കേരള സംസ്ഥാന വിജിലൻസ് ഡി.ജി.പി. ശ്രി. ഡോ. ജേക്കബ് തോമസ് സാറിന്റെ മുന്നിൽ കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ പ്രവർത്തകർ സമർപ്പിക്കുന്ന തുറന്ന കത്ത്.

സർ,

2 തവണ ഞങ്ങൾ തിരുവനന്തപുരത്ത് അങ്ങയുടെ ഓഫീസിൽ വന്ന് കേരളത്തിലെ ഔഷധ മേഖലയിൽ നടമാടുന്ന അനീതികളെക്കുറിച്ച് വിശദമായി വിവരിക്കുകയും ഉചിതമായ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.. എന്നാൽ നാളിതുവരെ യായിട്ടും യാതൊരു നടപടിയും സാറിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നത് പ്രതിഷേധാർഹമാണ്...

നാട്ടിലെ സാധാരണക്കാരെ ഉപദേശിക്കുന്ന രീതിയിൽ ഒരു വാരികയിൽ (മനോരമ, 29 ഒക്ടോബർ 2016 ) താങ്കൾ എഴുതിയ ലേഖനത്തിന് അഭിനന്ദനം അറിയിക്കുന്നു.. എന്നാൽ അഴിമതി തടയാൻ നിയുക്തനായ ഒരു വ്യക്തി എന്ന നിലയിലും. ഇന്നാട്ടിലെ ഒരു പൗരൻ എന്ന നിലയിലും പൊതുജനത്തെ ഉപദേശിച്ച കാര്യങ്ങൾ ഒരു മാതൃക എന്ന നിലയിൽ ചെയ്തു കാണിക്കാതിരുന്നത് ഔഷധ മാഫിയയെ താങ്കൾ ഭയക്കുന്നതു കൊണ്ടാണെന്ന് ഞങ്ങൾ സംശയിക്കുന്നു..

താങ്കളുടെ പേരിൽ പ്രസ്തുത വാരികയിൽ വന്ന ലേഖനത്തി ൽ കാണുന്നു മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും മുഴുവൻ സമയ ഫാർമസിസ്റ്റ് ഉള്ള സ്ഥാപനങ്ങൾ വഴി മാത്രമെ മരുന്നുകൾ വിപണനം ചെയ്യപ്പെടുന്നുള്ളു എന്നും ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം പരാതിപ്പെടണമെന്നും..

സാധാരണക്കാരെ ഉപദേശിച്ച പ്രിയ ഡി.ജി.പി. അങ്ങും ഈ നാട്ടിലെ ഒരു പൗരൻ തന്നെയല്ലെ? താങ്കളോ അങ്ങയുടെ കുടുംബത്തിലുള്ളവരോ ഇതുവരെ യാതൊരു വിധ മരുന്നും വാങ്ങിയിട്ടില്ലേ?  വാങ്ങിയിട്ടുണ്ടെങ്കിൽ ലേഖനത്തിൽ സൂചിപ്പിച്ച പ്രകാരം എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ മരുന്നുകൾ വാങ്ങിയിട്ടുള്ളത്.? അധികാരമുള്ള താങ്കൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം ഇന്നാട്ടിലെ സാധാരണക്കാരന് ചെയ്യാൻ കഴിയുമോ?

താങ്കളുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജ് പരിസരത്തും ജനറൽ അശുപത്രി പരിസരത്തും തിരുവനന്തപുരം ടൗണിലും പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മരുന്നു വില്പനശാലകൾ.. ആശുപത്രി ഫാർമസികൾ .. താങ്കൾ മേൽ പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ടാണോ പ്രവർത്തിക്കുന്നതെന്ന് എപ്പോഴെങ്കിലും പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടുണ്ടോ..?

സംസ്ഥാന വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ നിയമ രഹിതമായ പ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ താങ്കൾക്ക് അധികാരമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. ഇപ്രകാരം അധികാരമുള്ള വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ഡ്രഗ്‌സ് ഇൻസ്‌പെക്ടറെയോ ഡ്രഗ്‌സ് കൺട്രോളറെയോ താങ്കളുടെ ഓഫീസിൽ വിളിച്ചു വരുത്തി എന്ത് നടപടിയാണ് അങ്ങ് സ്വീകരിച്ചത്.. താങ്കളുടെ കൺമുന്നിൽ നടമാടുന്ന ഈ അനീതിയും അഴിമതിയും നിയമ നിഷധവും കണ്ടില്ല എന്ന് നടിച്ചു കൊണ്ട് അഴിമതി നിർബാധം തുടരാൻ അനുവദിച്ചു കൊണ്ട്.

യോഗ്യതയുള്ള ഫാർമസിസ്റ്റല്ലാത്തവർ മരുന്നുകൾ കൈകാര്യം ചെയ്യാൻ പാടില്ല എന്ന് ശക്തമായ ഭാഷയിൽ നിയമം അനുശാസിക്കുമ്പോൾ അത് നടപ്പിലാക്കാതെ വേതനം പറ്റുന്ന ഉദ്യോഗസ്ഥന്മാർ ക്കെതിരെ എടുക്കാൻ കഴിയുന്ന നടപടികൾ ഒന്നുമെടുക്കാതെ ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന രീതിയിൽ ഒരു ലേഖനമെഴുതി പീലാത്തോസിനെപ്പോലെ കൈകഴുകി ഒഴിഞ്ഞു മാറിയത് ആരെ പ്രീതിപ്പെട്ടുത്താനാണ്..

