ന്ന് നാം വാർത്താചാനലുകൾ കാണാൻ ഭയപ്പെടുന്നു, അവ ജനങ്ങളിൽ വെറുപ്പുളവാക്കുന്നു. ന്യൂസ് ചാനലുകളെ നാം പഴയകാലത്തെ മഞ്ഞപത്രങ്ങളെക്കാൾ തരംതാണവയെന്നു അനുഭവങ്ങളിലൂടെ മനസ്സിലാക്കുന്നു. 1960-70കളിൽ ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്ന ''തനിനിറം'' പത്രത്തെ ഇന്നത്തെ വാർത്താചാനൽ പ്രവർത്തനശൈലികളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ എത്രയോ അന്തസ്സുള്ള പത്രം. 

വാർത്താചാനലുകളുടെ നിലവിലെ ''ചന്തസ്വഭാവ''ത്തെപ്പറ്റിയും അവർക്ക് അങ്ങനെയല്ലാതെ പറ്റില്ല എന്നതിനെപ്പറ്റിയും 2007-ൽ തന്നെ ലേഖനമെഴുതിയ ബി.ആർ.പി ഭാസ്‌കർ ആ ലേഖനത്തിനു പേരിട്ടതുതന്നെ ''അനന്തരം മലയാളിസമൂഹം കൂട്ട ആത്മഹത്യചെയ്തു'' എന്നായിരുന്നു. 2007-ലെ മാദ്ധ്യമം മാസികയുടെ വാർഷികപതിപ്പിലദ്ദേഹം ഇങ്ങനെ എഴുതി.

ധാരാളം മാദ്ധ്യമങ്ങൾ മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന പ്രദേശമാണ് കേരളം. സ്വകാര്യ ടെലിവിഷന്റെ വരവ് മത്സരത്തിന്റെ വീറ് കൂട്ടി. പത്രങ്ങൾക്കിടയിലും ചാനലുകൾക്കിടയിലും പത്രങ്ങൾക്കുംചാനലുകൾക്കുമിടയിലും ഇപ്പോൾ കടുത്ത മത്സരമാണുള്ളത്. മത്സരത്തിലേർപ്പെട്ടിരിക്കുന്നവർ ഗുണമേന്മ കൂട്ടിയും വില കുറച്ചും ജനങ്ങളെ ആകർഷിക്കാൻ ശ്രമിക്കുമെന്നും അങ്ങനെ മത്സരം അവർക്കു പ്രയോജനകരമാകുമെന്നുമാണ് സിദ്ധാന്തം. എന്നാൽ മാദ്ധ്യമരംഗത്തെ അനുഭവം വ്യത്യസ്തമാണ്. മലയാള പത്രങ്ങൾക്ക് താരതമ്യേന വില കൂടുതലാണ് മലയാള ചാനലുകൾ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നവയായതുകൊണ്ട് (കേബിൾ കമ്പനികൾ ചാനലുകൾക്ക് വരിസംഖ്യയിൽനിന്ന് വിഹിതം നൽകേണ്ടതില്ല) വില കുറയുന്ന പ്രശ്നമില്ല. പ്രേക്ഷകർക്ക് ഗുണമേന്മയുള്ള പരിപാടികളെക്കാൾ പ്രിയം ഗുണമേന്മ കുറഞ്ഞവയോടാണെന്ന് ബന്ധപ്പെട്ടവർ വിശ്വസിക്കുന്നു. അങ്ങനെ സിദ്ധാന്തം പൂർണമായി പരാജയപ്പെടുന്നു.

