അമൃതപുരി: 2018 ദേശീയ സർവകലാശാല റാങ്കിംഗിൽ അമൃത വിശ്വവിദ്യാപീഠത്തിന് എട്ടാം സ്ഥാനം ലഭിച്ചു. ദേശീയ തലത്തിലുള്ള മികച്ച സർവകലാശാലകളെ തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷണൽ ഇൻസ്റ്റിട്ട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് ലിസ്റ്റിലാണ് അമൃത വിശ്വവിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ആദ്യ പത്ത് സ്ഥാനങ്ങൾ ക്കുള്ളിൽ എത്താൻ സാധിച്ചത്.

ദേശീയ തലത്തിലുള്ള മികച്ച സർക്കാർ സർവകലാശാലകളോടൊപ്പം ആദ്യ പത്തിൽ ഇടം നേടാനായ ഏക സ്വകാര്യ സർവകലാശാലയാണ് അമൃത വിശ്വവിദ്യാപീഠം. ഇതോടെ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ സർവകലാശാലയായി അമൃതവിശ്വവിദ്യാപീഠം മാറിയിരിക്കുകയാണ്. മികച്ച അദ്ധ്യയനരീതികൾ, റിസർച്ച് സൗകര്യങ്ങൾ,ബിരുദം ലഭിച്ചവരുടെ എണ്ണം, മികച്ച പഠന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അമൃത വിശ്വവിദ്യാപീഠം ഈ നേട്ടത്തിന് അർഹത നേടിയത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ ആണ് ഈ വർഷത്തെ രാജ്യത്തെ മികച്ച സർവകലാശാലകളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.

അമൃത വിശ്വവിദ്യാപീഠത്തിന് ഈ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യാ ഗവണ്മെന്റിനും, വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും , ജീവനക്കാർക്കും ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നുംഅമൃതവിശ്വവിദ്യാപീഠം വൈസ് ചാൻസിലർ ഡോ വെങ്കിട്ട രംഗൻ പ്രതികരിച്ചു.