- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വനത്തിൽനിന്നും പരിസരം ശ്രദ്ധയോടെ വീക്ഷിച്ച് ഇറങ്ങിയെത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ആനക്കൂട്ടം പതിയെ വെള്ളത്തിലേയ്ക്കിറങ്ങും; മാങ്കുളത്തെ ആനക്കുളത്തെ ആന കാഴ്ച കാണാൻ സഞ്ചാരികൾ ഏറെ
കോതമംഗലം; വനത്തിൽനിന്നും പരിസരം ശ്രദ്ധയോടെ വീക്ഷിച്ച് ഇറങ്ങിയെത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ആനക്കൂട്ടം പതിയെ വെള്ളത്തിലേയ്ക്കിറങ്ങും. കുട്ടിയാനകൾ പരസ്പരം ഉന്തും തള്ളുമൊക്കെയായി കളിച്ചുതിമിർക്കുമ്പോൾ മുതിർന്ന ആനകൾ തുമ്പികൈ കൊണ്ട് അടിത്തട്ടിലെ കല്ലുകൾ മാറ്റി വെള്ളം കുടിക്കാൻ തുടങ്ങും. ഇടയ്ക്ക് തുമ്പികൈ ജലപ്പരപ്പിന് മുകളിൽ എത്തിച്ച് കുഞ്ഞുങ്ങളുടെ ദേഹത്തേയ്ക്ക് വെള്ളം ചീറ്റിച്ചും കുഞ്ഞു തുമ്പികൈകളിലേയ്ക്ക് വെള്ളപകർന്നുമൊക്കെ അമ്മമാരുടെ സ്നേഹപ്രകടവും കാണാം. 4-5 ഉം മണിക്കൂർ വരെ തങ്ങി ദാഹം ശമിപ്പിച്ച്, ദേഹവും തണുപ്പിച്ചാണ് പിന്നെ ആനക്കൂട്ടത്തിന്റെ മടക്കം. ഇടുക്കി ജില്ലയിലെ അടമാലി മാങ്കുളത്തിനടുത്തുള്ള ആനക്കുളത്തെ സ്ഥിരം കാഴ്ചയാണിത്.
10-15 മീറ്റർ വരെ അടുത്ത് മണിക്കൂറുകളോളം കാട്ടാനകൂട്ടത്തെ കണാമെന്നതാണ് മാങ്കുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ മലമടക്കുകൾക്കിടയിലെ ഈ ചെറുഗ്രാമം ഇന്ന് വിദേശിയർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. 20 ലേറെ വരുന്ന കൂട്ടമാണ് ഇന്ന് പുലർച്ചെ വെള്ളത്തിൽ ഇറങ്ങിയിട്ടുള്ളത്.100 ഉം ചലപ്പോൾ 150 എണ്ണം വരെയുള്ള കൂട്ടം ഇവിടെ വെള്ളം കുടിക്കാനെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം.കാര്യമായ ചലനമില്ലാതെ നിന്ന നിൽപ്പിൽ ആസ്വദിച്ചുള്ള ആനകളുടെ വെള്ളംകുടിക്കൽ കാണാൻ അടുത്ത കാലത്തായി ഇവിടേയ്ക്ക് വിനോദസസഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചിട്ടുണ്ട്.
ഏതാനും വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളും മറ്റുമുള്ള ചെറിയ കവലയിലാണ് മാങ്കുളത്തുനിന്നും ആനക്കുളത്തേയ്ക്കുള്ള പാത അവസാനിക്കുന്നത്. ഇവിടെ നിന്നും ആദിവാസി ഊരുകളിലേയ്ക്കും വനമേഖലകളിലേയ്്ക്കും ചെറുപാതകൾ ഉണ്ടെങ്കിലും ഇവിടേയ്ക്ക് പുറമെ നിന്നുള്ളവർക്ക് പ്രവേശനമില്ല. കവലയിൽ പാതയോരത്ത് നിന്നാൽ വനമേഖലയിൽ നിന്നും ആനക്കൂട്ടം ഇറങ്ങിവരുന്നത് ഉൾപ്പെടെയുള്ള കാഴ്ചകൾ വ്യക്തമായി കാണാം. കാഴ്ചക്കാർ നിൽക്കുന്ന ഭാഗത്തിന് സമീപം താഴെ വോളിബോൾ കളിക്കായി ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. ആനക്കൂട്ടം എത്തുമ്പോൾ കളിക്കാർ ഇവിടെ നിന്നും ഒഴിവാകും.
തുറസായ പ്രദേശമാണെങ്കിലും ആനക്കൂട്ടം ഇതുവരെ കവലയിലേയ്ക്ക് പ്രവേശിക്കുന്നതിനോ കാഴ്ചക്കാരെ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. മലയാറ്റൂർ വനമേഖലയിൽ നിന്നാണ് ആനക്കൂട്ടം ഇവിടേയ്ക്കെത്തുന്നത്.
