പ്രിയ ജെ ആർ പത്മകുമാർ അറിയാൻ...

കഴിഞ്ഞദിവസം താങ്കളുടെ മാതൃഭൂമി ഡിബേറ്റ് കാണാൻ ഇടയായി. മാധ്യമങ്ങളിൽ എന്തേ താങ്കളേ മാത്രം വിളിക്കുന്നു എന്നതിന്റെ പൊരുൾ അപ്പോഴാണ് മനസ്സിലായത്. കൃത്യമായ ഗൃഹപാഠം ചെയ്യാതെ വസ്തുതകൾ പഠിക്കാതെ വരുന്ന താങ്കളേ വച്ചുകൊണ്ടാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ബിജെപിയെയും തദ്വാരാ സംഘപരിവാർ പ്രസ്ഥാനത്തെയും താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നതെന്ന് ആർക്കും മനസ്സിലാകും. താങ്കളുടെ ഇന്നലത്തെ വീഴ്ചകൾ താഴെ ചൂണ്ടിക്കാണിക്കുന്നു.

1. കേന്ദ്രസർക്കാർ ദേശീയ മാധ്യമങ്ങളെവച്ച് കേരളത്തെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നെന്ന് അവതാരകനും 'കമ്മ്യൂണിസ്റ്റ് ചിന്തകനും' ആയ വേണു ബാലകൃഷ്ണൻ പറഞ്ഞപ്പോൾ അതിനു മറുപടിപറയാതെ മിണ്ടാതിരുന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ്‌നൗ, റിപ്പബ്ലിക്ക്, ഇന്ത്യടുഡേ തുടങ്ങിയ മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ വിധേയരാണെന്നോ വേണുവിന് പറയാൻ എന്തവകാശമാണുള്ളത്? അങ്ങനെയെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ ആർക്കാണ് വിടുപണി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്‌ചോദിക്കാൻ എന്തേ താങ്കളുടെ നാവ് പൊന്തിയില്ല?.

വേണുവിന്റെ ചിന്താഗതിക്കെതിരെയാണ് ദേശീയ മാധ്യമങ്ങൾ എങ്കിൽ അവർ കേന്ദ്രസർക്കാരിന്റെ മാധ്യമങ്ങൾ അല്ലേ?. ഇതേ ദേശീയ മാധ്യമങ്ങൾ കേന്ദ്രസർക്കാരിനെതിരെയും ശബ്ദമുയർത്തിയിട്ടില്ലേ? അപ്പോൾ വേണു വായിൽ അമ്പഴങ്ങ വിഴുങ്ങിയിരിക്കുകയായിരുന്നോ എന്ന് ചോദിക്കാൻ താങ്കൾക്ക് ശബ്ദമുയരില്ല കാരണം അവർ പിന്നെ നിങ്ങളെചർച്ചക്ക് വിളിക്കില്ല.

2. എംഇഎസ് നേതാവ് ഫസൽ ഗഫൂർ വല്യ മതേതരത്വ പ്രഭാഷണം നടത്തിയപ്പോൾ അയാൾ ഏകദേശം ഏഴുവർഷംമുൻപ് ഇതേ ഭീകര പ്രസ്ഥാനം പോപ്പുലർ ഫ്രണ്ടിന്റെ യോഗത്തിൽ പ്രസംഗിച്ചത് എന്തായിരുന്നു എന്നൊന്ന് ചോദിച്ചാൽ അയാളുടെ മുഖംമൂടി അവിടെ അഴിഞ്ഞുവീഴുമായിരുന്നു. അതിന്റെ യൂട്യൂബ് ലിങ്ക്ആണ് കൊടുത്തിരിക്കുന്നത്. ഒന്ന്കണ്ടുനോക്കൂ.

https://youtu.be/GCHf9ClHOnE

3. രാഷ്ട്രപിതാവിനെ വധിച്ചത് ആർഎസ്എസ്സുകാരനായ നാഥുറാം ഗോഡ്‌സെ ആണെന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്ന താങ്കൾക്ക് ആർഎസ്എസ്സിന്റെ ചരിത്രംപോലും അറിയില്ലെന്ന് മനസ്സിലായി. ഹിന്ദുമഹാസഭാ നേതാവായ നാഥുറാം ഗോഡ്‌സെ ആണ് ഗാന്ധിജിയെ കൊന്നതെന്നും ആർഎസ്എസ് അതിൽ യാതൊരു വിധത്തിലും ഉത്തരവാദിയല്ലെന്നും ജസ്റ്റീസ് കെ ടി തോമസ് അടക്കമുള്ള എത്രയോ ന്യായാധിപന്മാർ രേഖാമൂലം അഭിപ്രായപ്പെട്ടിരിക്കുന്നു. എത്രയോ അന്വേഷണങ്ങൾ നടത്തി.

