നെടുമങ്ങാട്: ആനാട് അരുണിന്റെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതം. ആര്യാനട് കുളപ്പട മുണ്ടിയോട് ചൊവാഴ്ച രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ അഞ്ജു(26), കാമുകനും അരുണിന്റെ സുഹൃത്തുമായ ശ്രീജു(30) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും ശ്രീജുവും മൊഴി നൽകിയത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരസ്പരം രക്ഷിക്കാനാണ് ഇരുവരും തങ്ങളാണ് കൊന്നതെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ അന്വേഷണം യഥാർത്ഥ പ്രതിയെ കണ്ടെത്താൻ വേണ്ടി വരും.

പത്തുവർഷം മുൻപ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ അഞ്ജുവും അരുണും പ്രണയത്തിലായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനൊടുവിൽ കല്യാണം. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരും വിവാഹിതരായി. അതോടെ അഞ്ജുവിനെ വീട്ടുകാർ പുറത്താക്കി. ഇതിന് ശേഷം കഥയിൽ വില്ലനായി കൂട്ടുകാരൻ എത്തി. ഇതാണ് അരുണിന്റെ ജീവിതത്തിലെ താളപ്പിഴകൾക്ക് കാരണം. കൊലപാതകത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതും ഇതു തന്നെ. അരുൺ- അഞ്ജു ദമ്പതികൾക്ക് ഒൻപതുവയസുള്ള ഒരു മകളുണ്ട്.

നാലുവർഷത്തിന് മുമ്പ് അഞ്ജു അരുണിന്റെ കൂട്ടുകാരനായ ശ്രീജുവുമായി അടുപ്പത്തിലായി. ഇക്കാര്യം അരുൺ അറിഞ്ഞതോടെ വീട്ടിൽ പ്രശ്‌നങ്ങളായി. അരുണും അഞ്ജുവുമായി മാനസികമായി അകന്നു. തുടർന്ന് ഇരുവരും കുളപ്പടയിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെയും ശ്രീജു രഹസ്യമായി എത്തുന്നുണ്ടായിരുന്നു. ഇത് അരുണിനെ പ്രകോപിതനാക്കി. ഇത് പ്രശ്‌നങ്ങൾ സങ്കീർണ്ണതയിലേക്കും എത്തിച്ചു.

ഒരുമിച്ച് ജീവിക്കാൻ അഞ്ജുവും ശ്രീജുവും തീരുമാനിച്ചിരുന്നു. ഇതിന് അരുൺ തടസ്സമാണെന്നും മനസ്സിലാക്കി. ഇതോടെ അരുണിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. അഞ്ജുവുമായുള്ള ശ്രീജുവിന്റെ അടുപ്പം അറിഞ്ഞതോടെ അയാളുടെ ഭാര്യയും പിണങ്ങിപ്പോയി. അങ്ങനെ രണ്ടിടത്തും കലഹം.

ഇന്നലെ വൈകുന്നേരത്തോടെ ശ്രീജു അഞ്ജുവിനെ കാണാൻ എത്തി. ഈ സമയം അരുണും അവിടെ എത്തി. ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് ഇരുവരും വാക്കുതർക്കമുണ്ടാവുകയും കുത്തിക്കൊല്ലുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും ചേർന്ന് അരുണിനെ വിളിച്ചുവരുത്തുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ല. അഞ്ജുവിനെ വിട്ടുകൊടുക്കാൻ അരുണിന് താൽപ്പര്യവും ഇല്ലായിരുന്നു. ഇതാണ് പ്രശ്‌നം സങ്കീർണ്ണമാക്കിയത്.