- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിനെതിരായ പരാമർശങ്ങൾ കവർ സ്റ്റോറിയായി; മകന്റെ അഴിമതി കോൾഡ് സ്റ്റോറേജിലാക്കി; മാദ്ധ്യമകോമാളികളുടെ കളികൾ ഇങ്ങനെ
നിരവധിപേർക്കെതിരെ അടിസ്ഥാനമില്ലാതെ മാദ്ധ്യമങ്ങൾ വ്യക്തിഹത്യ നടത്തിയപ്പോൾ മൗനം പാലിച്ച ചില മാദ്ധ്യമങ്ങൾ വി എസ്. അച്യുതാനനന്ദനെതിരെ ചില പരാമർശങ്ങൾ വന്നപ്പോൾ അതു കവർ സ്റ്റോറിയാക്കി. അച്യുതാനന്ദന്റെ മകന്റെ അഴിമതി വിജിലൻസ് കഴിഞ്ഞ 5 വർഷമായി കോൾഡ് സ്റ്റോറേജിലാക്കി. അതിന്റെ അന്വേഷണം ത്വരിതപ്പെടുത്താൻ അച്യുതാനന്ദൻ കൈവിരലനക്കിയില്ല. 26 ലക്ഷം രൂപാ മാത്രം തിരഞ്ഞെടുപ്പിനു ചിലവഴിക്കാവുന്ന ഈ തിരഞ്ഞെടുപ്പിൽ അച്ച്യുതാനന്ദൻ അടക്കം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നവർ എത്രകോടി ചിലവഴിച്ചു? ''മാദ്ധ്യമക്കോമാളികൾ'' എന്നായിരുന്നു 1/5/2016ലെ കലാകൗമുദി ആഴ്ചപതിപ്പിന്റെ കവർസ്റ്റോറിയുടെ ടൈററിൽ. അതിൽ എസ്. ജയചന്ദ്രൻനായർ ഇങ്ങനെ എഴുതിയിരിക്കുന്നു: ജനങ്ങൾക്കിഷ്ടപ്പെട്ടവരെ വാക്കുകൾകൊണ്ട് പ്രഹരിച്ചും ഭർത്സിച്ചും മാദ്ധ്യമങ്ങൾ നടത്തുന്ന കോമാളിത്തരങ്ങൾ കണ്ടും കേട്ടും ശബ്ദമില്ലാത്തവർ രസിക്കുകയല്ല. അവജ്ഞയോടെ അതൊക്കെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇത് എന്നാണ് നാം തിരിച്ചറിയുന്നത്? 'പംക്തികാര'ന്മാരെന്ന നിലയ്ക്ക് സി. നാരായണപിള്ള
നിരവധിപേർക്കെതിരെ അടിസ്ഥാനമില്ലാതെ മാദ്ധ്യമങ്ങൾ വ്യക്തിഹത്യ നടത്തിയപ്പോൾ മൗനം പാലിച്ച ചില മാദ്ധ്യമങ്ങൾ വി എസ്. അച്യുതാനനന്ദനെതിരെ ചില പരാമർശങ്ങൾ വന്നപ്പോൾ അതു കവർ സ്റ്റോറിയാക്കി. അച്യുതാനന്ദന്റെ മകന്റെ അഴിമതി വിജിലൻസ് കഴിഞ്ഞ 5 വർഷമായി കോൾഡ് സ്റ്റോറേജിലാക്കി. അതിന്റെ അന്വേഷണം ത്വരിതപ്പെടുത്താൻ അച്യുതാനന്ദൻ കൈവിരലനക്കിയില്ല. 26 ലക്ഷം രൂപാ മാത്രം തിരഞ്ഞെടുപ്പിനു ചിലവഴിക്കാവുന്ന ഈ തിരഞ്ഞെടുപ്പിൽ അച്ച്യുതാനന്ദൻ അടക്കം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നവർ എത്രകോടി ചിലവഴിച്ചു? ''മാദ്ധ്യമക്കോമാളികൾ'' എന്നായിരുന്നു 1/5/2016ലെ കലാകൗമുദി ആഴ്ചപതിപ്പിന്റെ കവർസ്റ്റോറിയുടെ ടൈററിൽ. അതിൽ എസ്. ജയചന്ദ്രൻനായർ ഇങ്ങനെ എഴുതിയിരിക്കുന്നു:
ജനങ്ങൾക്കിഷ്ടപ്പെട്ടവരെ വാക്കുകൾകൊണ്ട് പ്രഹരിച്ചും ഭർത്സിച്ചും മാദ്ധ്യമങ്ങൾ നടത്തുന്ന കോമാളിത്തരങ്ങൾ കണ്ടും കേട്ടും ശബ്ദമില്ലാത്തവർ രസിക്കുകയല്ല. അവജ്ഞയോടെ അതൊക്കെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇത് എന്നാണ് നാം തിരിച്ചറിയുന്നത്?