ഒന്നിലും ആർഎസ്എസ്സിനെതിരെ ഒരുതെളിവും കിട്ടിയിട്ടില്ല. ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന മഹാത്മാവ് 1935ൽ മഹാരാഷ്ട്രയിലെ വാർധയിൽ ആർഎസ്എസ് ശിബിരത്തിൽ പങ്കെടുത്തിരുന്ന കാര്യം താങ്കൾക്ക് അറിയാമോ? അദ്ദേഹം വെടിയേറ്റു വീഴുന്നതിനു മാസങ്ങൾക്കുമുൻപ് ഡൽഹിക്കടുത്ത ബാങ്ങികോളനിയിൽ (1947 സെപ്റ്റംബർ 25 ന് ) ഏകദേശംഅറുനൂറോളം സ്വയംസേവകരെ അഭിസംബോധന ചെയ്തകാര്യം അറിയുമോ? അങ്ങനെയുള്ള മഹാത്മാവിനെ ആർഎസ്എസുകാർ വധിച്ചെന്നുള്ള നുണപ്രചാരണം തടയേണ്ട ചുമതല താങ്കൾക്കില്ലേ?

അദ്ദഹം വധിക്കപ്പെടുന്നതിനു മുമ്പ് മൂന്നോ നാലോ തവണ വധശ്രമത്തിനിരയായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്ന നെഹ്രുവിനെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതിനു ഒരുന്യായീകരണവും ഇല്ല. 'ഗാന്ധിവധം - അവഗണിക്കപ്പെട്ടനാൾവഴികൾ' എന്ന പുസ്തകം ഒന്നു വായിച്ചെങ്കിലും അൽപ്പം അറിവ് കൂട്ടുന്നത് നല്ലതാണ്.

4. പിന്നെ ഫസൽ ഗഫൂർ, 'കപൂർ കമ്മീഷൻ' റിപ്പോർട്ടിനെക്കുറിച്ചു പറയുന്നത് കേട്ടു. കപൂർ കമ്മീഷൻ റിപ്പോർട്ട് ഭാരതസർക്കാരിന്റെ ആർക്കൈവ്‌സിൽ പോലും ഇല്ലെന്നുള്ളതാണ് സത്യം.അതൊക്കെ ഇന്ദിരാസർക്കാർ നശിപ്പിച്ചുകളഞ്ഞു, അതിൽ ആർഎസ്എസിന് എതിരെ തെളിവുകളുണ്ടായിരുന്നെങ്കിൽ എന്തേ നടപടിയെടുത്തില്ല? ഇതൊക്കെയാണ് ഒരുഡിബേറ്റിൽ നേതാക്കൾ പറയേണ്ടത്. ഫസൽ ഗഫൂറിന്റെ കയ്യിൽ അതിന്റെ കോപ്പിയുണ്ടെങ്കിൽ ഒന്ന്തരാൻ പറഞ്ഞിരുന്നെങ്കിൽ അയാൾ വലഞ്ഞേനെ. ശ്രീ.ടി ജി മോഹൻദാസിനെ ഈ വേണുവും, വിനുവും, ഷാനിയും ഒന്നുംചർച്ചക്ക് വിളിക്കില്ല കാരണം അവരുടെ അജണ്ട പൊളിഞ്ഞുപാളീസാകും. അദ്ദേഹം ഉണ്ടെങ്കിൽ ഫസൽ ഗഫൂറിനെപോലെയുള്ളവർ ചർച്ചക്ക് വരുമോ എന്നതും സംശയമാണ്.

എന്ന് സസ്‌നേഹം,

ജയചന്ദ്രൻ നായർ