വൻ പരസ്യക്കാരുടെ താൽപര്യത്തിന്റെ പ്രേരണയിൽ വലിച്ചുനീട്ടപ്പെട്ട പരമ്പരകൾ പ്രേക്ഷകർക്ക് വേഗം മടുത്തു. അത് ചാനൽ സാരഥികളെ പുതിയ പരിപാടികൾ തേടാൻ നിർബന്ധിച്ചു. ഗുണം കുറയുന്നതിനൊത്ത് ജനപ്രിയത കൂടുമെന്ന തത്ത്വം പിന്തുടർന്ന് അവർ ക്രമേണ താഴോട്ടിറങ്ങി. വിജ്ഞാനത്തിന് വിനോദത്തോളം ആകർഷണശക്തിയില്ലെന്ന വിശ്വാസത്തിൽ അവർ അതിനെ മെല്ലെ ഉപേക്ഷിച്ചു. തമാശപ്പരിപാടികളായി ഏറ്റവുമധികം പ്രേക്ഷകരുള്ള സായാഹ്നവേളയിലെ മുഖ്യ ഇനം. സ്വകാര്യ ചാനലുകൾ കൃത്രിമത്തിന് അവസരം നൽകുന്ന പ്രേക്ഷക കണക്കെടുപ്പ് സംവിധാനത്തിന്റെ സഹായത്തോടെ മേൽകൈ നേടുമെന്ന ഭയം പൊതുപ്രക്ഷേപണ സംവിധാനമായ ദൂരദർശനെയും വാണിജ്യടെലിവിഷന്റെ രീതികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചു.

അച്ചടിയുടെ കാലത്തുതന്നെ വമ്പിച്ച മാദ്ധ്യമസ്വാധീനം ഏറ്റുവാങ്ങിയ കേരളസമൂഹത്തെ ഇപ്പോൾ ദൃശ്യമാദ്ധ്യമങ്ങൾ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠമായ പഠനങ്ങളുടെ അഭാവത്തിൽ മാറ്റങ്ങളുടെ സ്വഭാവം കൃത്യമായി തിട്ടപ്പെടുത്താനാവില്ല. മാദ്ധ്യമ സംഘടനകളോ അക്കാദമിക സ്ഥാപനങ്ങളോ അത്തരം പഠനങ്ങളിൽ താൽപര്യം കാട്ടുന്നില്ല. വ്യക്തിപരമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അനുമാനങ്ങൾ നടത്തുക മാത്രമാണ് ഈ സാഹചര്യത്തിൽ കരണീയമായുള്ളത്.

വിഷയങ്ങളില്ലാത്ത ചർച്ചകൾ

മ്മുടെ സ്ഥിതിഗതികൾ യാഥാർഥ്യബോധത്തോടെ വിലയിരുത്താതെയാണ് ചാനലുകൾ മറുനാടൻ രീതികൾ സ്വീകരിക്കുന്നത്. മൂന്നോ നാലോ പ്രധാന സംഭവങ്ങളെ ആസ്പദമാക്കി വാർത്താചാനലുകൾ നടത്തുന്ന ഒരു മണിക്കൂർ ചർച്ചകൾ ഇതിനുദാഹരണമാണ്. നീണ്ട ഗൗരവപൂർവമായ ചർച്ച ആവശ്യപ്പെടുന്ന സംഭവങ്ങൾ ഇവിടെ ദിവസവും ഉണ്ടാകുന്നില്ല. അതുകൊണ്ട് അത്തരം ചർച്ച ആവശ്യപ്പെടാത്ത വിഷയങ്ങളും ചാനലുകൾ ഏറ്റെടുക്കുന്നു. തെരഞ്ഞെടുത്ത വിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയുന്നവരെ എപ്പോഴും കിട്ടിയെന്നിരിക്കില്ല. പണച്ചെലവ് കൂടാതെ വാർത്താസമയത്ത് കിട്ടുന്നവരെവച്ച് ചർച്ച സംഘടിപ്പിക്കാൻ അവർ നിർബന്ധിതരാവുന്നു. നല്ലപോലെ കാര്യങ്ങൾ പറയാൻ കഴിയുന്നയാളെക്കാൾ ടി.വി.യിൽ ശോഭിക്കുന്നത് അവ നാടകീയമായി അവതരിപ്പിക്കാൻ കഴിവുള്ളയാളാണ്. അങ്ങെയുള്ളവർ പ്രകാശത്തിനു പകരം ചൂടു പരത്തുന്നു.പലപ്പോഴും ചർച്ചകൾ പ്രശ്നങ്ങൾക്ക് വ്യക്തത നൽകാതെ സങ്കീർണമാക്കുന്നു. പ്രധാന രാഷ്ട്രീയ കക്ഷികൾ ആശയങ്ങൾക്കു കൃത്യത നൽകാൻ കഴിയുന്നവരെ ഒഴിവാക്കിക്കൊണ്ട് പുകമറ സൃഷ്ടിക്കാനാവുന്നവരെ ചർച്ചകൾക്ക് നിയോഗിക്കുന്നു.

