കോട്ടയം: ഭാരത് ആശുപത്രിയിൽ യുഎൻഎയിൽ അംഗത്വമെടുത്ത നഴ്‌സുമാരെ പുറത്താക്കി കൊടുംക്രൂരത കാട്ടിയ മാനേജ്‌മെന്റിന്റെ ഹൃദയശൂന്യതയെ കീറിമുറിക്കുന്ന പടവാളാണ് നഴ്‌സായ എലിസബത്ത് ജോഷിത വട്ടക്കുന്നേലിന്റെ എഫ്ബി പോസ്റ്റ്.

സമരം ചെയ്യുന്ന നഴ്സുമാരെ ആശുപത്രിയുടെ പുറത്തു നിർത്തി ഗേറ്റ് പൂട്ടിയ ശേഷം പാന്റ്സിന്റെ സിബ് അഴിച്ചു കാണിച്ചാണ് മാനേജ്മെന്റ് പ്രതിനിധി പ്രതികാരം തീർത്തത്. ഈ വീഡിയോ പകർത്തിയ നഴ്സുമാർ സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റു ചെയ്തിരുന്നു.

ഇതിനോടുള്ള പൊതുപ്രതികരണമായാണ് എലിസബത്ത് ജോഷിത വട്ടക്കുന്നേലിന്റെ എഫ്്ബി പോസ്റ്റ്. 'രോഗ്കളെയും അനാഥരേയും ശുശ്രൂഷിക്കുക.സാമൂഹിക നീതിക്ക് വേണ്ടി പൊരുതാൻ തയ്യാർ ..നീതിയാണെന്റെ ലക്ഷ്യം. .കരുണയാണന്റൈ മാർഗ്ഗം. .രോഗികളെയും അനാഥരെയും ശുശ്രൂഷിക്കുക എന്നതാണെന്റെ ജോലി.'

ഭാരത് ആശുപത്രിയിലെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ബാബു എന്നയാളാണ് നഴ്സുമാർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു രംഗത്തെത്തിയത്. യുഎൻഎ എൻആർഐ സപ്പോട്ടേഴ്സ് പേജിലൂടെ വീഡിയോ പുറത്തുവന്നതോടെ നഴ്സുമാരുടെ പ്രതിഷേധം ഇരമ്പുകയാണ്.

സമാനമായ മറ്റൊരു പോസ്റ്റിൽ, മാനേജ്‌മെന്റ് പ്രതിനിധിയുടെ അശ്ലീല ചേഷ്ടയെ രൂക്ഷമായി വിമർശിക്കുന്നുണ്ട് എലിസബത്ത് ജോഷിത.

'കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നേഴ്‌സുമാരെ പാന്റിന്റെ സിബ്ബൂരികാണിച്ച് ലൈംഗിക ചേഷ്ട കാണിച്ച നീല ഷർട്ടുകാരൻ ഉമക്കിമാക്കിക്കും ,ഇതുപോലെ ചെയ്യാൻ ഇനി ആഗ്രഹിക്കുന്ന ചില ഞരമ്പുരോഗികൾക്കും സമർപ്പിക്കുന്നു.
എന്താണാവോ നേഴ്‌സുമാരേ പറ്റി കരുതിയതുകൊച്ച് പിച്ച മുതലങ്ങോട്ട് വയസ്സൻകാർന്നോര് വരെയുള്ള മനുഷ്യരുടെ നഗ്‌നത ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരറപ്പോ ചമ്മലോ ഇല്ലാതെ കാണുന്നവരാടോ നഴ്‌സുമാർ.