താങ്കൾക്ക് നടപടിയെടുക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ ഒരു സാധാരണക്കാരൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു പരാതി നൽകിയാൽ എന്ത് പ്രതികരണമാണ് ഉണ്ടാകുക...

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും സ്‌കൂൾ.. കോളേജ് വിദ്യാർത്ഥികൾ ജീവൻ രക്ഷാമരുന്നുകൾ മയക്കുമരുന്നായും ലഹരിമരുന്നായും ഉപയോഗിച്ച് ഇതിനടിമകളായി മാറുന്ന ഭയാനകമായ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. കാസർഗോഡ് .. മലപ്പുറം.. എറണാകുളം ജില്ലകളിൽ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ പെടുന്ന കുട്ടികളുടെ എണ്ണം ഭയാനകമായ രീതിയിൽ പെരുകുന്നു.. ഇത്തരത്തിൽ പെട്ട മരുന്നുകൾ യാതൊരു നിയന്ത്രണവുമില്ലാതെ വിറ്റ് പണമുണ്ടാക്കുന്ന നിരവധി മരുന്നുകടകൾ എല്ലാ ജില്ലകളിലുമുണ്ട്.. ഇതിനെതിരെ സംസ്ഥാന എക്‌സൈസ് കമ്മീഷണർ നടപടി തുടങ്ങിയപ്പോൾ ഔഷധ മാഫിയയുടെ പ്രതിരോധം ഒരു വിഭാഗം ഫാർമസിസ്റ്റുകളുടെ സഹായ സഹകരണങ്ങളോടെ ശക്തമായ രീതിയിൽ പ്രകടമാകുകയുണ്ടായി. ഇവരുടെ ലക്ഷ്യം ജനത്തിന്റെ ആരോഗ്യമല്ല. സ്വന്തം കീശയുടെ കനമാണ്.

വിദ്യാർത്ഥികൾ മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുന്നില്ല എന്നത് തികച്ചും ആശ്ചര്യജനകമാണ്.

ജീവിതത്തിൽ ഭക്ഷണത്തിനാണോ മരുന്നിനാണോ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്ന താങ്കളുടെ ചോദ്യം ഭക്ഷണത്തിനാണോ അതോ മയക്കുമരുന്നിനാണോ എന്ന് തിരുത്തിയെഴുതേണ്ട അവസ്ഥയിലേക്കാണ് കേരളം കുതിക്കുന്നത്.. യോഗ്യതയുള്ള ഫാർമസിസ്റ്റ് ഇല്ലാതെ ..യാതൊരു യോഗ്യതയുമില്ലാത്തവരുടെ മേൽനോട്ടത്തിൽ പകലന്തിയോളം പ്രവർത്തിക്കുന്ന ഔഷധവിൽപ്പനശാലകളിലൂടെ വ്യാപകമായി മരുന്നുകൾ നിയമവിരുദ്ധമായി വിൽക്കപ്പെടുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.. ഔഷധ വില്പനശാലകളിൽ പരിശോധനകൾ വെറും പ്രഹസനം മാത്രം.. ഔഷധമേഖലയിൽ അനധികൃത വ്യാപാരത്തിന് പച്ചക്കൊടി കാണിക്കുന്ന രീതിയിലാണ് നാട്ടിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തിക്കുന്നത്... ഇത് ഈ നിലയിൽ തുടരാൻ അനുവദിച്ചാൽ വരും തലമുറ മയക്കുമരുന്നിന്റെ ദൂഷിത വലയത്തിലകപ്പെട്ട് നിത്യരോഗികളായി തീരും എന്നതിൽ യാതൊരു സംശയവുമില്ല..കാരണം ക്യാൻസറിനേക്കാൾ ഭീകരമായി പടരുകയാണ് മയക്കുമരുന്നു യോഗം കുട്ടികളുടെയിടയിൽ ആരോഗ്യമേഖലയിലെ അർബുദമായി മാറിയ അഴിമതിക്കെതിരെ എന്ത് നടപടിയാണ് വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ താങ്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നറിയാൻ കേരളത്തിലെ 65000 ലധികം വരുന്ന ഫാർമസിസ്റ്റുകൾ കാത്തിരിക്കുന്നു.

അധികാരമുള്ള വ്യക്തിയെന്ന നിലയിൽ ധീരമായ നടപടികളെടുക്കാൻ താങ്കൾ തയ്യാറാണെങ്കിൽ ആരോഗ്യമേഖലയിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ പൂർണ്ണ പിന്തുണയുമായി കേരളത്തിലെ ഫാർമസിസ്റ്റുകൾ കൂടെയുണ്ടാകും...

കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ പ്രവർത്തകർക്കു വേണ്ടി.

പ്രേംജി.എംപി.
വയനാട്.
സെക്രട്ടറി. കെ.പി.ഒ.