മാധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള പ്രസ് കൗൺസിൽ നീക്കം അനുവദിക്കാൻ കഴിയില്ലെന്ന് 2011-ൽ തന്നെ മാദ്ധ്യമ പ്രവർത്തകനായ ശശികുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ''മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി'' എന്ന സെമിനാറിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശസ്തരുടെ അഭിപ്രായങ്ങളിങ്ങനെ: (മനോരമ 17-11-2011).

മാദ്ധ്യമവിമർശനം സ്വാഗതം ചെയ്യുമ്പോൾതന്നെ മാദ്ധ്യമസ്വാതന്ത്ര്യം എവിടെവരെ എന്ന ചർച്ചകൂടി ഉയർന്നുവരണമെന്നു മന്ത്രി കെ.സി. ജോസഫ്. മാദ്ധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടാനുള്ള ഏതു നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ചു മാദ്ധ്യമങ്ങളും പൗരസമൂഹവും എതിർക്കണമെന്നു പ്രശസ്ത മാദ്ധ്യമപ്രവർത്തകനായ ശശികുമാർ.

ദേശീയ മാദ്ധ്യമദിനത്തോടനുബന്ധിച്ച് പ്രസ് അക്കാദമി സംഘടിപ്പിച്ച 'മാദ്ധ്യമസ്വാതന്ത്ര്യത്തിനുള്ള ഭീഷണികൾ-യാഥാർത്ഥവും സാങ്കൽപ്പികവും' സെമിനാറായിരുന്ന വേദി. ഭരിക്കുന്നവരുടെ സൗകര്യത്തിന് അനുസൃതമായി മാദ്ധ്യമങ്ങൾ നീങ്ങണമെന്ന ചിന്താഗതിയൊന്നും കേരളത്തെപ്പോലുള്ള സംസ്ഥാനത്തു വിലപ്പോവില്ലെന്നത് ഉൾക്കൊള്ളുമ്പോൾതന്നെ തങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചു മാദ്ധ്യമങ്ങളും ആത്മപരിശോധന നടത്തണമെന്ന് ഉദ്ഘാടകനായ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. അച്ചടി മാദ്ധ്യമങ്ങളെ അപേക്ഷിച്ച് ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കു വിശ്വാസ്യത വൻതോതിൽ നഷ്ടമായിവരുന്നു. കാടിളക്കിവരുന്ന വാർത്തകൾ അടുത്ത മിനിറ്റിൽ ഇല്ലാതാകുന്നു. കേരളത്തിന്റെ പദ്ധതിരേഖയെക്കുറിച്ച് എംപിമാരോടും എംഎ‍ൽഎമാരോടും അഭിപ്രായം ചോദിച്ച പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയതു വിരലിലെണ്ണാവുന്നവരാണ്. പൂജപ്പുരയിലെ ജയിലിനു മുന്നിലെ ആഘോഷം പകർത്തുകയായിരുന്നു അപ്പോൾ അവരെല്ലാം.

മാദ്ധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള പ്രസ് കൗൺസിലിന്റെ നീക്കം അനുവദിക്കാൻ കഴിയില്ലെന്ന് ശശികുമാർ അഭിപ്രായപ്പെട്ടു. നിയന്ത്രണത്തോടെയുള്ള മാദ്ധ്യമപ്രവർത്തനം അസാധ്യമാണ്. മാദ്ധ്യമസ്വാതന്ത്ര്യം ജനങ്ങൾ നൽകിയ അധികാരമാണ്. അതേസമയം വീഴ്ചകൾ പരിശോധിക്കാനും തിരുത്താനും മാദ്ധ്യമങ്ങളും ശ്രദ്ധിക്കണം. കളങ്കിതനായ തോമസ് എന്നാണ് കേന്ദ്ര വിജിലൻസ് കമ്മീഷണറായിരുന്ന പി.ജെ. തോമസിനെ ഒരു ചാനൽ തുടർച്ചയായി വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തെപ്പോലെ ഒരു ഉദ്യോഗസ്ഥനെ അങ്ങനെ വിശേഷിപ്പിക്കാനും കുടുംബത്തെപ്പോലും മോശമായി ചിത്രീകരിക്കുന്നതിലേക്കു വഴിവയ്ക്കാനും എന്ത് അധികാരമാണ് മാദ്ധ്യമങ്ങൾക്കുള്ളത്? പൊതുവിൽ സംഭവിക്കുന്ന ഈ നിലവാരത്തകർച്ചയാകും ഒരു ചെറിയ വീഴ്‌ച്ചയ്ക്ക് 100 കോടി പിഴ വിധിക്കുന്നതിലേക്കു കോടതിയെ വരെ എത്തിച്ചത്. പത്രവിതരണം തടസ്സപ്പെടുത്തുന്നത് ഏറ്റവും ഒടുവിലുണ്ടായിരിക്കുന്ന ഭീഷണിയാണെന്നും ശശികുമാർ പറഞ്ഞു.

ഭൂരിഭാഗം ഏജന്റുമാരും വിതരണത്തിനായി നിലകൊള്ളുമ്പോൾ ചില ബാഹ്യശക്തികൾ അവരെ സ്വാധീനിക്കാനും വിതരണം തടസ്സപ്പെടുത്താനും ശ്രമിക്കുന്നതാണ് ഉത്തരകേരളത്തിൽ ഈയിടെ കണ്ടതെന്ന് മലയാളമനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി.

ചാനൽ യുഗത്തിന് അനുസൃതമായി നിയമസഭാ ചട്ടങ്ങളിൽ മാറ്റംവരണം. സഭ്യേതരമായ ഒരു പ്രയോഗം രണ്ടു മണിക്കൂറോളം ചാനലുകളിൽ നിറഞ്ഞശേഷം പിന്നീട് രേഖയിൽനിന്നു നീക്കി അച്ചടിമാദ്ധ്യമങ്ങളെ പ്രസിദ്ധീകരിക്കുന്നതിൽനിന്നു വിലക്കിയിട്ട് എന്തു കാര്യമെന്നും അദ്ദേഹം ചോദിച്ചു.