- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസ് കഴിഞ്ഞ് പോയത് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽ; മതിൽ ചാടി എത്തിയ യുവാവ് പിന്നീട് നയിച്ചത് വഴിവിട്ട യാത്ര; വീട്ടിലെ ശല്യം കാരണം ഐടിഎ പഠിക്കാനെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ പോയി ഹോട്ടൽ ജോലി ചെയ്തു; കോവിഡിൽ ജോലി പോയപ്പോൾ തിരിച്ചെത്തി; പ്രണയ വിവാഹത്തിന് തടസ്സം വീട്ടുകാരെന്ന പകയിൽ ആസൂത്രണം; ആശ്ലീല വീഡിയോ കണ്ടത് സഹോദരി അറിഞ്ഞതോടെ 'എലിവിഷം' എത്തി; അസുഖം നടിച്ചിട്ടും രക്തപരിശോധനയിൽ ചതിച്ചു; ആൻ മേരിയെ കൊന്ന ആൽബി കുടുങ്ങുമ്പോൾ
വെള്ളരിക്കുണ്ട്: ബളാൽ അരീങ്കല്ലിൽ എലിവിഷം ഉള്ളിൽച്ചെന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സഹോദരനെ കുടുക്കിയതും മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങൾ. സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആൽബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇതും സംശയത്തിന് കാരണമായി. എലി വിഷത്തിന്റെ അംശം എങ്ങനെ മരിച്ച സഹോദരിയുടെ ശരീരത്തിൽ വന്നുവെന്നുള്ള അന്വേഷണമാണ് സഹോദരനിൽ അന്വേഷണം എത്തിച്ചത്. അങ്ങനെ കേരളാ പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു തെളിവ് കൂടിയാണ് ഈ കൊലപാതകവും.
ബളാൽ അരീങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെയും ബെസിയുടെയും മകൾ ആന്മേരി(16)യുടെ മരണത്തിൽ സഹോദരൻ ആൽബി(22)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തത്. പിതാവിനെയും മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്താൻ ഐസ്ക്രീമിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ആൽബിൻ സമ്മതിച്ചു. ആന്മേരിക്കൊപ്പം ഐസ്ക്രീം കഴിച്ച ബെന്നി പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ ഗുരുതരനിലയിലാണ്. സുഖലോലുപനായി ജീവിക്കാൻ കുടുംബാംഗങ്ങൾ തടസ്സമെന്നുതോന്നിയതിനാലാണ് മൂന്നുപേരെയും വകവരുത്താൻ ആൽബിൻ തീരുമാനിച്ചത്. എലിവിഷം നേരിയ അളവിൽ കോഴിക്കറിയിൽ കലർത്തിയായിരുന്നു ആദ്യശ്രമം. അത് പാളിയതിനെ തുടർന്നാണ് ഐസ്ക്രീൽ വിഷം കലർത്തി നൽകി.
പുതിയ എലിവിഷം വാങ്ങി. സഹോദരിക്കൊപ്പം ചേർന്ന് ജൂലായ് 30-ന് ഐസ്ക്രീം ഉണ്ടാക്കി. രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററിൽ വെച്ചു. അടുത്തദിവസം നാലുപേരും ചേർന്ന് ഒരു പാത്രത്തിലേത് കഴിച്ചു. രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്ക്രീമിൽ ആരും കാണാതെ ആൽബിൻ എലിവിഷത്തിന്റെ പകുതി കലർത്തി. തൊട്ടടുത്ത ദിവസം ബെന്നിയും ആന്മേരിയും ഇത് കഴിച്ചു. ബെസി കുറച്ചുമാത്രം കഴിച്ചതിനാൽ രക്ഷപ്പെട്ടു. ഓഗസ്റ്റ് അഞ്ചിനാണ് ചെറുപുഴ സ്വകാര്യ ആശുപത്രിയിൽ ആന്മേരി മരിച്ചത്. എലിവിഷം നേരിയ അളവിൽ കോഴിക്കറിയിൽ കലർത്തിയുള്ള ആദ്യ ശ്രമത്തിൽ സഹോദരി ഉൾപ്പെടെ മൂന്നുപേർക്കും നേരിയ ശാരീരിക അസ്വസ്ഥതകളുണ്ടായെങ്കിലും വിഷബാധയാണെന്നു മനസ്സിലായില്ല.
പത്താതരം കഴിഞ്ഞ് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽപ്പോയ ആൽബിൻ ഒരുവർഷത്തിനുശേഷം അതുപേക്ഷിച്ച് തിരിച്ചുവന്നു. പഠനം നിർത്തി വഴിതെറ്റിയ ബന്ധങ്ങളിലൂടെ പോകുന്നത് പിതാവും മാതാവും ചോദ്യം ചെയ്യുന്നതിൽ ആൽബിന് കടുത്ത ദേഷ്യമായി. ഏതാനും മാസംമുമ്പ് തമിഴ്നാട്ടിലേക്കുപോയി. അവിടെ ഐ.ടി.ഐ. പഠനമാണെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, കമ്പത്ത് ഹോട്ടലിൽ പണിയായിരുന്നു. കോവിഡ് വ്യാപകമായതോടെ ഒന്നരമാസംമുന്പാണ് തിരിച്ചെത്തിയത്. പ്രണയവിവാഹം നടത്താൻ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളെ വീട്ടുകാർക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നത്രേ.
പരിശോധനയിൽ രക്തത്തിൽ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ വിഷാംശം കണ്ടെത്തിയതുമില്ല. ആൻ മരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഐസ്ക്രീം ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആൽബിൻ അറസ്റ്റിലായത്. ഛർദിയും പനിയും ബാധിച്ച ആന്മേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിൽ പരിശോധിച്ചപ്പോൾ കരളിനു പ്രശ്നമുണ്ടന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുണ്ടെന്നും അറിക്കുകയും തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേന്നു ഡിസ്ചാർജ് വാങ്ങി നാടൻ ചികിത്സ ആരംഭിച്ചു. ബുധനാഴ്ച അസുഖം കൂടി ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച ഉടൻ മരിക്കുകയായിരുന്നു.
തൊട്ടു പിന്നാലെയാണു പിതാവ് ബെന്നിയെ ഛർദിയെ തുടർന്ന് പയ്യന്നൂർ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അമ്മ ബെസിയും മകൻ ആൽബിനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ആന്മേരിയുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി.
ഐസ്ക്രീം ഉണ്ടാക്കാനുപയോഗിച്ച സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വീട് പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു. എലി വിഷത്തിന്റെ അംശം എങ്ങിനെ വന്നുവെന്നുള്ള അന്വേഷണമാണ് സഹോദരനിൽ എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