- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർ ഗുണ്ടാപിരിവിന് റോഡിൽ ചാടിയപ്പോൾ ലോറിക്കാരൻ സഡൻ ബ്രേക്കിട്ടു; കെ എസ് ആർ ടി സി ഡ്രൈവർ ജീവൻ കൊടുത്തും യാത്രക്കാരെ രക്ഷിച്ചു; കമ്പിക്കടിയിൽ കൊരുത്തു പോയ ആ ജീവനെ മറക്കാനാകില്ല; ഒരു യാത്രക്കാരൻ സത്യം തുറന്നെഴെതുന്നു
കോട്ടയം: ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് വന്ന കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ് കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂരിൽ അപകടത്തിൽപ്പെട്ടു. ഇതിൽ ബസ് ഡ്രൈവർ മരിക്കുകയും ചെയ്തു. അമിത വേഗതയാകും മരണകാരണമെന്ന വിധിയെഴുത്തലും ഉണ്ടായി. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. പൊലീസുകാരുടെ ഗുണ്ടാപ്പിരിവായിരുന്നു പ്രശ്‌നമായത്. ബസ് യാത്രയ്ക്കിടെ നേരിട്ട് കണ്ടത് ഫെയ്‌സ് ബുക്കിൽ കുറിക്കുകയാണ് അനന്തു വാസുദേവ്. ബസ് അപകടത്തിന്റെ കാരണം അനന്തു കുറിക്കുന്നത് ഇങ്ങനെ-നാല് ദിവസമായി ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെയാണിവിടെ വിഷയം. കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന വാഹനാപകടം. അതെപ്പറ്റി കാര്യമായൊന്നും കുറിക്കേണ്ടായെന്ന് കരുതിയിരുന്നതാണ്, ഒരു വിധത്തിൽ ആ കാഴ്‌ച്ചകൾ മനസ്സിൽ നിന്നൊഴിവാക്കാനും ശ്രമിക്കുകയാണ്. പക്ഷെ അതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നടന്ന ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. അത് ശരിയുമല്ല. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയാണ് ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് കേരള ആർ ടി സിയുട
കോട്ടയം: ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് വന്ന കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ് കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂരിൽ അപകടത്തിൽപ്പെട്ടു. ഇതിൽ ബസ് ഡ്രൈവർ മരിക്കുകയും ചെയ്തു. അമിത വേഗതയാകും മരണകാരണമെന്ന വിധിയെഴുത്തലും ഉണ്ടായി. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. പൊലീസുകാരുടെ ഗുണ്ടാപ്പിരിവായിരുന്നു പ്രശ്‌നമായത്. ബസ് യാത്രയ്ക്കിടെ നേരിട്ട് കണ്ടത് ഫെയ്‌സ് ബുക്കിൽ കുറിക്കുകയാണ് അനന്തു വാസുദേവ്.
ബസ് അപകടത്തിന്റെ കാരണം അനന്തു കുറിക്കുന്നത് ഇങ്ങനെ-നാല് ദിവസമായി ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെയാണിവിടെ വിഷയം. കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന വാഹനാപകടം. അതെപ്പറ്റി കാര്യമായൊന്നും കുറിക്കേണ്ടായെന്ന് കരുതിയിരുന്നതാണ്, ഒരു വിധത്തിൽ ആ കാഴ്‌ച്ചകൾ മനസ്സിൽ നിന്നൊഴിവാക്കാനും ശ്രമിക്കുകയാണ്. പക്ഷെ അതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നടന്ന ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. അത് ശരിയുമല്ല.
കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയാണ് ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ്സിൽ പുറപ്പെട്ടത്. ഒന്നാം നമ്പർ സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. ആകെയുണ്ടായിരുന്നത് ഇരുപത്തിനാല് യാത്രക്കാരാണ്. പത്തു മണിയോടെ പലരും മയങ്ങിത്തുടങ്ങിയിരുന്നുവെന്ന് തോന്നുന്നു. ഞാൻ മൊബൈൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്നതിനാൽ അത് കഴിഞ്ഞ് എടുത്ത് വച്ച ശേഷം ഉറങ്ങാമെന്ന് കരുതി. പത്തരയോടെ മൊബൈലും ചാർജ്ജറും എടുത്ത് ബാഗിൽ വച്ച് ബ്ലാങ്കെറ്റ് എടുത്ത് ഉറങ്ങാൻ തയ്യാറെടുക്കുമ്പോ മുന്നിൽ ഡ്രൈവർ ക്യാബിനുമായി തിരിക്കുന്ന കർട്ടൻ മാറിക്കിടക്കുന്നതും അതുകൊണ്ട് മുഖത്തേക്ക് വെളിച്ചമടിക്കുന്നതും ശ്രദ്ധിച്ചത്. അത് നീക്കിയിടാമെന്ന് കരുതി മുന്നോട്ടായാൻ തുടങ്ങുമ്പോഴാണ് തൊട്ടുമുന്നിൽ പോയ ലോറിയുടെ ബ്രേക്ക് ലൈറ്റ് തെളിയുന്നത് കണ്ടത്. അഞ്ചെട്ട് അടി മാത്രം വത്യാസത്തിൽ അത്യാവശ്യം വേഗത്തിൽ തൊട്ടുപിന്നിൽ തന്നെയായിരുന്നു ബസ്സ്. ലോറി നിർത്തുന്നുവെന്നറിഞ്ഞയുടനെ ഡ്രൈവർ ഇടതു ഭാഗത്തേക്ക് പൂർണ്ണമായും ബസ്സ് തിരിക്കാൻ ശ്രമിക്കുന്നത് കണ്ടു. എന്നാൽ ലോറിയുടെ പിന്നിലിടിക്കുന്നതും, ഗ്ലാസ്സ് പൊട്ടുന്നതും, ഇടത്തേക്ക് തെന്നിമാറി നിൽക്കുന്നതും കണ്ടു. രണ്ട് സെക്കന്റ് സമയത്തിൽ കഴിഞ്ഞു.
എന്റെ അടുത്ത സീറ്റിലൊരു പെൺകുട്ടിയും പിന്നിലെ സീറ്റിൽ രണ്ട് വയസ്സടുത്ത് പ്രായമുള്ള മകനേയും കൊണ്ട് ഒരു ചേച്ചിയുമായിരുന്നു. അവരും ഇടിയുടെ ആഘാതത്തിലായിരുന്നു. കണ്ടക്ടർ അടുത്ത സീറ്റിലയിരുന്നു. അദ്ദേഹവുമെഴുന്നേറ്റ് അനങ്ങാനാവാതെ നിൽക്കുന്നു. ബാക്കി യാത്രക്കാർ പിന്നിൽ നിന്ന് എണീറ്റ് വരുന്നതേയുള്ളൂ. ഉടനെ എഴുനേറ്റ് ക്യാബിനിലേക്ക് ചെന്നപ്പോൾ ഡ്രൈവർ സ്റ്റിയറിങിനു മുകളിലൂടി വിൻഷീൽഡും ഡോറും ചേരുന്ന് കോണിലേക്ക് നീങ്ങി കിടക്കുകയാണ്. അയാളെയൊന്ന് വലിച്ച് രക്ഷിക്ക് എന്ന് പറയാൻ മാത്രമേ കണ്ടക്ടർക്കും പറ്റുന്നുള്ളൂ. നോക്കുമ്പോൾ കമിഴ്ന്ന് കിടക്കുന്ന ശരീരത്തിനു അനക്കമില്ല. അവിടെ നിന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഡോർ അടഞ്ഞു കിടക്കുകയായിരുന്നു, മുന്നിലെ ഗ്ലാസ്സ് പൊട്ടിയതുകൊണ്ട് അതുവഴി ചാടി അടുത്ത് ചെന്ന് നോക്കുമ്പോൾ എല്ലാം കