- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ മതിലിൽ പങ്കെടുക്കാത്തവർ ചെകുത്താന്മാർ എന്ന് വരെ പറഞ്ഞ് വെള്ളാപ്പള്ളി ബഹളം വച്ചിട്ടും മകനേയും മരുമകളേയും എത്തിക്കാൻ കഴിഞ്ഞില്ല; സിപിഎം മുന്നണി പ്രവേശനം ഉറപ്പാക്കാത്തതിനാൽ അവസാന നിമിഷം മതിലിൽ ചേരാതെ ബിജെപിക്ക് ആശ്വാസം പകർന്ന് തുഷാർ; പിന്നാലെ ആചാര ലംഘനത്തിന് കൂട്ടു നിന്ന് പൊലീസ് പിന്തുണയിൽ യുവതി പ്രവേശനം; വെട്ടിലായി വെള്ളാപ്പള്ളി; രണ്ട് വള്ളത്തിലും കാലുവച്ച് എത്ര കാലം മുമ്പോട്ട് പോകുമെന്ന് അറിയാത്ത പ്രതിസന്ധിയിൽ എസ് എൻ ഡി പിയും ബിഡിജെഎസും
ആലപ്പുഴ: ശബരിമലയിൽ ആചാര സംരക്ഷണത്തിന് ഒപ്പമാണ് തങ്ങളെന്ന് ആവർത്തിച്ച സമുദായ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അപ്പോഴും നവോത്ഥാനത്തിന് വേണ്ടിയുള്ള സർക്കാർ മതിലിൽ വെള്ളാപ്പള്ളി നടേശൻ അണിചേർന്നു. ഞങ്ങൾക്കും വല്ലതും തരണമെന്ന വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ മതിലിലെ പ്രസംഗവും ചർച്ചയായി. ഇതിനിടെയാണ് ശബരിമലയിൽ യുവതി പ്രവേശനം നടന്നത്. ഇതോടെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തീർത്തും പ്രതിരോധത്തിലായി. ഇക്കാര്യത്തിൽ തുറന്ന നിലപാട് പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വെള്ളാപ്പള്ളി.
വനിതാ മതിലിൽ പങ്കെടുക്കാത്തവർ ചെകുത്താന്മാരാണെന്ന് പോലും വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. എൻ എസ് എസിനെ കളിയാക്കാനായിരുന്നു ഈ പദപ്രയോഗം. എന്നാൽ ഈ മതിലിൽ തുഷാർ വെള്ളാപ്പള്ളിയും എത്തിയില്ല. മകനും മരുമകളും മതിലിൽ അണിചേരുമെന്ന് വെള്ളാപ്പള്ളി തുറന്നു പറഞ്ഞിരുന്നു. ഇതാണ് തുഷാർ അംഗീകരിക്കാതെ മാറി നിന്നത്. ഇതോടെ വനിതാ മതിലിനെതിരെ പ്രതിഷേധിച്ച ബിജെപിക്ക് ആശ്വാസമാവുകയും ചെയ്തു. എൻ ഡി എ കൺവീനറായ തുഷാർ മതിലിന് എത്തിയിരുന്നുവെങ്കിൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഇങ്ങനെ തുഷാറിന്റെ തിരിച്ചടിക്ക് പിന്നാലെയാണ് യുവതി പ്രവേശനം ശബരിമലയിൽ സാധ്യമായത്. ഈ വിഷയത്തിൽ പ്രതികരിക്കാതെ കാക്കുകയാണ് വെള്ളാപ്പള്ളി. തൽകാലം ആരോടും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പ്രതികരിക്കില്ല.
തുഷാറിനെ സിപിഎം മുന്നണിയുടെ ഭാഗമാക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സിപിഎമ്മിൽ എതിർപ്പുയർന്നു. ഇതോടെയാണ് എൻഡിഎ മുന്നണിയിൽ ഉറച്ചു നിൽക്കാൻ തുഷാർ തീരുമാനിച്ചത്. രണ്ട് വള്ളത്തിൽ കാലുവച്ചായിരുന്നു എസ് എൻ ഡി പിയുടെ യാത്ര. അച്ഛൻ വെള്ളാപ്പള്ളി പിണറായിക്കൊപ്പവും മകൻ തുഷാർ ബിജെപിക്കൊപ്പവും. ഇതിലെ കള്ളക്കളികൾ ചർച്ചയാക്കിയായിരുന്നു വനിതാ മതിൽ രൂപീകരണം. ഇതിനിടെയാണ് മകനും മതിലിന് എത്തുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇത് പൊളിച്ച മകൻ ഭാര്യയേയും മതിലിന് വിട്ടില്ല. ഇതോടെ തന്നെ പങ്കെടുക്കാത്തവരെ എല്ലാം ചെകുത്താനെന്ന് വിളിച്ചത് തിരിഞ്ഞു കുത്താനും തുടങ്ങി. ഇതിന് പിന്നാലെയാണ് ശബരിമലയിൽ സ്ത്രീ പ്രവേശിച്ചത്. എസ് എൻ ഡി പി യൂണിയനിൽ പെട്ട ആരും അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കരുതെന്നും വെള്ളാപ്പള്ളി നിർദ്ദേശിച്ചു. എന്നാൽ ഇതും നടന്നില്ല. പലരും അയ്യപ്പജ്യോതിക്ക് പോയി. ഇവർക്കെതിരെ നടപടിയെടുക്കാനും വെള്ളാപ്പള്ളിക്ക് കഴിയാത്ത സ്ഥിതി വന്നു.
