- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേനിയിൽ പാരമെഡിക്കൽ കോഴ്സിന് ചേരാൻ വേണ്ടിയിരുന്നത് നാലു ലക്ഷം; ബാങ്ക് വായ്പ തേടി പോയ മകളെ പിന്നെ അച്ഛനും അമ്മയും കണ്ടത് തൂങ്ങി മരിച്ച നിലയിൽ; ഏഴുകോണിലെ അനഘയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പാ നിഷേധമോ? പ്രഖ്യാപനങ്ങൾ ജലരേഖയാകുമ്പോൾ
കൊല്ലം: എഴുകോൺ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസം. തുടർ വിദ്യാഭ്യാസത്തിൽ സംശയം വന്നതിനെ തുടർന്നാണ് മരണമെന്നാണ് വിലയിരുത്തൽ. അർഹതപ്പെട്ട എല്ലാവർക്കും വിദ്യാഭ്യാസ വായ്പ കിട്ടുന്നുവെന്ന് ഉറപ്പാക്കുമെന്ന് സർക്കാരുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വെറു വാക്കായി എന്നാണ് ഏഴുകോൺ സംഭവവും ചൂണ്ടിക്കാട്ടുന്നത്.
പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലാ(19)ണു മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ തേനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്‌സിനു പ്രവേശനം നേടിയ അനഘ ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഇത് കിട്ടിയില്ലെന്നതാണ് വസ്തുത.
4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. വായ്പ സംബന്ധിച്ചു സംസാരിക്കാൻ അനഘ ബാങ്കിൽ പോയിരുന്നു. ബാങ്കിൽനിന്നു മകൾ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിലെത്തി വിളിച്ചപ്പോൾ അനഘ വാതിൽ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു.
വീട് വയ്ക്കാൻ ഇതേ ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അതു തടസ്സമാകുമോ എന്ന സംശയത്തിൽ 45,000 രൂപ ഈയിടെ അടയ്ക്കുകയും ചെയ്തു. എന്നിട്ടും വിദ്യാഭ്യാസ വായ്പ കി്ട്ടിയില്ല. നാളെ കോളജിൽ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുൻപായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിർദ്ദേശം.
എന്നാൽ അനഘയ്ക്കു വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