മുതിര്‍ന്ന പൗരന്മാരുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് ഡാളസിലെ ബോധവല്‍ക്കരണ സെമിനാര്‍ ശ്രദ്ധേയമായി
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍ ഫോറം ശ്രദ്ധേയമായി.ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്റ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ നിരവധി മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്തു.
മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ ഡോ. കുമാര പിള്ള മുഖ്യപ്രഭാഷണം നടത്തി. വാര്‍ദ്ധക്യകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെയും അവയെ നേരിടേണ്ട രീതികളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.
ആധുനിക കാലത്ത് മുതിര്‍ന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് പ്രമുഖ ഐ.ടി വിദഗ്ധന്‍ സുധിന്‍ ചാണ്ടി വര്‍ഗീസ് ക്ലാസ്സ് നയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നും, സുരക്ഷിതമായി ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. മുതിര്‍ന്നവര്‍ക്ക് ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി.തുടര്‍ന്ന് ഉഷ നായര്‍ ആലപിച്ച സന്ദര്‍ഭോചിതമായ കവിത പങ്കെടുത്തവരുടെ കാതുകള്‍ക്ക് കുളിര്‍മയേകി.
കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം,സെക്രട്ടറി മന്‍ജിത് കൈനിക്കര ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് നൈനാന്‍ മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന പൗരന്മാരുടെ സജീവ പങ്കാളിത്തം കൊണ്ട് സെമിനാര്‍ ഏറെ പ്രയോജനപ്രദമായതായി സംഘാടകര്‍ അറിയിച്ചു.പങ്കെടുത്തവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു