കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യത്തിന് ഉത്തരവുമായി ബാഹുബലിയുടെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളെലെത്തുമ്പോൾ ചരിത്രം സൃഷ്ടിച്ച ഈ ബ്രഹ്മാണ്ഡ സിനിമയ്‌ക്കൊപ്പം തൃപ്പൂണിത്തുറക്കാരനായ ആനന്ദ് നീലകണ്ഠനും ഉണ്ടെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.

സിനിമയ്ക്ക് മുമ്പുള്ള ബാഹുബലിയുടെ കഥ പറയുന്ന 'ബാഹുബലി: ബിഫോർ ദി ബിഗിനിങ്' പരമ്പരയിലെ നോവലുകൾ എഴുതുന്നത് ആനന്ദ് നീലകണ്ഠനാണ്. നോവൽ പരമ്പരയുടെ ആദ്യഭാഗമായ 'ദി റൈസ് ഓഫ് ശിവഗാമി' വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
മുംബൈയിൽ ഭാര്യ അപർണയ്ക്കും മകൾ അനന്യയ്ക്കും മകൻ അഭിനവിനും ഒപ്പം താമസിക്കുന്ന ഈ തൃപ്പൂണിത്തുറക്കാരൻ 109 ദിവസം കൊണ്ടാണ് ദി റൈസ് ഓഫ് ശിവഗാമി എഴുതിത്ത്തീർത്തത്. ഭ്രാന്തുപിടിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അതെന്ന് ഈ എഴുത്തുകാരൻ പറയുന്നു.

എഴുതിയ അദ്ധ്യായങ്ങൾ അപ്പാടെ, എഡിറ്റ് പോലും ചെയ്യാതെ, രാജമൗലിക്ക് അയയ്ക്കുന്ന പതിവുണ്ടായിരുന്നു. രാജമൗലി രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് എന്റെ കഥ വായിച്ചതുമൂലം മൂന്നു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയ വിവരം പിന്നീടാണ് അറിയുന്നത്. പ്രൊഡ്യൂസറിന് നഷ്ടം ഉണ്ടായെങ്കിലും അത് തന്റെ കഥയ്ക്ക് കിട്ടിയ വലിയൊരു അംഗീകാരമാണെന്ന് ആനന്ദ് പറയുന്നു.
കഥ എഴുതിത്ത്തുടങ്ങുന്നതിനു മുൻപ് രാജമൗലിയുമായി ഒരു തവണമാത്രമാണ് കൂടിക്കാഴ്ച നടത്തിയത്.

കട്ടപ്പാ ശിവഗാമി എന്ന രണ്ടു കഥാപാത്രങ്ങളുടെ പ്രവർത്തന പരിധി മാത്രമാണ് അന്ന് രാജമൗലി വിശദീകരിച്ചത്. ഇവ നിലനിർത്തിക്കൊണ്ട് ഇതിനു ചുറ്റും ഉള്ള കഥയെഴുതാനുള്ള പൂർണ സ്വാതന്ത്ര്യവും തന്നു. കഥയിൽ ഇവർ ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും സന്ദർഭങ്ങളും തന്റെ മാത്രം കൽപനയാണെന്നും ആനന്ദ് പറയുന്നു.