്ക് കറുത്ത ഐഫോണ്‍ 15 വില്ക്കാന് അല്‍ഖലഫ് ശ്രമിച്ച ഫെയ്സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്സ് മീറ്റിംഗില്‍ നിന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഓക്ക് ക്ലിഫിലെ വലേറോയില്‍ വെടിയേറ്റ് കിടക്കുന്ന അല്‍ഖലഫിനെ ഡാലസ് അധികൃതര്‍ കണ്ടെത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഒന്നിലധികം നിരീക്ഷണ വീഡിയോകള്‍ പോലീസിന് ലഭിച്ചു. 19 കാരിയായ അമയ മെഡ്രാനോയും അല്‍ഖലഫും ഒരു ചെറിയ സംഭാഷണം നടത്തുന്നതും മെഡ്രാനോ ഓടിപ്പോയതും വീഡിയോയില്‍ കണ്ടതായി അവര്‍ പറയുന്നു. അല്‍ഖലഫ് അവളെ പിന്തുടരുമ്പോള്, മെഡ്റാനോ തിരിഞ്ഞ് അല്‍ഖലഫിനെ വെടിവയ്ക്കുന്നത് ക്യാമറകളില്‍ പതിഞ്ഞതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ലഭിച്ച ഒരു അറസ്റ്റ് വാറണ്ട് സത്യവാങ്മൂല പ്രകാരം, അന്വേഷകര്‍ മെഡ്രാനോയുടെ മുഖത്തും കഴുത്തിലുമുള്ള വ്യത്യസ്തമായ ടാറ്റൂകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി പൊരുത്തപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.
2023-ല്‍ ഒരാളെ കുത്തിയ കേസില്‍ കുറ്റസമ്മതം നടത്തിയതിന് ശേഷം മെഡ്രാനോ പ്രൊബേഷനിലായിരുന്നു. ഒരു മില്യണ്‍ ഡോളര്‍ ബോണ്ടില്‍ ഡാളസ് കൗണ്ടി ജയിലില്‍ തടവിലാക്കിയിരിക്കുകയാണ്.