ടെക്‌സസില്‍ പുകയില രൂപത്തിലുള്ള ഹെംപ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം; പുതിയ നിയമം മാര്‍ച്ച് 31 മുതല്‍
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് പുകയ്ക്കാവുന്ന തരത്തിലുള്ള (Smokeable) ഹെംപ് ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഹെംപ് പൂവുകള്‍ (Hemp flowers), പ്രീ-റോള്‍ഡ് ജോയിന്റുകള്‍ എന്നിവ വില്‍ക്കാന്‍ അനുവാദമുണ്ടാകില്ല.
പുകയ്ക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചെങ്കിലും, ലഹരി കുറഞ്ഞ എഡിബിള്‍സ് (ഭക്ഷ്യവസ്തുക്കള്‍), പാനീയങ്ങള്‍ എന്നിവയുടെ വില്‍പ്പന തുടരാം.
നിര്‍മ്മാതാക്കളുടെ ലൈസന്‍സ് ഫീസ് 258 ഡോളറില്‍ നിന്ന് 10,000 ഡോളറായും, റീട്ടെയില്‍ രജിസ്‌ട്രേഷന്‍ ഫീസ് 155 ഡോളറില്‍ നിന്ന് 5,000 ഡോളറായും കുത്തനെ ഉയര്‍ത്തി.ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി നിജപ്പെടുത്തി.
ഉല്‍പ്പന്നങ്ങളിലെ ടി.എച്ച്.സി (THC) അളവ് 0.3 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥയുണ്ട്.കുട്ടികള്‍ക്കിടയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുന്നു എന്ന ആശങ്കയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. എന്നാല്‍, ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചത് ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുമെന്നും പകുതിയോളം കടകള്‍ പൂട്ടേണ്ടി വരുമെന്നും വ്യാപാരി സംഘടനകള്‍ ആരോപിക്കുന്നു.
പുതിയ നിയമം നിലവില്‍ വരുന്നതോടെ നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള തിരക്കിലാണ് വ്യാപാരികള്‍. ഉപഭോക്താക്കള്‍ കൈവശം വെക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിലവില്‍ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.