സെലിബ്രിറ്റികൾ എന്നും സൈബർ ട്രോളർമാർക്ക് ഒരു ഹരമാണ്. സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ദിവസം തോറും ഇരയാകുന്ന താരങ്ങളും കുറവല്ല. അവയിൽ അവസാനത്തെ ഇരയാകുകയാണ് ഗായിക അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ അമൃതയെ സോഷ്യൽ മീഡിയ അമൃതയെ വിടാതെ പിന്തുടരാൻ തുടങ്ങിയിരുന്നു. ഒടുവിൽ തെറിവിളി കൂടി ആയതോടെയാണ് പ്രതികരിക്കാൻ അമൃത തീരുമാനിച്ചത്. തന്റെ ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജ് വഴിയാണ് അമൃത പ്രതികരിച്ചത്.

തന്നെ തെറിപറഞ്ഞ് കമന്റിട്ടവന്റെ പോസ്റ്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് പരസ്യമായി ഷെയർ ചെയ്താണ് താരം പ്രതികരിച്ചത്. ''എത്ര വലിയ പാട്ടുകാരിയാണെങ്കിലും, ഇനി യേശുദാസ് ആണെങ്കിൽ പോലും സ്വന്തം ഇണയ്ക്കു വേണ്ടെങ്കിൽ നാട്ടുകാർക്കും വേണ്ടെന്നാണ് ഇയാൾ കമന്റ് ചെയ്തത്. കമന്റ് ചെയ്തയാളെ കടുത്ത ഭാഷയിൽ വിമർശിച്ച് നിരവധി പേർ മറുപടി പോസ്റ്റുകളുമിട്ടു. ചിലർ പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് മുന്നറിയിപ്പും നല്കി. ഇതിലൊന്നും കൂസാതെ കമന്റുകൾ വന്നതോടെയാണ് അമൃത പരസ്യമായി പ്രതികരിച്ചത്.

''ഇത് വളരെ വേദനാജനകമാണ്. ആദ്യം ഞാൻ ഓർത്തത് ഈ പോസ്റ്റ് അവഗണിക്കാമെന്നാണ്. എന്നാൽ ഇപ്പോൾ ഇത് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. പോസ്റ്റിനെതിരേ സംസാരിച്ച എല്ലാവർക്കും നന്ദി പറയുന്നു. ഒരു സ്ത്രീക്കും ഈ അവസ്ഥ സംഭവിക്കരുത്. സ്ത്രീകളെ ബഹുമാനിക്കാൻ ശ്രമിക്കുക. നാമെല്ലാവരും അമ്മയുടെ ഉദരത്തിൽ നിന്നു വന്നവരാണ്. ഈ വൃത്തികെട്ട കമന്റിൽ യേശുദാസ് സാറിനെ വലിച്ചിഴച്ചത് ഒട്ടും ശരിയായില്ല''. അമൃത ഫേസ്‌ബുക്കിലൂടെ പറഞ്ഞു.