കൊച്ചി: ഗായിക അമൃതസുരേഷിനൊപ്പം സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കുവച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പാണ്  ശ്രദ്ധേയമായത്. മറ്റുള്ളരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെക്കുറിച്ചാണ് ഗോപി സുന്ദർ പരാമർശിക്കുന്നത്.

'ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അഭിപ്രായം വിലയിരുത്തലും നടത്തുന്നവർക്ക് ഞങ്ങൾ ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു' എന്ന കുറിപ്പും നൽകിയാണ് ഗോപി സുന്ദർ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി തുടർച്ചയായി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരങ്ങളോട് ആരാധകർ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്.

നിരവധി പേർ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോൾ അതേപോലെ തന്നെ വിമർശനങ്ങളുമായി എത്തുന്ന കമന്റും ഇവരുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടാറുണ്ട്. അവർക്കുള്ള മറുപടിയാണ് ഗോപി സുന്ദർ ഇന്ന് മെയ് 31ന് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദർ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രണയം തുറന്ന് പറയുന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികൾ.

തൊട്ടുപിന്നാലെ ഇരുവർക്കും ആശംസകളേകിയും വിമർശിച്ചും ഒട്ടനവധിപേർ രംഗത്ത് വന്നു. ഗായിക അഭിയ ഹിരൺമയിയായിരുന്നു ഗോപി സുന്ദറിന്റെ മുൻജീവിത പങ്കാളി. അഭയയുടെ ഇൻസ്റ്റാഗ്രാം പേജിലും ചിലർ മോശം കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയിരുന്നു.