- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിനെയാണോ സഖാക്കളെ ചരിത്ര വിജയം എന്നു വിളിക്കുന്നത്? ഈ നാണക്കേടിൽ നിന്നും സിപിഐ(എം) പാഠം പഠിക്കുമോ?
കേരളത്തിന്റെ വളർച്ചയ്ക്കും മതേതര നിലനിൽപ്പിനും സിപിഎമ്മിനോളം സംഭാവന ചെയ്ത മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇല്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഈ ലേഖകൻ. എന്നാൽ ശരി തെറ്റുകൾ തിരിച്ചറിയാൻ പലപ്പോഴും ഈ പാർട്ടി വൈകുന്നതായി സമീപകാലത്തെ പല സംഭവങ്ങളും തെളിയിക്കുന്നു. അതിന്റെ ഫലമായി വലിയ അബദ്ധങ്ങളിൽ ചെന്നു ചാടി കയ്യിട്ട് അടിക്കുകയു
കേരളത്തിന്റെ വളർച്ചയ്ക്കും മതേതര നിലനിൽപ്പിനും സിപിഎമ്മിനോളം സംഭാവന ചെയ്ത മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇല്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഈ ലേഖകൻ. എന്നാൽ ശരി തെറ്റുകൾ തിരിച്ചറിയാൻ പലപ്പോഴും ഈ പാർട്ടി വൈകുന്നതായി സമീപകാലത്തെ പല സംഭവങ്ങളും തെളിയിക്കുന്നു. അതിന്റെ ഫലമായി വലിയ അബദ്ധങ്ങളിൽ ചെന്നു ചാടി കയ്യിട്ട് അടിക്കുകയും അതിൽ നിന്നും എങ്ങനെ എങ്കിലും ഊരിപ്പോകാൻ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന കാഴ്ച്ചകൾ പതിവായിക്കൊണ്ടിരിക്കുന്നു. ഇത്തരം നാണക്കേടിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് പങ്കാളിത്ത പെൻഷനു വേണ്ടി തുടങ്ങി പാതി വഴിയിൽ ഉപേക്ഷിച്ച സമരം.
- വഴിയേ പോയ തല്ല് ഇരന്നുവാങ്ങി; സർക്കാർ അനങ്ങാപ്പാറ നയം എടുത്തപ്പോൾ ഇടതു യൂണിയൻ ഏകപക്ഷീയമായി സമരം നിർത്തി തലയൂരി
- മന്ത്രിമാരും ജീവനക്കാരും പെൻഷൻ റദ്ദു ചെയ്ത് മാതൃക കാട്ടട്ടെ; അതുകഴിഞ്ഞ് നമുക്ക് സമരക്കാരെ പാഠം പഠിപ്പിക്കാം
- ബ്രാഹ്മണർ ഭുജിച്ച ശേഷം വല്ലതും ബാക്കിയുണ്ടെങ്കിൽ മറ്റുള്ളവർ തൊട്ടുനക്കിയാൽ മതിയെന്ന ധാർഷ്ട്യത്തിന്റെ കരണത്തു പൊട്ടിക്കാൻ ഇവിടാരുമില്ലേ?
കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിൽ സംഘടനയുടെ നേതാക്കൾക്കു ചേരാത്ത തരത്തിൽ ഇന്നലെ പാതിരാത്രിയിൽ മന്ത്രി വരുന്നതും നോക്കി മന്ത്രി മന്ദിരത്തിന്റെ വാതിക്കൽ കയ്യുംകെട്ടി നിൽക്കേണ്ടി വന്നതു തന്നെ ഈ സമരത്തിനും അതിന്റെ നേതൃത്വത്തിനും ഉണ്ടായ തിരിച്ചടിയുടെ അടയാളമാണ്. എന്തിനു വേണ്ടിയാണ് സമരം നടത്തിയതെന്നോ എന്തു ന്യായങ്ങൾ മനസ്സിൽ കണ്ടാണ് ചർച്ച നടത്തിയതെന്നോ സമര നേതാക്കൾക്ക് ആർക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. ഒത്തു തീർപ്പു ചർച്ചയ്ക്കില്ല എന്നു മുഖ്യമന്ത്രി പലതവണ പ്രഖ്യാപിച്ചതോടെ പൊളിഞ്ഞു വീണത് മുഖം രക്ഷിക്കാനുള്ള ചർച്ച എന്ന നാടകമായിരുന്നു.
ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ട ഒരു കാര്യവും സർക്കാർ അംഗീകരിച്ചില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ സമ്മതിക്കില്ല എന്നു പ്രഖ്യാപിച്ചു സമരത്തിന് ഇറങ്ങിയവരെ കൊണ്ട് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ അനുമതി നൽകിക്കൊണ്ട് ഒപ്പുവെച്ച സർക്കാർ ഒരർത്ഥത്തിൽ ഇരട്ടി വിജയം നേടിയിരിക്കുകയാണ്. സമരം പൊളിച്ചു എന്നതു മാത്രമല്ല നടപ്പാക്കാൻ ഉദ്ദേശിച്ച ഒരു പരിഷ്‌ക്കാരത്തിനു ശത്രുക്കളിൽ നിന്നു തന്നെ കയ്യൊപ്പ് വാങ്ങി എന്ന നേട്ടമാണിത്.
ഇതിലേറെ കഷ്ടം ഒരു ഐതിഹാസിക വിജയം ആയിരുന്നു എന്ന തരത്തിൽ പാർട്ടി മുഖപത്രത്തിലും സൈബർ ഇടങ്ങളിലും നടക്കുന്ന പ്രചരണമാണ്. എന്തിനു വേണ്ടി സമരത്തിന് ഇറങ്ങിയോ അതിനു എതിരായ കാര്യത്തിനു കയ്യടിച്ചു പിന്മാറിയിട്ടും ഇതു വിജയമാണ് എന്നു വീമ്പിളക്കുന്ന അൽപ്പത്തരത്തിന് ഏതു ഭാഷയിലാണ് കളിയാക്കാൻ പറ്റുക. സമരം വിജയിച്ചു എന്ന് ഇടതു യൂണിയൻ നേതാക്കൾ പറയാൻ പല കാരണങ്ങൾ ആണ്. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന വൈഷമ്യങ്ങൾ പരിശോധിക്കാൻ സംവിധാനം, മിനിമം പെൻഷൻ, പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് കേന്ദ്രത്തിന് എഴുതും, നിലവിലുളളവരെ പങ്കാളിത്ത പെൻഷൻ ബാധിക്കില്ല എന്നീ ഉറപ്പുകൾ സർക്കാർ നൽകി എന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഇത് ഓരോന്നും എടുത്തു പരിശോധിച്ചാലെ ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകൂ. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന വൈഷമ്യങ്ങൾ പരിശോധിക്കാൻ സമിതി വേണമെന്നത് ചർച്ച ചെയ്ത് നേടേണ്ട കാര്യമല്ല. അതു സ്വാഭാവികമായും തൊഴിലാളികളുടെ ആവകാശമാണ്. അതു ചെയ്യാതെ ഇതു നടപ്പിലാക്കാൻ ഒരു സർക്കാരിനും സാധിക്കില്ല. നിലവിലുള്ളവരെ ഇതു ബാധിക്കില്ല എന്നത് സർക്കാർ മുമ്പേ പ്രഖ്യാപിച്ച കാര്യമാണ്. മിനിമം പെൻഷനും പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ഭാഗം തന്നെയാണ്. പിന്നെ അവശേഷിക്കുന്നത് ഒരേ ഒരു കാര്യമാണ്. പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തിന് കത്തു എഴുതണം എന്നത്. കേന്ദ്രത്തിന് കത്തെഴുതിയതുകൊണ്ട് അതു കേന്ദ്രം നടപ്പിലാക്കണമെന്നില്ല എന്നോർക്കണം. ചുരുക്കിപറഞ്ഞാൽ ഒരാഴ്ച്ചയിൽ അധികം ജീവനക്കാർ പണിമുടക്കിയതും ഇന്നലെ രാത്രി മുഴുവൻ ചർച്ചക്ക് വേണ്ടി കാത്തുകെട്ടി കിടന്നതും ഒക്കെ ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ ചെയ്ത് ഒരു അടവുമാത്രമായിരുന്നു എന്നർഥം.
