- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ഇന്ത്യ എല്ലാം ലളിതമാക്കി; നേർച്ചയിടാൻ കാളയുടെ തലയിൽ ക്യുആർ കോഡ്; സ്‌കാൻ ചെയ്ത് ദാനം നൽകി കാണികൾക്ക് അനുഗ്രഹം തേടാം; 'ഗംഗിരെദ്ദു' ആചാരത്തിന്റെ വീഡിയോ വൈറലാകുന്നു
മുംബൈ: 'ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് വലിയ തോതിൽ പരിവർത്തനം നടക്കുന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ?' എന്ന കുറിപ്പോടെ മഹീന്ദ്ര ഗ്രൂപ്പ് ചെയർപഴ്‌സൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു.
Do you need any more evidence of the large-scale conversion to digital payments in India?! pic.twitter.com/0yDJSR6ITA
- anand mahindra (@anandmahindra) November 6, 2021
രാജ്യത്തെ നാട്ടിൻപുറങ്ങളിലും ഡിജിറ്റൽ പണമിടപാടുകൾ ഇടംപിടിക്കുന്നതിന്റെ തെളിവാണ് വീഡിയോയിലൂടെ കാണിച്ചുതരുന്നത്. നാദസ്വരം വായിക്കുന്ന ഒരു കലാകാരനും ഒരു കാളയുമാണ് വിഡിയോയിൽ. കാളയുടെ കൊമ്പുകളിലും കുളമ്പുകളിലും പൂക്കൾ കെട്ടി, പട്ടുകളും തുണികളും കൊണ്ടു കാളയെ വർണാഭമായി അലങ്കരിച്ചിട്ടുണ്ട്.
കൗതുകം എന്തെന്നാൽ ഇതിനൊപ്പം കാളയുടെ തലയിൽ പുതിയ ഒരു 'ആഭരണം' കൂടിയുണ്ടായിരുന്നു. ഒരു യുപിഐ സ്‌കാനിങ് കോഡ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന 'ഗംഗിരെദ്ദു' എന്ന ആചാരമാണു വിഡിയോയിൽ കാണുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിയ ആചാരമനുസരിച്ച് ഒരു പ്രത്യേക ഗോത്രവർഗത്തിൽനിന്നുള്ള പുരുഷന്മാർ അലങ്കരിച്ച കാളകൾക്കൊപ്പം വീടുകളിലെത്തി പാട്ടും മറ്റു വിദ്യകളും ചെയ്ത് കാണികളെ രസിപ്പിക്കുകയാണ് ചെയ്യുന്നത്.
കാളയുടെ അനുഗ്രഹം സ്വീകരിച്ച് പണമോ മറ്റ് വസ്തുക്കളോ ദാനം ചെയ്താൽ ഭാഗ്യം വന്നുചേരുമെന്നാണു വിശ്വാസം. പണമിടപാട് ഓൺലൈനായതോടെ നേർച്ചയുടെ രീതിയും മാറുകയാണ്. കാളയുടെ തലയിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്തു കാണികൾക്കു നേർച്ചയിടാം. ദസറ, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളിൽ ഗംഗിരെദ്ദു നടത്താറുണ്ട്.
വിഡിയോയിൽ കലാകാരൻ നാദസ്വരം വായിച്ച് തുടങ്ങുമ്പോൾ കാളയുടെ തലയിലെ കോഡ് സ്‌കാൻ ചെയ്ത് ഒരാൾ പണമടയ്ക്കുന്നതു കാണാം. നിരവധി ആളുകൾ ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ചു പണം കൈമാറുന്നുണ്ട്. മെട്രോ നഗരങ്ങളിലും മറ്റു പട്ടണങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇത്തരം ഓൺലൈൻ ആപ്പുകളുടെ ഉപയോഗമെന്നു കാണിച്ചു തരുന്ന ഈ വിഡിയോ ഇപ്പോൾ സൈബർ ലോകത്തു വൈറലാണ്.
ന്യൂസ് ഡെസ്ക്