മുംബൈ: ചോറ്റുപാത്രവും അന്നദാതാക്കളായ ഡബ്ബാവാലയും ഒക്കെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ ജനതയുടെ നിത്യജീവിതത്തിലെ ഭാഗമാണ്. മുംബൈ പോലെയൊരു മഹാനഗരത്തിൽ തൊഴിലിടങ്ങളിലേക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണം കൃത്യസമയത്ത് യാതൊരു പിഴവുകളും വരുത്താതെ എത്തിച്ചു നൽകുന്ന ഡബ്ബാവാലകളുടെ ജീവിതം ബോളിവുഡ് സിനിമയുടെ ഇതിവൃത്തമായി മാറിയതും ചിത്രം വൻ വിജയമായതും ഒക്കെ ചരിത്രമാണ്.

എന്നാൽ, ന്യൂയോർക്ക് നഗരത്തിൽ ഒരാൾ ചോറ്റുപാത്രവുമായി നടന്നുപോകുന്നതു കാണുമ്പോൾ ചെറിയൊരു കൗതുകം തോന്നില്ലേ? അത്തരമൊരു അപൂർവ കാഴ്ച ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര.

മൂന്ന് തട്ടുകളുള്ള ചോറ്റുപാത്രവുമായി ന്യൂയോർക്ക് നഗരത്തിലൂടെ നടന്നുപോകുന്ന സ്ത്രീയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. 'ന്യൂയോർക്ക്, സെൻട്രൽ പാർക്ക്, ഡബ്ബാ വാലി' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചത്. മുംബൈയിലെ പ്രശസ്തമായ പരമ്പരാഗത ഉച്ചഭക്ഷണ വിതരണ സംവിധാനമായ ഡബ്ബാവാലകളെ പരാമർശിച്ചായിരുന്നു അടിക്കുറിപ്പ്.

 

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് വളരെ വേഗമാണ് ട്വിറ്റർ ഏറ്റെടുത്തത്. 14,000-ൽ പരം ലൈക്കുകളും 550-ൽ പരം ഷെയറുകളുമാണ് അദ്ദേഹത്തിന്റെ പോസ്റ്റിനു കിട്ടിയത്. പ്രായമാലും തന്റെ സ്റ്റീൽ ചോറ്റുപാത്രത്തോടുള്ള ഇഷ്ടം ഒരിക്കലും പോവില്ലെന്ന് നെതർലൻഡിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ പെൺകുട്ടി തന്റെ ചോറ്റുപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് പറഞ്ഞു.

ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്ന സംവിധാനമാണ് ഡബ്ബാവാലയെന്ന് മറ്റൊരാൾ മഹീന്ദ്രയുടെ ട്വീറ്റിനു മറുപടി നൽകി. 100 ശതമാനം കൃത്യതയുടെ പ്രതീകമാണ് ഡബ്ബാവാലയെന്ന് അദ്ദേഹം പറഞ്ഞു. പാത്രത്തിനുള്ളിൽ എന്താണെന്നത് ആകാംക്ഷയുണ്ടാക്കുന്നതായി മറ്റൊരാൾ കമന്റു ചെയ്തു. പരിപ്പുകറിയും റൊട്ടിയുമാണോ അതോ ബർഗറോ സാൻഡ്വിച്ചോ എന്ന് അയാൾ ചോദിച്ചു.

ഭക്ഷണവുമായി ബന്ധപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുണ്ട്. ദോശയുണ്ടാക്കുന്ന ഒരാളുടെ വീഡിയോ അടുത്തിടെ അദ്ദേഹം പങ്കുവെച്ചതും ട്വിറ്ററിന്റെ മനം കവർന്നിരുന്നു. റോബോട്ടുകളെപോലും നോക്കുകുത്തിയാക്കിയാണ് ഇയാൾ ദോശയുണ്ടാക്കുന്നതെന്നും അയാളെ നോക്കിയിരുന്ന് താൻ മടുത്തുപോയെന്നും ശരിക്കും വിശക്കുന്നുണ്ടെന്നും മഹീന്ദ്ര ട്വീറ്റു ചെയ്തു. ഈ ട്വീറ്റും വൈറലായിരുന്നു.