അമേരിക്കന്‍ മലയാളികളുമായി തിരുവനന്തപുരം മേയര്‍ രാജേഷ് നടത്തിയ മുഖാമുഖം ശ്രദ്ധേയമായി

Update: 2026-02-28 12:44 GMT


കേരളത്തിന്റെ പരമ്പരാഗത ഭരണരീതികളില്‍ നിന്നു വ്യത്യസ്തമായി വികസനത്തിന്റേതായ പുതിയൊരു സംസ്‌കാരശാസ്ത്രമുയര്‍ത്തി തെരഞ്ഞെടുപ്പ് വിജയം നേടി തിരുവനന്തപുരത്തിന്റെ നഗരപിതാവായ അഡ്വ: വി വി രാജേഷ് കെ എച്ച് എന്‍ എ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലൂടെ പ്രവാസികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികളും നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും ഈ സംവാദത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ഇന്ത്യയുടെ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെ കാലത്തെ മന്ദഗതിയിലുള്ള പുരോഗതിക്കും രാഷ്ട്രീയ അഴിമതിക്കും അറുതിവരുത്തിക്കൊണ്ടു കേവലം പത്തുവര്‍ഷംകൊണ്ട് രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക സൈനിക ശക്തിയാക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചെടുത്ത മേയറുടെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളും നഗരം നേരിടുന്ന പ്രശ്‌നങ്ങളുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

ഇടുങ്ങിയ റോഡുകളും മാലിന്യക്കൂമ്പാരമായ തെരുവുകളും കാലങ്ങളായുള്ള കാലവര്‍ഷ കെടുതികളും വര്‍ധിച്ചു വരുന്ന തെരുവുനായ ഭീഷണിയും അവസാനിക്കാത്ത കുടിവെള്ള ദൗര്‍ലഭ്യവും സംവാദ വിഷയങ്ങളായി.

KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ നയിച്ച ഈ ചര്‍ച്ചയില്‍, തിരുവനന്തപുരവും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ശ്രോതാക്കള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സിനു നായര്‍ അതിഥിയെയും പങ്കാളികളെയും സ്വാഗതം ചെയ്തു. ഇടുങ്ങിയ റോഡുകള്‍, മാലിന്യ നിര്‍മാര്‍ജനം, കാലവര്‍ഷ കെടുതികള്‍, തെരുവുനായ പ്രശ്‌നം, കുടിവെള്ള ദൗര്‍ലഭ്യം തുടങ്ങിയ നഗര പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.

ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്തതയോടെ മറുപടി നല്‍കിയ മേയര്‍, നഗരത്തിന്റെ മാലിന്യ പ്രശ്‌നം പരിഹരിക്കാനായി ഇന്ദോര്‍, ലക്‌നൗ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ വിജയകരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികളെ മാതൃകയാക്കി നൂതന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി വെളിപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം, ഐ.എസ്.ആര്‍.ഒ സ്‌പേസ് സെന്റര്‍, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യ വല്‍ക്കരണത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തിനപ്പുറം പ്രത്യേക കേന്ദ്ര നഗര വികസന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

ലോകപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ഭീമാപള്ളി, വെട്ടുകാട് ദേവാലയം എന്നിവ ഉള്‍പ്പെടുത്തി സ്പിരിച്വല്‍ ടൂറിസം പാക്കേജ് രൂപീകരിക്കാനുള്ള വിഭാവനയും നഗരസഭയ്ക്കുണ്ടെന്ന് മേയര്‍ വ്യക്തമാക്കി. ഇത് തിരുവനന്തപുരത്തെ ഒരു പ്രധാന ആത്മീയ-സാംസ്‌കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

കേരളത്തിലെ ഒരു മേയര്‍ അമേരിക്കയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗമായി ജോലിചെയ്യുന്ന പ്രവാസികളായ പ്രൊഫഷനലുകളില്‍ നിന്നും അനൗപചാരികമായി ഉപദേശം തേടുന്ന ആദ്യത്തെ ഒരു കൂടികാഴ്ച്ചയെന്ന പ്രത്യേകതയും ഈ മുഖാമുഖത്തിനുണ്ടായിരുന്നു. ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ , വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍ , അപ്പുകുട്ടന്‍ നായര്‍ , ടി എന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, ഡോ:രഞ്ജിനി പിള്ള, സനല്‍ ഗോപി, നന്ദകുമാര്‍ ചക്കിങ്കല്‍, അനഘ വാര്യര്‍, മധു നമ്പ്യാര്‍, രതീഷ് നായര്‍ , ശ്രീജിത്ത് ശ്രീനിവാസന്‍, ശ്രീകുമാര്‍ , നാരായണന്‍ കുട്ടി , ഗിരീഷ് പോറ്റി, ശ്രീകുമാര്‍ ചെല്ലപ്പന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ട്രഷറര്‍ അശോക് മേനോന്റെ നന്ദി പ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു.

Similar News