ഇതോടെയാണ് അയ്യപ്പജ്യോതിയിൽ പങ്കെടുത്തവരും വനിതാ മതിലിന് വരണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. തുഷാറും അയ്യപ്പജ്യോതിയിൽ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ മതിലിൽ പങ്കെടുക്കാത്തവർ ചെകുത്താന്മാരാണെന്നും തുഷാറും മതിലിന് എത്തുമെന്നും വീമ്പു പറഞ്ഞത്. ഇത് നടന്നതുമില്ല ശബരിമലയിൽ യുവതികൾ പ്രവേശിക്കുകയും ചെയ്തു. ഇതിനൊപ്പം ശിവഗിരിയും വനിതാ മതിലിനെ തള്ളി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തെ അട്ടിമറിക്കാനാണ് മതിൽ തീർത്തെന്നും ആരോപിച്ചു. ഇങ്ങനെ എല്ലാ അർത്ഥത്തിലും വെട്ടിലായത് വെള്ളാപ്പള്ളി നടേശനാണ്. വനിതാമതിൽ കഴിയുമ്പോൾ കേരളം ചെകുത്താന്റെ നാടായി മാറുമെന്നു പറയുന്നവരാണു ചെകുത്താന്മാരെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
'എന്തു ദുഷ്ടമനഃസ്ഥിതിയാണ് ഇവർക്ക്. ആചാരസംരക്ഷണമല്ല, അധികാര സംരക്ഷണമാണു ലക്ഷ്യം. ക്ഷേത്ര അധികാരങ്ങൾ പോകുമെന്ന ഭീതിയാണ് ഇക്കൂട്ടർക്ക്. ചാതുർവർണ്യ വ്യവസ്ഥ ഇപ്പോഴും കേരളത്തിലുണ്ട്. വനിതാമതിലിന്റെ വിജയം നവോത്ഥാന മൂല്യങ്ങൾക്കായി നിലകൊള്ളുന്നവരുടെ വിജയമാണ്. ഒന്നാം തീയതി തന്നെ വനിതാ മതിൽ സംഘടിപ്പിച്ചതു ചരിത്രപരമായ മണ്ടത്തരമാണെന്ന ശിവഗിരി മഠത്തിൽ നിന്നുള്ള പ്രസ്താവനയോടു തർക്കിക്കാനില്ല. ചരിത്രപരമായ മണ്ടത്തരമാണോയെന്നു കാലം തെളിയിക്കും'- വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഫലത്തിൽ ശിവഗിരി മഠത്തേയും അപാനിക്കുകയായിരുന്നു വെള്ളാപ്പള്ളിയെന്ന അഭിപ്രായമാണ് സജീവമാകുന്നത്. ശബരിമലയിൽനിന്നു തന്നെയാണു വനിതാമതിലിന്റെ തുടക്കമെന്നു പാതിരപ്പള്ളിയിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ വിധിയുണ്ടായാൽ എതിർക്കാൻ ഒരു സർക്കാരിനും സാധിക്കില്ല. കോൺഗ്രസും ബിജെപിയും സുപ്രീം കോടതി വിധിയെ മാനിക്കുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, ഒന്ന് ഇളകിക്കിട്ടിയതോടെ അവസരം പ്രയോജനപ്പെടുത്താൻ അവരിറങ്ങി. ശബരിമലയെ രാഷ്ട്രീയം വളർത്താനുള്ള വേദിയായി കണ്ടു.
ജാതിമതിലെന്നു സുകുമാരൻ നായരും രമേശ് ചെന്നിത്തലയും ആവർത്തിച്ചു പറയുന്നു. എന്നാൽ ഇവരാണു യഥാർഥത്തിൽ ജാതി വളർത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു താക്കോൽ ചോദിച്ചു വാങ്ങിയതു സുകുമാരൻ നായരും അതു നൽകിയതു രമേശ് ചെന്നിത്തലയ്ക്കുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിയും മകൾ വന്ദനയും വനിതാമതിലുമായി സഹകരിച്ചപ്പോൾ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഭാര്യയും എത്തിയില്ല. വനിതാമതിലിൽ പങ്കെടുക്കാൻ ബിഡിജെഎസ് പ്രവർത്തകർക്കു വിലക്കില്ലെന്നു തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ശിവഗിരിയിലെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണു തുഷാർ എത്താതിരുന്നതെന്നും എന്നാൽ ശിവഗിരിയിൽ പോയോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിന്റെ ഭാര്യ ആശ വനിതാമതിലിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, അടുത്ത ബന്ധുവിന്റെ മരണം കാരണം എത്തിയില്ലെന്നാണ് വിശദീകരണം.