ചാനൽ പരിപാടികൾ ജനങ്ങളെ ബാധിക്കും എന്നു ചൂണ്ടിക്കാണിക്കുന്നത് ക്രിമിനോളജിസ്റ്റും അഭിഭാഷകനുമായ ഡോ. ജയിംസ് വടക്കുംചേരിയായിരുന്നു. 2014 മെയ് 4-ലെ കലാകൗമുദി ആഴ്ചപതിപ്പിലെ ''പിടിക്കപ്പെടില്ലെന്ന് ടെക്കികൾ കരുതിയത് എന്തുകൊണ്ട്" എന്ന ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി.

നമ്മുടെ നാട്ടിൽ കൊലപാതകങ്ങൾ അചിന്ത്യമാം വിധം വർദ്ധിക്കുന്നുവെന്നു കാണിക്കാൻ തെളിവുകളില്ല. കൊലപാതകങ്ങൾ കുറയുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നുണ്ടെങ്കിലും പല കൊലപാതകങ്ങളും പൈശാചികമാണെന്നത് ആശങ്ക ഉണർത്തുന്നു. അത്തരത്തിലുള്ള ക്രൂരമായ രീതിയിൽ നടത്തുന്ന കൊലപാതകങ്ങളും ലൈംഗികാഭാസത്തരങ്ങളും ദൃശ്യ-ശ്രവ്യമാദ്ധ്യമങ്ങളിൽ നിത്യേന നാം കണ്ടുകൊണ്ടിരിക്കുന്നു.

ക്രൂര കൊലപാതകങ്ങളെക്കുറിച്ച് ചാനലുകൾ ചർച്ച സംഘടിപ്പിക്കാറുണ്ട്. അത്തരം ചർച്ചകളിൽ ചിലർ കൊലപാതകങ്ങളെ നിസ്സാരവല്ക്കരിക്കുന്നതും സ്വാഭാവിക പ്രതികരണം എന്ന പ്രയോഗത്തിൽ ഒതുക്കിനിറുത്തുന്നതും കാണാവുന്നതാണ്. ചാനലുകളിൽ കാണിക്കുന്ന സിനിമകളും സീരിയലുകളും ക്രൂരമായ കൊലപാതകങ്ങളെ ആകർഷകമാക്കുന്നു. പശ്ചാത്തലസംഗീതവും പ്രകൃതിഭംഗിയും ഇടകലർത്തി കാണിക്കുന്ന ക്രൂര കൊലപാതകങ്ങളെ നിസംഗതയോടെ നോക്കിക്കാണാൻ പ്രേരകമാകുന്നു.

എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ കൊലപാതകങ്ങളെയും വിവാഹ ജീവിതത്തിനിടയിലെ അവിഹിത ലൈംഗിക ബന്ധങ്ങളെയും ന്യായീകരിച്ചാലും അവ രണ്ടും മനുഷ്യർക്ക് സന്തോഷജീവിതം നയിക്കുന്നതിനോ സമാധാനമായി ജീവിക്കുന്നതിനോ ഇടവരുത്തുന്നില്ലെന്ന് അനുഭവസാക്ഷ്യം നമ്മെ കാണിച്ചുതരുന്നു.