ലണ്ടൻ: യുകെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരോത്സവത്തിനാണ് ഇന്നലെ മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം മോഹൻലാൽ പിന്മാറിയതോടെയും ഭീകരാക്രമണ പശ്ചാത്തലത്തിലും സംഘാടകർ ആശങ്കയിലായത് വെറുതെയാണ് എന്നു സ്ഥാപിച്ച് മൂവായിരത്തോളം പേർക്കിരിക്കാവുന്ന ഹാളിൽ നിറഞ്ഞു കവിഞ്ഞു ആരാധകർ എത്തിയ ആനന്ദ് ടിവി അവാർഡ് നൈറ്റ് ആഘോഷത്തിന്റെ അടിപൊളി വിരുന്നായി മാറുകയായിരുന്നു.

അഞ്ച് മണി മുതൽ രാത്രി പത്തുവരെ നീണ്ടു നിന്ന അത്യപൂർവ്വമായ താരനിശിൽ ആരാണ് താരമായത് എന്ന കാര്യം മാത്രമാണ് അവശേഷിക്കുന്നത്. അൻപതോളം മലയാള താരങ്ങൾ നിറഞ്ഞാടിയ പരിപാടിയിൽ എല്ലാ താരങ്ങളും കൈയടി നേടി എന്നതാണ് സത്യം. ബോളിബുഡ് താരം അനിൽകപൂർ തന്റെ ഗാംഭീര്യത്തിന് കുറവൊന്നും വരുത്താതെ കൈയടി നേടിയപ്പോൾ ആരെയും വശീകരിക്കുന്ന പുഞ്ചിരിയോടെയാണ് നിവിൻ പോളിയും മഞ്ജു വാരിയരും മികച്ച നടനും നടക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത്.

വൈകുന്നേരം അഞ്ച് മണിക്കാരംഭിച്ച കലാമാമാങ്കം രാത്രി പത്ത് മണിയോടെ അവസാനിക്കുമ്പോഴും കാണികൾ ആവേശം ഒട്ടും കൈവിടാതെ ഹാളിനുള്ളിൽ നിറഞ്ഞ് നില്ക്കുന്നകാഴ്്ച്ചയാണ് കണ്ടത്. മോഹൻലാലിന് പകരം അപ്രതീക്ഷിതമായ അതിഥിയായെത്തിയ അനിൽ കപൂർ വേദിയിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്കൊപ്പം താരങ്ങൾക്കും ആവേശമായി. ഭാവനയ്ക്കൊപ്പം വേദിയിൽ നൃത്തച്ചുവടുകൾ വച്ചും നടൻ കാണികളുടെ കൈയടി നേടിയെടുത്തു.

ഒപ്പം കേരളത്തിലെ രാഷ്ട്രീ രംഗത്തിനൊപ്പം സിനിമാ രംഗത്തും സജീവമായി നില്ക്കുന്ന എം പിയും എം എൽ എ യും ആയ ഇന്നസെന്റും ഒപ്പം മുകേഷും വേദിയിൽ കോമഡിയും ചിന്തകളുമൊക്കെ പങ്ക് വച്ച് യുകെമലയാളികളുടെ ഹൃദയത്തിൽ ഇടംനേടി. അവതാരകയായിയെത്തിയ നടി ജ്യുവൽമേരിയും അവാർഡ് നൈറ്റിന് കൂടുതൽ തിളക്കമേകിയപ്പോൾ സിനിമയിലെ നിറസാന്നിധ്യമായ പല താരങ്ങളും നൃത്തവും പാട്ടും ഒക്കെയായി വേദിയിൽ മിന്നി മാഞ്ഞു.

അവാർഡ് ദാന ചടങ്ങിൽ നിവിൻ പോളി മികച്ച നടന്റെ പുരസ്‌കാരം നിവിൻ പോളി മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജുവാര്യരും സ്വീകരിച്ചു.ബോളീവുഡ് താരം അനിൽകപൂറിന് മലയാളത്തിന്റെ ആദരവും സമ്മാനിച്ചു.കൂടാതെ 35 വർഷമായി മലയാളം സിനിമയുടെ എല്ലാമായി പ്രവർത്തിച്ച മുകേഷിനും, ഹാസ്യ നടനുള്ള അവാർഡ് ധർമ്മജൻ ബോൾഗാട്ടിയും മികച്ച സംഗീതം സംവിധായകൻ ആയി ഷാൻ റഹ്മാനും അവാർഡിന് അർഹനായപ്പോൾ മികച്ചഗായകൻ എം ജി ശ്രീകുമാർ, മികച്ച യൂത്ത് ഐക്കൺ ആയി ഉണ്ണിമുകുന്ദൻ, ശ്രദ്ധേയയായ യുവനടിയായി അനുശ്രീയും അവാർഡ് സ്വന്തമാക്കി. ഇന്നസെന്റും മലയാള സിനിമയ്ക്കുള്ള സമഗ്രമായ സംഭവനയ്ക്കുള്ള അവാർഡും ഏറ്റുവാങ്ങിയപ്പോൾ മികച്ച ക്യാരക്റ്റർ റോളിന് സുരാജ് വെഞ്ഞാറമൂടും അവാർഡ് നേടി.

ചെറുപ്പക്കാരുടെ ആവേശമായ നിവിൻ പോളി മുതൽ കോമഡിയിലെ താരരാജക്കന്മാരിലൊരാളും എംപിയുമായ ഇന്നസെന്റ് അടക്കമുള്ള കോമഡി താരങ്ങളായ സുരാജ് വെഞ്ഞാറുംമൂട്, കുടുകുടെ ചിരിപ്പിക്കുന്ന നമ്പറുകളുമായി ധർമ്മജൻ ബോൾഗാട്ടിയും കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ മലയാളികളുടെ പ്രിയങ്കരനായ വിഷ്ണുവും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം തന്നെ മലയാളി സമൂഹത്തിന് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചാണ് വേദിയിൽ നിന്നും മടങ്ങിയത്.