വാഷിങ്ടൻ: യു.എസിൽ ആംട്രാക്ക് ട്രെയിൻ ഉദ്ഘാടന യാത്രയിക്കിടെ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലായിരുന്നു അപകടം. റെയിൽവേ മേൽപ്പാലത്തിൽ നിന്നും താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്.

സിയാറ്റിൽ നിന്നും പോർട്ട്‌ലാൻഡിലേക്ക് പോയ ട്രെയിനാണ് അപകടടത്തിൽപ്പെട്ടത്. അപകടസമയത്ത് 80 കിലോ മീറ്ററിലേറെ വേഗത്തിലായിരുന്ന ട്രെയിനിന്റെ 13 ബോഗികൾ പാളം തെറ്റി. ബോഗികൾ തിരക്കേറിയ അഞ്ചാം നമ്പർ ഹൈവേയിലേക്കാണ് ട്രെയിൻ പതിച്ചത്. റോഡിലേക്ക് വീണതിനെ തുടർന്ന് രണ്ട് ലോറി ഉൾപ്പെടെ ഏഴ് വാഹനങ്ങൾ തകർന്നു. ഇതാണ് അപകടം വർദ്ധിപ്പിക്കാൻ കാരണം. മരിച്ചവരെല്ലാം ട്രെയിൻ യാത്രക്കാരാണെന്നാണ് സൂചന.