കൊച്ചി: എറണാകുളത്തെ മുതിർന്ന നേതാവിനെ തന്നെ ബിജെപിയും തൃക്കാക്കരയിൽ മത്സരത്തിനിറക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർത്ഥി. വോട്ട് ചോർച്ച ബിജെപിക്കുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. ഇതോടെ തൃക്കാക്കരയിൽ ഇനി ആംആദ്മി പാർട്ടി സ്ഥാനാർത്ഥി കൂടിയേ അറിയാനുള്ളൂ. ഇത് കഴിഞ്ഞാൽ മത്സര ചിത്രം തെളിയും. ചതുഷ്‌കോണ മത്സരത്തിനുള്ള സാധ്യത വരുമ്പോൾ തൃക്കാക്കരയിൽ അടിയൊഴുക്കുകളെല്ലാം നിർണ്ണായകമാകും.

മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനായിരുന്നു ബിജെപി സാധ്യതാ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്നത്. നാല് പേരുകളാണ് ബിജെപി നേതൃത്വം തൃക്കാക്കരയിലേക്ക് പരിഗണിച്ചത്. ഒഎം ശാലിന, ടിപി സിന്ധുമോൾ എന്നിവരാണ് ബിജെപി പരിഗണിച്ച വനിതാ സ്ഥാനാർത്ഥികൾ. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനാണ് സാധ്യതാ പട്ടികയിൽ ഇടം പിടിച്ച നാലാമത്തെ വ്യക്തി. എന്നാൽ മുതിർന്ന നേതാവ് തന്നെ മത്സരിക്കണമെന്ന നിലപാട് സംസ്ഥാന നേതൃത്വം എടുത്തു. ഇത് ദേശീയ നേതൃത്വവും അംഗീകരിച്ചു. ഇതോടെ ഇനി ആംആദ്മിയുടെ സ്ഥാനാർത്ഥിയിൽ മാത്രമാണ് തീരുമാനം ഉണ്ടാകാനുള്ളത്.

കേരളത്തിൽ ഇരട്ട നീതിയാണെന്ന വിഷയം ഉയർത്തിയായിരിക്കും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എൽഡിഫും യുഡിഎഫും എന്ന ആക്ഷേപം ആയിരിക്കും ബിജെപി ഉന്നയിക്കുക. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വർഷങ്ങളായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സീനിയർ നേതാവാണ് എഎൻ രാധാകൃഷ്ണൻ. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പികളിൽ പാർട്ടിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തിൽ വ്യക്തിപരമായ സ്വാധീനവും ദൗത്യം അദേഹത്തെ തന്നെ ഏൽപ്പിക്കാൻ കാരണമായെന്ന് ബിജെപി നേതൃത്വം പറയുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിനേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനേയുമാണ് എ.എൻ രാധാകൃഷ്ണൻ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് പാർട്ടി സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് ചൂടിനിടയിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ട് കുറയാതിരിക്കുക എന്നതാണ് രാധാകൃഷ്ണനുള്ള പ്രാഥമിക ഉത്തരവാദിത്തം.

തൃക്കാക്കരയിൽ ഇടത് വലത് മുന്നണികൾ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ആരംഭിച്ച് കഴിഞ്ഞു. സിറ്റിങ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന ഉണ്ടാകും.

തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ചർച്ചയാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.