ഫിലാഡൽഫിയ: ന്യൂയോർക്കിൽ നിന്ന് ജോർജിയയിലേക്കു പോകുകയായിരുന്ന ആംട്രക്ക് ട്രെയിൻ പാളം തെറ്റി രണ്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിനിൽ 341 യാത്രക്കാരുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ന്യൂയോർക്കിനും ഫിലാഡൽഫിയയ്ക്കും മധ്യേയുള്ള എല്ലാ ആംട്രക്ക് സർവീസുകളും നിർത്തി വച്ചു.

റെയിൽ പാളം പണി നടത്തുകയായിരുന്ന ആളെ ചെസ്റ്ററിൽ വച്ച് ഇടിക്കുകയും തുടർന്ന് ആംട്രക്ക് പാളംതെറ്റുകയുമായിരുന്നു. അപകടത്തിൽ മരിച്ചവർ കൺസ്ട്രക്ഷൻ തൊഴിലാളികളാണെന്ന് കരുതപ്പെടുന്നു. നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് ട്രെയിൻ വന്നപ്പോൾ ട്രാക്കിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ഫിലാഡൽഫിയയിൽ നിന്ന് 24 കിലോമീറ്റർ തെക്ക് മാറിയാണ് ചെസ്റ്റർ സ്ഥിതി ചെയ്യുന്നത്.

ഫിലാഡൽഫിയ- ന്യൂയോർക്ക് ലൈനിൽ വച്ച് കഴിഞ്ഞ മേയിൽ ആംട്രക്ക് പാളം തെറ്റിയതിനെ തുടർന്ന് ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ മാസം കൻസാസിലെ ഡോഗ്ജ് സിറ്റിയിൽ മറ്റൊരു ആംട്രക്ക് പാളം തെറ്റിയതിനെ തുടർന്ന് ഇരുപതിലേറെ പേർക്ക് പരിക്കു പറ്റിയിരുന്നു.