'പംക്തികാര'ന്മാരെന്ന നിലയ്ക്ക് സി. നാരായണപിള്ളയും കെ.ആർ. ചുമ്മാറും പത്രപ്രവർത്തനരംഗം അടക്കിവാണിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ എഴുതുന്നതെന്തും വായനക്കാർ ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരല്പം പരിഹാസം കലർന്ന ഫലിതത്തോടെ കെ.ആർ. ചുമ്മാർ എഴുതിയിരുന്ന പ്രതിവാരക്കുറിപ്പിൽ ഒരു പ്രാവശ്യം ഏലത്തോട്ടവും ഏലക്കൃഷിയും കടന്നുവന്നു. വനംവകുപ്പു മന്ത്രിയായിരുന്ന അടിയോടിയുടെ രാഷ്ട്രീയജീവിതത്തിനു തിരശ്ശീലയിട്ട 'വനസ്വത്തപഹരണം' എന്ന അന്വേഷണാത്മകമായ റിപ്പോർട്ടായിരുന്നു കാരണം. അടിക്കാടുകൾ വെട്ടിനശിപ്പിച്ച് ഏലക്കൃഷിയുടെ തകർച്ചയിലേക്ക് നയിച്ചേക്കാവുന്ന ഔദ്യോഗികരേഖകൾ ഉദ്ധരിച്ച് തയ്യാറാക്കിയതായിരുന്നു ആ റിപ്പോർട്ട്. അത് സൃഷ്ടിച്ച പ്രതിസന്ധിയെ അടിയോടിയുടെ രാജിയിലൂടെ കരുണാകരൻ ഗവണ്മെന്റ് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഒരു ഏലച്ചെടിയുടെ ചിത്രവുമായി ചുമ്മാർ കുറിപ്പെഴുതുന്നത്. വിവാദവിഷയമായ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഏലത്തോട്ടത്തിലെ ചെടിയുടെ ചിത്രമാണ് കുറിപ്പിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആ പ്രദേശത്ത് ''ഏലച്ചെടികൾ സസുഖം വളരുന്നുണ്ടെന്നും'' ചുമ്മാർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും യാഥാർത്ഥ്യത്തെ തമസ്‌കരിക്കാനായില്ല. അടിയോടിക്ക് വനംവകുപ്പു നഷ്ടപ്പെട്ടു. അധികാരത്തിൽനിന്നൊഴിഞ്ഞുപോകുന്നത് പ്രതിരോധിക്കാനായി ജസ്റ്റിസ് അടിയോടിയെ അന്വേഷണക്കമ്മീഷനായി നിയമിച്ചു. എന്നിട്ടും ആ ഭരണകൂടത്തെ നിലനിർത്തേണ്ടത് സ്വന്തം ബാദ്ധ്യതയാണെന്ന് വിശ്വസിച്ച പത്രസ്ഥാപനത്തിന്റെ പ്രതിനിധിയോ വക്താവോ ആകുകയായിരുന്നു അപ്പോൾ ചുമ്മാർ. അങ്ങനെ ചെയ്തപ്പോൾ അദ്ദേഹവും അദ്ദേഹം പ്രതിനിധാനംചെയ്ത പത്രസ്ഥാപനവും സ്വയം പരിഹാസ്യരായത് ചരിത്രം.
ഇപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വിലകുറഞ്ഞ ചില വിവാദങ്ങളാണ് പഴയകാലത്തെ ആ സംഭവം ഓർമ്മിക്കാൻ കാരണമായത്. വർഷങ്ങൾ കൊഴിഞ്ഞുവീഴുകയും വ്യക്തികൾ രംഗത്തുനിന്ന് നിഷ്‌ക്രമിക്കുകയും ചെയ്യുമ്പോഴും നിക്ഷിപ്തതാത്പര്യങ്ങൾ പഴയതുപോലെ അഭംഗുരം തുടരുകയാണെന്നാണ് ഈ വിവാദങ്ങൾ വ്യക്തമാക്കുന്നത്. വി എസ്. അച്യുതാനന്ദനെ എതിർക്കുന്ന പിണറായി വിജയനും പിണറായിയെ എതിർക്കുന്ന വി എസ്സും പത്രക്കാർ വിശേഷിപ്പിക്കാറുള്ളതുപോലെ എന്നും എപ്പോഴും 'ഹോട്ട് കോപ്പി'യാണ്. സത്യമാണെങ്കിലും അല്ലെങ്കിലും അവരെ കഥാപാത്രങ്ങളാക്കി റിപ്പോർട്ടുകൾ സൃഷ്ടിക്കുകയെന്നത് ഒരു വിഭാഗത്തിന്റെ നിലനില്പിന് ആവശ്യമായിവന്നിരിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും ആ റിപ്പോർട്ടുകൾ ചുമ്മാറിന്റെ ഏലച്ചെടികളായി സ്വയം പരിഹാസ്യരൂപങ്ങളായി മാറുകയാണ്. അതുവഴി അവ നിർമ്മിക്കുന്നവർ സ്വന്തം നിലയിലുള്ള വിശ്വാസത്യ നഷ്ടപ്പെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം.
മുമ്പൊരു തിരഞ്ഞെടുപ്പിൽ ഇടതുകക്ഷികൾ തോറ്റ് തുന്നം പാടുമോയെന്നറിയാൻ പാഴൂരിൽ പോകേണ്ട യാതൊരാവശ്യവുമില്ലെന്ന് കേരളത്തിലെ മിക്കവാറും എല്ലാ ദിനപത്രങ്ങളും കട്ടായമായി വിധിയെഴുതിയിരുന്നു. എന്നാൽ ആ വിധിയെഴുത്തിനെ മലയാളികൾ തിരുത്തി. ഈ വിധം പ്രമാദമായ വീഴ്ച സംഭവിക്കാനുള്ള കാരണത്തെപ്പറ്റി അപ്പോൾ ഒരു വിദഗ്ദ്ധസംഘം അന്വേഷിച്ചിരുന്നു. അതിൽ അവർ കണ്ടെത്തിയ യാഥാർത്ഥ്യം എക്കാലത്തേയും സത്യമായി നിലനിൽക്കുന്നു. ലക്ഷക്കണത്തിനു പ്രതികൾ അച്ചടിച്ചുവിൽക്കുന്നുണ്ടെങ്കിലും വായനക്കാരിൽ അഭിപ്രായം രൂപീകരിക്കുന്നതിലോ സ്വാധീനിക്കുന്നതിലോ ദിനപത്രങ്ങൾ പങ്കൊന്നും വഹിക്കുന്നില്ലെന്നായിരുന്നു ആ കണ്ടെത്തൽ.
ചായയോടൊപ്പം ദിനപത്രവും മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ദുശീലം ആണെങ്കിലും പണ്ട് പട്ടം താണുപിള്ള വിശേഷിപ്പിച്ചതുപോലെ അവ മഷിപുരട്ടിക്കടലാസു മാത്രമായി തരംതാഴാറുണ്ട്. പലരും ഒന്നിൽപ്പരം ദിനപത്രങ്ങളുടെ വരിക്കാരാവാനുള്ള കാരണം ഇതാണ്. ഒരെണ്ണം കഥവായിച്ച് രസിക്കാനും മറ്റൊന്ന് വാർത്ത അറിയാനും. അടുത്തകാലത്ത് ദിനപത്രങ്ങളുടെ സ്ഥാനം കൈയേറിയ ദൃശ്യമാദ്ധ്യമങ്ങളുടെ കഥയും ഇതുതന്നെയാണ്. ഒന്നിൽപ്പരം ചാനലുകൾ. അതു മാറ്റിമാറ്റി നോക്കി രസിക്കുന്ന മലയാളികൾ. കോട്ടും സൂട്ടും ധരിച്ച് വാക്കുകൾ ചലച്ചരച്ച് ഛർദ്ദിക്കുന്ന സുന്ദരന്മാരും സുന്ദരികളുമായ ആധുനികരായ ആ മാദ്ധ്യമപ്രവർത്തകർക്കുപോലും അറിയില്ല അവർ ആരുടെ ഉപകരണങ്ങളാണെന്ന് (അവരുടെ നിരയിൽ ഒരു കറുത്ത നിറക്കാരനെയന്നല്ല തവിട്ടു തൊലിക്കാരനെപ്പോലും കാണാൻ കഴിയാത്തതെന്തുകൊണ്ടാണ്?) പലപ്പോഴും അവർ ഒരു 'മീഡിയ'മായാണ് പ്രവർത്തിക്കുന്നത്.