അവധി ദിവസങ്ങളിൽ ഇവിടേയ്ക്ക് സഞ്ചാരികളുടെ വിനോദസഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചിട്ടുണ്ട്. സമീത്തെ പ്രവർത്തിക്കുന്ന റിസോർട്ട് ,ഹോംസ്റ്റേ നടത്തിപ്പുകാർ പാക്കേജിന്റെ ഭാഗമായി ആനക്കുളം സന്ദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ആനക്കൂട്ടം എത്തിയിട്ടുണ്ടോ എന്ന് അറിയിക്കാൻ ഇക്കൂട്ടർ ആനക്കുളത്ത് ഏജന്റെമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ആനകൂട്ടം എത്തിയിട്ടുണ്ടെന്ന് വിവരം എത്തിയാൽ ഉടൻ ഇവർ വാഹനങ്ങൾ തയ്യാറാക്കി താമസക്കാരെ ആനകൂട്ടത്തെ കാണിക്കാൻ ആനക്കുളത്തെത്തിക്കും.
ആനകൾ വെള്ളം കുടിക്കാനിറങ്ങുന്ന പ്രദേശത്ത് ഇപ്പോൾ കാൽമുട്ടിന്റെ അത്ര ഉയരത്തിലാണ് ജലനിരപ്പ്. ഇവിടെ അങ്ങിങ്ങായി വെള്ളത്തിൽ നിന്നും ചെറുകുമിളകൾ ഉയരുന്നുെണ്ടന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ പ്രത്യേകതകളൊന്നും ദൃശ്യമല്ല.വെള്ളത്തിന് ഉപ്പുരസമുള്ളതുകൊണ്ടാണ് ഈ ഭാഗത്ത് ആനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്നതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുത.എന്നാൽ ഇത് ഇപ്പോഴും ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.
തുടർച്ചയായി ആനക്കൂട്ടം ഇവിടെ എത്തുന്നതിനെക്കുറിച്ച് പലരും ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇനിയും പുറത്തുവന്നിട്ടില്ലന്നും ഒരു അത്ഭത പ്രതിഭാസമെന്ന നിലയിലാണ് താനുൾപ്പെയുള്ള നാട്ടുകാർ ഇതിനെ വിലയിരുത്തുന്നതെന്നും അനക്കുളം വന സംരക്ഷണ സമിതി പ്രസിഡന്റും പ്രദേശത്തെ വ്യാപാരിയുമായ ജിന്റോ ജെയിംസ് പറഞ്ഞു.സമീപത്തെ ആദിവാസി ഊരുകളിലേയ്ക്ക് അന്തേവാസികൾ ആനത്താരകളിലൂടെയാണ് കടന്നുപോകുന്നത്.ഇവരിൽ ഒരാൾക്കുപോലും ആനയുടെ ആക്രണത്തിൽ പരിക്കേറ്റതായി വിവരമില്ല.അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ആനകൾ അക്രമണകാരികളല്ലന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. ജിന്റോ കൂട്ടിച്ചേർത്തു.
നീർച്ചാലിൽ ആനക്കുളം ഓര് , ചിറ്റുകുളം ഓര് എന്നിങ്ങിനെ രണ്ടിടങ്ങളിലാണ് പതിവായി ആനക്കൂട്ടം ഇറങ്ങുന്നത്.ആനക്കൂട്ടം ഏതുസമയത്തും എത്താവുന്ന സാഹചര്യം ആയതിനാൽ ഇവിടെ വനംവകുപ്പ് വാച്ചർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആനക്കൂട്ടം എത്തുന്നതിന്റെ തൊട്ടടുത്തായി ,ദേവി ക്ഷേത്രത്തിന് സമീപം ഏതാനും മാസങ്ങൾക്ക് മുമ്പ് ആനക്കുളം ഫോറസ്റ്റ് റെയിഞ്ചിന്റെ കീഴിൽ ബാംബു പാർക്ക് പ്രവർത്തനം ആരംഭിച്ചിരുന്നു.സമീപത്തായി നക്ഷത്രവനം രൂപപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇല്ലി പാർക്കിലേയ്ക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചിട്ടുണ്ടെന്നും തണുപ്പുള്ള അനന്തരീക്ഷത്തിൽ ശുദ്ധവായു ശ്വസിച്ച് ,പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടെന്നും ആനക്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ കെ വി അജി അറിയിച്ചു.വന സംരക്ഷണ സമിതിക്കാണ് പാർക്കിന്റെ നടത്തിപ്പ് ചുമതല. കൊച്ചി ഭാഗത്തുനിന്ന് എത്തുന്നവർക്ക് അടിമാലിക്കടുത്ത് മച്ചിപ്ലാവിൽ നിന്നും തിരിഞ്ഞ് കുരങ്ങാട്ടി ,മാങ്കുളം വഴി ആനക്കുളത്തെത്താം.മൂന്നാറിൽ നിന്നെത്തുന്നവർക്ക് കല്ലാർ മാങ്കുളം വഴിയും ഇവിടേയ്ക്കെത്താം.
മറുനാടന് മലയാളി ലേഖകന്.