ഒരു വിവാദം എറിഞ്ഞുകൊടുത്താൽ കൊത്തുമെന്ന തിരിച്ചറിവാണ് മാദ്ധ്യമ സിൻഡിക്കേറ്റ് പോലുള്ള അസംബന്ധങ്ങൾ പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. പരസ്യക്കാരുടെ താൽപര്യം മാത്രമാണ് അതിനെ നയിക്കുന്നത്. അവർക്കായി പ്രേക്ഷകരെ ചാനലുകൾ മൊത്തമായും സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിങ്ങനെ വേർതിരിച്ചുകൊണ്ടും നിരന്തരം 'മാനിപുലേറ്റ്' ചെയ്തുകൊണ്ടിരിക്കുന്നു. ചാനലുകൾ പറയുമ്പോൾ ചാടുന്ന കുഞ്ഞുരാമന്മാരും കുഞ്ഞുസീതമാരും അടങ്ങുന്ന ഒരു എസ്.എം.സ് തലമുറ എത്തിയിരിക്കുന്നു.

മാദ്ധ്യമ 'മാനിപുലേഷൻ' നിത്യ യാഥാർത്ഥ്യമായി അംഗീകരിക്കാൻ നാം നിർബന്ധിതമാകുന്ന സാഹചര്യത്തിൽ ആ ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം സൂക്ഷ്മമായി രേഖപ്പെടുത്താൻ കഴിയുന്ന ഒരു മലയാള പദം വേണ്ടതല്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. വേണ്ടെന്നാണ് എന്റെ അഭിപ്രായം. മരണം, കാത്തുകിടക്കുന്ന ഒരു ഭാഷാസമൂഹം എന്തിന് പുതിയ വാക്കുകൾ തേടണം? നാം ഇന്നറിയുന്ന മലയാളം ഇല്ലാതിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ടെന്ന് ചരിത്രം പറയുന്നു. ഈ മലയാളമില്ലാത്ത ഒരു ഭാവി കേരളത്തെ കാത്തിരിക്കുന്നു. മലയാളിസമൂഹത്തിന് എന്തു സംഭവിച്ചു എന്നന്വേഷിക്കുന്ന ഭാവി ഗവേഷകൻ ഇങ്ങനെ രേഖപ്പെടുത്തിയേക്കാം. ''...അനന്തരം മലയാളി സമൂഹം ടെലിവിഷം കഴിച്ച് കൂട്ട ആത്മഹത്യ ചെയ്തു.'' (ടെലിവിഷം എന്ന പ്രയോഗത്തിന് തമിഴ്‌നാട്ടിലെ പട്ടാളി മക്കൾ കക്ഷിനേതാവ് രാമദാസിനോട് കടപ്പാട്).

ഒരു മാദ്ധ്യമ നയം രൂപവത്കരിച്ച് നടപ്പാക്കുകയാണ് ആത്മഹത്യാ മുമ്പിലേക്കു നീങ്ങുന്ന സമൂഹത്തെ തിരികെ കൊണ്ടുവരാൻ പറ്റിയ മാർഗ്ഗമെന്നു തോന്നുന്നില്ല. മാദ്ധ്യമ നയം എന്ന ആശയം സ്വീകരിച്ചാൽ അതുണ്ടാക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ചുമതല ആരെയാണ് ഏൽപിക്കുക? സർക്കാരിനെ ഏൽപ്പിച്ചാൽ അത് ഔദ്യോഗിക-രാഷ്ട്രീയ ഇടപെടലുകൾക്ക് ഇടയാക്കും. മാദ്ധ്യമപ്രവർത്തനത്തിന്റെ ഉന്നത മൂല്യങ്ങൾ പരസഹായം കൂടാതെ ഉയർത്തിപ്പിടിക്കാൻ മാദ്ധ്യമങ്ങൾക്കു കഴിയണം. ഉടമകളും ജീവനക്കാരും തൊഴിൽമൂല്യങ്ങൾ തിരിച്ചറിയുകയും അവ മാനിക്കാൻ തയാറാവുകയും ചെയ്താൽ ഇതു സാധ്യമാകും.