കാഴ്ചക്കാർ കരുതുന്നതുപോലെ മാദ്ധ്യമ പ്രവർത്തനം നിർദ്ദോഷമല്ലെന്നു തെളിഞ്ഞിട്ടുള്ള നിരവധി സംഭവങ്ങളുണ്ട്. ഒരുകാലത്ത് ബർഖാ ദത്തിന്റെ നിരീക്ഷണങ്ങൾ പല സംഭവങ്ങളുടെയും അവസാനവാക്കായി പലരും വിശ്വസിച്ചിരുന്നു. എന്നാൽ റാഡിയാടേപ്പിലെ രഹസ്യങ്ങൾ പുറത്തുവന്നതോടെയാണ് ബർഖാ ദത്ത് ഒരു മീഡിയമായിരുന്നുവെന്ന് അറിയുന്നത്. അതുപോലെ അറിയപ്പെടാത്ത എത്രയോ ബർഖാ ദത്തുകൾ. (മാദ്ധ്യമചക്രവർത്തിയായ റൂപർച്ച് മർഡോക്കിന്റെ ലണ്ടനിലെ ഒരു പ്രസിദ്ധീകരണം അടച്ചുപൂട്ടിയ കഥയും ഇവിടെ ഓർമ്മിക്കാം). ഈ സംഭവങ്ങൾ ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. നിഷ്പക്ഷമെന്നും വസ്തുനിഷ്ഠമെന്നുമുള്ള വാക്കുകൾ അലങ്കാരത്തിനുള്ള ആഭരണങ്ങൾ മാത്രമാണെന്ന വസ്തുത.
അച്ചടി-ദൃശ്യമാദ്ധ്യമങ്ങളുടെ കട പൂട്ടിക്കുമെന്ന വാശിയിലാണല്ലോ സോഷ്യൽ മീഡിയകൾ. കാലദേശാതിർത്തികളെ അപ്രസക്തമോ അസാധുവോ ആക്കും വിധം അതു ശക്തമായിരിക്കുന്നു. വെറുതെ ചെലവഴിക്കാൻ ഒരുപാട് 'സമയം കൈവശമുള്ളവരുടെ മുഖ്യാഹാരമായിരിക്കുകയാണ് മീഡിയകളിലൂടെയുള്ള വിനിമയങ്ങൾ. പരദൂഷണവും ഒരല്പം ഉറക്കറരഹസ്യങ്ങളും പങ്കുവച്ച് വീട്ടമ്മമാർ വിശ്രമസമയം പ്രയോജനപ്പെടുത്തിയിരുന്ന കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന കുറിമാനങ്ങൾ. ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷാ ദിനപത്രങ്ങളിലെ 'പേജ് മൂന്നി'നെ നിസ്സാരമാക്കുന്നവയാണ് ഈ കുറിമാനങ്ങൾ. അവ രസിച്ചു വായിക്കുക മാത്രമല്ല ഉരുളയ്ക്കുപ്പേരി പോലെ മറുപടികൾ പോസ്റ്റ്ചെയ്ത് ധിഷണാസാമർത്ഥ്യവും പ്രതിഭയും പ്രദർശിപ്പിക്കുന്നവരാണ് മധ്യവർഗ്ഗക്കാർ. എന്നാൽ അവരുടേതല്ല ഈ ലോകമെന്ന് അവർക്കു മനസ്സിലാവാൻ ഇനിയും കാലം കുറെ വേണ്ടിവരും. ഒരു പ്രത്യേക ജാതിയിൽ ജനിച്ചുവെന്ന അപരാധത്തിന്മേൽ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹത് മരണക്കുറിപ്പിൽ എഴുതിയതുപോലെ 'നക്ഷത്രധൂളികൾകൊണ്ട് നിർമ്മിച്ച മഹത്തായ സൃഷ്ടിയാണ് മനുഷ്യൻ' എന്ന യാഥാർത്ഥ്യം അവർ തിരിച്ചറിഞ്ഞെന്നുവരില്ല.
ജനങ്ങൾക്കിഷ്ടപ്പെട്ടവരെ വാക്കുകൾകൊണ്ട് പ്രഹരിച്ചും ഭർത്സിച്ചും മാദ്ധ്യമങ്ങൾ നടത്തുന്ന കോമാളിത്തരങ്ങൾ കണ്ടും കേട്ടും ശബ്ദമില്ലാത്തവർ രസിക്കുകയല്ല. അവജ്ഞയോടെ അതൊക്കെ നിരാകരിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഇതു നാം തിരിച്ചറിയുന്നത്.