കൊച്ചി: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വലിയ തിരിച്ച് വരവായ ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. സുരേഷ്‌ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ മലയാള ചലച്ചിത്ര ലോകം മൊത്തം വളരെ അധികം ആകാംക്ഷയിലാണ്.

രൺജിപണിക്കർ എന്റർടെയ്ന്മെന്റ്‌സ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ലേലത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കർ തന്നെയാണ്. സംവിധാനം ഏറ്റെടുത്തിരിക്കുന്നത് നിതിൻ രൺജി പണിക്കരാണ്.

മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ചില കാര്യങ്ങളിൽ അന്തിമ തീരുമാനമാകാനുണ്ടെന്നും നിതിൻ പറയുന്നു. ലേലം സംവിധാനം ചെയ്തത് ജോഷിയാണ്.

സുരേഷ് ഗോപി എന്ന താരത്തിന്റെ പ്രേക്ഷക പ്രീതി വർധിപ്പിച്ച ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ആനക്കാട്ടിൽ ചാക്കോച്ചിയെ തിരികെ കൊണ്ടു വരാനൊരുങ്ങുകയാണ് നിതിൻ രൺജി പണിക്കർ. രൺജി പണിക്കരുടേത് തന്നെയാണ് തിരക്കഥ. എംപി സ്ഥാനമേറ്റെടുത്ത ശേഷം സിനിമകളിൽ സജീവമല്ലാത്ത സുരേഷ്ഗോപി ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ആനക്കാട്ടിൽ ചാക്കോച്ചിയിലൂടെ.

ഇടക്കാലത്ത് സിനിമയിൽ മങ്ങി നിന്ന സുരേഷ് ഗോപിക്ക് തിരിച്ചു വരവിന് വഴിയൊരുക്കിയ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന രഞ്ജി പണിക്കർ ചിത്രം. 1994 ൽ രഞ്ജിപണിക്കർ തന്നെ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം അന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തതും, നിർമ്മിച്ചതും രഞ്ജിപണിക്കർ തന്നെയാണ്. ഭഗത് ചന്ദ്രൻ അന്ന് സൂപ്പർഹിറ്റായിരുന്നു.