സ്റ്റുഡന്റ് നേഴ്‌സായിരിക്കേ എനിമ വെയ്ക്കാൻ എനിക്ക് കിട്ടിയത് ഇരുപത് വയസ്സുകാരൻ പയ്യനെയാണ് അന്നെന്റെ പ്രായം പതിനെട്ട്, ഇനി ഓപ്പറേഷൻ തിയറ്ററിൽ ജൂനിയർ നേഴ്‌സായിരിക്കെ സിസേറിയന് വേണ്ടി ഒരു സ്ത്രീയെ കൊണ്ട് വന്നപ്പോൾ കത്തീട്ടർ പെട്ടെന്ന് ഇടാൻ കിട്ടാതെ വന്നപ്പോൾ എന്റെ കൈയിൽ നിന്ന് കത്തീട്ടർ വാങ്ങി (മൂത്രം പോകാൻ ഇടുന്ന ട്യൂബ്) ഇട്ടത് ഇരുപെത്തെട്ട് വയസ്സുള്ള വിവാഹം കഴിക്കാത്ത മെയിൽ നേഴ്‌സാണ്.അങ്ങനെ ഒരുപാട് ഉണ്ട് സമയപരിമിതികൾ മൂലം വളരെ ചുരുക്കുന്നു,ഓപ്പറേഷൻ തീയറ്ററിലോട്ട് കൊണ്ട് വന്നാൽ ജനിച്ച കോലത്തിൽ രോഗികളെ കാണുന്നവരാ ഈ നേഴ്‌സുമാർ,

മൂത്രത്തിലും മലത്തിലും കുളിച്ചു കിടക്കുന്ന എത്രയോ ആണുങ്ങളെ സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാൻ അറയ്ക്കുമ്പോൾ, (മിക്കപ്പോഴും അറ്റൻഡർമാരോ ക്‌ളീനിങ്ങ് സ്റ്റാഫോ മിക്ക സ്ഥലത്തും കണ്ടെന്ന് വരില്ല) ആ സമയത്തും ലിംഗഭേദമന്യേ വൃത്തിയാക്കിയവരാടാ ഞങ്ങൾ,പെരിനിയൽ കെയർ ചെയ്യേണ്ട അവസരങ്ങളിൽ എല്ലായിടത്തും മെയിൽ നേഴ്‌സൊന്നും ഉണ്ടായെന്നു വരില്ല .

അതുപോലെ മൂത്രം പോകാതെ വയറ് പൊട്ടുന്ന വേദനയിൽ നിലവിളിച്ചു വരുമ്പോൾ മൂത്രം പോകാൻ ട്യൂബ് ഡോക്ടർമാർ ഇടുമ്പോൾ ഗ്‌ളൗസിട്ട് പിടിച്ച് കൊടുക്കണ്ട അവസരങ്ങൾ വന്നിട്ടുണ്ട്. ഡോക്ടർമാർ പ്രത്യേക സാഹചര്യത്തിൽ ഇല്ലാതെ വന്നാൽ ട്യൂബ് ഇടുന്നതും നഴ്‌സുമാർ ആണ് മുകളിൽ വളരെ ചുരുക്കി പറഞ്ഞ അനുഭവങ്ങൾ എന്റെ മാത്രം അല്ല ലോകത്തെമ്പാടുമുള്ള നഴ്‌സുമാരുടേയും അനുഭവങ്ങൾ ആണ്.
ഇവിടെ ഒന്നും ഞങ്ങൾക്കു ഒരു നാണവും അറപ്പും തോന്നിയിരുന്നില്ല, ജീവൻ,ജീവിതം അതിനാണ് ഞങ്ങൾ പ്രാധാന്യം കൊടുത്തത്.കൊടുത്തുകൊണ്ടിരിക്കുന്നത്.'

അതെ, എലിബസബത്ത് ജോഷിത വട്ടക്കുന്നേൽ ഹൃദയം നൊന്ത് പറയുമ്പോലെ അന്യന്റെ ജീവൻ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നവരാണ് കേരളത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ നഴ്‌സുമാരും. ഈ മാലാഖമാർ ഉറക്കമൊഴിച്ച സമയം നോക്കാതെ ജോലി ചെയ്താലും, മാന്യമായ വേതനം നിഷേധിക്കുന്നുവെന്ന് മാത്രമല്ല, അവരെ ക്രൂരമായി അപമാനിക്കാനും കൂടി തുനിയുകയാണ് ആശുപത്രി മാനേജ്‌മെന്റുകൾ. കണ്ണില്ലാത്ത ഈ ക്രൂരതയ്ക്കാണ് എത്രയും പെട്ടെന്ന് അറുതി വരുത്തേണ്ടത്.