ന്യൂഡൽഹി: പാർട്ടിയുടെ കൈയിൽ ഭദ്രമായിരുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം പോയതിന്റെ നടുക്കം മാറിയിട്ടില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചിട്ടയൊപ്പിച്ച പ്രവർത്തനങ്ങൾക്ക് ബിജെപി. തുടക്കമിട്ടുകഴിഞ്ഞു. സുശക്തമായ കോട്ടകളായിരുന്ന മധ്യപ്രദേശും ഛത്തീസ്‌ഗഢും അതിനൊപ്പം രാജസ്ഥാനും കൈമോശംവന്നതോടെയാണ് ബിജെപി. തെല്ലൊന്ന് പ്രതിരോധത്തിലായത്. 2014-ലേതുപോലൊരു മോദി തരംഗവും ഇപ്പോൾ തുണയ്ക്കില്ല. പ്രതിപക്ഷപാർട്ടികൾ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരുമിച്ചുനിന്നേക്കുമെന്ന ഭീഷണി വേറെയുമുണ്ട്. എങ്കിലും ഭരണം നിലനിർത്തുന്നതിന് വിഷമമുണ്ടാകില്ലെന്നാണ് ബിജെപി ക്യാമ്പുകളുടെ വിശ്വാസം.

മിഷൻ 123 എന്നൊരു ലക്ഷ്യമിട്ടാണ് ബിജെപി ഇക്കുറി ഒരുങ്ങുന്നത്. കഴിഞ്ഞതവണ മോദി തരംഗത്തിൽ അഭൂതപൂർവമായ വിജയമാണ് പാർട്ടി കൈവരിച്ചത്. മത്സരിച്ച 428 സീറ്റുകളിൽ 282 എണ്ണത്തിൽ ജയിച്ച് തനിച്ച് ഭൂരിപക്ഷം നേടാൻ ബിജെപിക്കായി. വിജയിച്ച 282 സീറ്റുകൾക്കുപുറമെ, കഴിഞ്ഞതവണ മത്സരിച്ചുതോറ്റ 146 സീറ്റുകളെയാണ് പാർട്ടി ഇക്കുറി ലക്ഷ്യമിടുന്നത്. അതിൽത്തന്നെ, വിജയസാധ്യതയുള്ളതായി ബിജെപി പരിഗണിക്കുന്ന സീറ്റുകളാണ് മിഷൻ123-യിൽ വരുന്ന മണ്ഡലങ്ങൾ.

കഴിഞ്ഞതവണ മത്സരിച്ചുതോറ്റ 146 സീറ്റുകളിൽ 54 ഇടത്ത് ബിജെപി രണ്ടാം സ്ഥാനത്തുവന്നിരുന്നു. ഈ മണ്്ഡലങ്ങൾക്കുപുറമെ, പാർട്ടിക്ക് നല്ല വളക്കൂറുള്ള മണ്ഡലങ്ങളെക്കൂടി തിരഞ്ഞെടുത്താണ് മിഷൻ 123ക്ക് രൂപം നൽകിയിട്ടുള്ളത്. ശബരിമല വിഷയം വന്നന്നതോടെ, കേരളത്തിൽനിന്നും ഒരു സീറ്റെങ്കിലും പ്രതീക്ഷിക്കാമെന്ന വിശ്വാസത്തിലാണ് പാർട്ടി നേതതൃത്വം. മിഷൻ 123-യിൽ കേരളത്തിൽനിന്നുള്ള സീറ്റുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തീർച്ചയില്ല.

2014-ൽ മത്സരിച്ച എല്ലാ സീറ്റുകളിലും ഇക്കുറിയും പാർട്ടി മത്സരിക്കുമെന്നാണ് സൂചന. വ്യക്തമായ തരംഗമില്ലെങ്കിലും ഭരണത്തുടർച്ച നിലനിർത്താൻ മിഷൻ123 സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ ജയിച്ച സീറ്റുകളിൽ ഏതാനും കൈമോശം വന്നാലും, മിഷൻ 123-യിലെ പാതിയിലേറെ സീറ്റുകൾ നേടുന്നതിലൂടെ ആ നഷ്ടം മറികടക്കാനാവുമെന്നും അമിത് ഷായും കൂട്ടരും കണക്കുകൂട്ടുന്നു.

എന്നാൽ, അതത്ര എളുപ്പമാകില്ലെന്നാണ് കണക്കുകൾ പറയുന്നത്. ബിജെപി 2014ൽ മത്സരിച്ചുതോറ്റ 146 മണ്ഡലങ്ങളിലുൾപ്പെട്ട 1196 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതിൽ 1032 ഇടത്ത് 2014-നുശേഷം തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ 900 ഇടത്ത് മത്സരിച്ച ബിജെപിക്ക് ജയിക്കാനായത് 146 ഇടത്തുമാത്രം. പരാജയപ്പെട്ട 754 മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥിയെക്കാൾ ഇരുപതോ അതിലധികമോ ശതമാനം വോട്ട് വിഹിതം ബിജെപിക്ക് കുറവുമാണ്. ഈ കുറവ് പരിഹരിക്കാൻ എന്തുചെയ്യണമെന്നതാണ് പാർട്ടി തലപുകയ്ക്കുന്ന കാര്യം.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിൽ 66 ശതമാനത്തിലും ബിജെപി വിജയിച്ചു. 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രകടനം കഴിഞ്ഞാൽ ഏറ്റവും വലിയ വിജയമാർജിനാണിത്. അതേനേട്ടം ഇക്കുറി കൈവരിക്കണമെങ്കിൽ ബിജെപി വിയർപ്പൊഴുക്കേണ്ടിവരും. 2014-നുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സീറ്റുകളിലെ 36 ശതമാനത്തിൽ മാത്രമാണ് ബിജെപി. വിജയിച്ചിട്ടുള്ളത്.