യേശുദേവന്റെ ത്യാഗ സ്മരണകള്‍ ഉണര്‍ത്തി കാല്‍ കഴുകള്‍ ശുശ്രൂഷ; നവ്യാനുഭവമായി ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പെസഹ വ്യാഴാചരണം

Update: 2026-04-04 13:40 GMT

ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പെസഹാ വ്യാഴാചരണവും കാലുകഴുകല്‍ ശുശ്രൂഷയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ് മുഖ്യകാര്‍മികത്വം വഹിച്ചു.

ശുശ്രൂഷയുടെ ഭാഗമായി ബിഷപ്പ് മാര്‍ സ്റ്റേഫാനോസ് ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ ഉദാത്തമായ മാതൃക കാട്ടിത്തന്നതിന്റെ സ്മരണ പുതുക്കിയ ഈ ചടങ്ങ് ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായാണ് നടക്കുന്നത് എന്നത് വിശ്വാസികള്‍ക്ക് സവിശേഷമായ അനുഭവമായി.

പെസഹാ വ്യാഴം വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിപ്പിക്കുന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള 'ത്രിദിന ശുശ്രൂഷകള്‍ക്ക്' ഇതോടെ തുടക്കമായി.

ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പിന്റെയും പാരിഷ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍

സ്റ്റേഫാനോസ് നേതൃത്വം നല്‍കും.വിനയവും സേവനവുമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം: മാര്‍ സ്റ്റേഫാനോസ്

പാദക്ഷാളന കര്‍മ്മത്തിന് ശേഷം ബിഷപ്പ് നല്‍കിയ സന്ദേശത്തില്‍, വിനയത്തിലും സേവനത്തിലും അധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

'യഥാര്‍ത്ഥ ക്രിസ്തീയ നേതൃത്വം എന്നത് അധികാരമല്ല, മറിച്ച് സ്‌നേഹത്തിലും ആത്മത്യാഗത്തിലും അധിഷ്ഠിതമായ സേവനമാണ്. വിശുദ്ധ കുര്‍ബാന സഭയുടെ ആത്മീയ പോഷണത്തിന്റെയും ഐക്യത്തിന്റെയും ഉറവിടമാണ്,' എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്റെ പുതിയ പ്രമാണം അനുസരിച്ച് പരസ്പര സ്‌നേഹത്തിലും കരുണയിലും ജീവിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

Similar News