ഈ സമരം ഒരു പാഠം എല്ലാ തൊഴിലാളി യൂണിയനുകൾക്കും നൽകുന്നുണ്ട്. ഒരു യൂണിയൻ വിചാരിച്ചാൽ ഇവിടെ ഒരു പ്രസ്ഥാനവും ഓടില്ലായെന്ന കാഴ്ച്ചപാടിന് കോട്ടം തട്ടിയിരിക്കുന്നു. ശരി തെറ്റുകൾ തിരിച്ചറിയാൻ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും പോലും സാധിക്കും. സമരക്കാർക്ക് സംസ്ഥാനവ്യാപകമായി നേരിടേണ്ടി വന്ന എതിർപ്പ് ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഒരോ ദിവസവും കൂടുതൽ കൂടുതൽ ജീവനക്കാർ ജോലിക്ക് പ്രവേശിച്ചത് സമരത്തെക്കുറിച്ചുള്ള അടിസ്ഥാന ചിന്ത തന്നെ മാറ്റിയെഴുതാൻ കാരണമാകണം. കുറച്ചു ദിവസം കൂടി സമരം തുടർന്നാൽ ഒരു തൊഴിലാളി പോലും ഈ സമരത്തിൽ ഉണ്ടാവുമായിരുന്നില്ല എന്നർഥം. ഇതറിഞ്ഞാണ് എങ്ങനെയും നേതാക്കൾ ഒത്തുതീർപ്പിനെത്തിയത്.
ഈ സമരം നൽകുന്ന പാഠങ്ങൾ സിപിഐ(എം) ഉൾക്കൊള്ളുമോ എന്നതാണ് പ്രസക്തമായ ചോദ്യം. മുൻപത്തെ പോലെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറു വാരിക്കുക ഇനി ഒരു പാർട്ടിക്കും ഒരു യൂണിയനും സാധ്യമല്ല. കേരളത്തിലെ എല്ലാ വിഭാഗത്തെക്കാളും സുഖവും സന്തോഷവും സമൃദ്ധിയും അനുഭവിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. ഇവരിൽ മഹാഭൂരിപക്ഷവും സ്വന്തം ഉത്തരവാദിത്വം നിറവേറ്റാത്തവരാണ്. സംഘ ബലത്തിന്റെ പേരിൽ ഇവർക്ക് ഇനി കേരള സമൂഹത്തെ മുൾമുനയിൽ നിർത്താൻ കഴിയില്ല. ഇതു മനസിലാക്കി പുതിയൊരു തൊഴിൽ സംസ്‌കാരം രൂപീകരിക്കാൻ തൊഴിലാളി നേതൃത്വവും ഇത്തരം സമരക്കാരെ മുളയിലെ നുള്ളൻ സിപിഎമ്മിനെ പോലുള്ള പാർട്ടികളും ശ്രമിക്കണം. ജപ്പാനിലും മറ്റും ആളുകൾ സമരം ചെയ്യുന്നത് അധിക നേരം ജോലി ചെയ്താണെന്നുള്ള കാര്യം ഇവിടെ സ്മരിക്കേണ്ടതാണ്. കേരളീയ സമൂഹത്തിന്റെ വളർച്ചയിലേയ്ക്കുള്ള നാഴികക്കല്ലായി ഈ സമരത്തിന്റെ പാഠം മുഴച്ചു നിൽക്കട്ടെ. ഇതിനെ ഐതിഹാസിക വിജയം എന്നു ഘോഷിക്കുന്ന സൈബർ ബുദ്ധിജീവികൾ സ്വയം കണ്ണാടി നോക്കട്ടെ.