അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഗുരുദ്വാരകളിലും തിരച്ചില്‍, ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിഖ് സംഘടനകള്‍

Update: 2025-01-28 13:02 GMT

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഗുരുദ്വാരകളില്‍ തിരച്ചില്‍ നടത്തിയ ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിഖ് സംഘടനകള്‍ രംഗത്ത് . ഗുരുദ്വാരകള്‍ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകള്‍ പറഞ്ഞു.

യുഎസ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ എത്തി പരിശോധന നടത്തി.രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്ന ചില ഇന്ത്യക്കാര്‍ കേന്ദ്രമായി ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ചില ഗുരുദ്വാരകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിരണ്‍ കൗര്‍ ഗില്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം. ട്രംപ് ഭരണകൂടത്തിന് കീഴില്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള 'സെന്‍സിറ്റീവ്' പ്രദേശങ്ങളിലോ സമീപത്തോ നിയമപാലകരെ തടയുന്ന ബൈഡന്‍ കാലഘട്ടത്തിലെ നയം യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി.

'നമ്മുടെ ഗുരുദ്വാരകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിനും വാറണ്ടുകളോടെയോ അല്ലാതെയോ സായുധ നിയമപാലകരുടെ റെയ്ഡുകള്‍ക്കും വിധേയമാകുമെന്ന ആശയം സിഖ് വിശ്വാസ പാരമ്പര്യത്തിന് അസ്വീകാര്യമാണ്. നമ്മുടെ വിശ്വാസത്തിന് അനുസൃതമായി പരസ്പരം ഒത്തുചേരാനും സഹവസിക്കാനും സിഖുകാര്‍ക്ക് കഴിയുന്നത് പരിമിതപ്പെടുത്തുന്നതിലൂടെ ഇത് മതപരമായ വിശ്വാസത്തെ ബാധിക്കും,' സിഖ് സഖ്യം പറഞ്ഞു.

Similar News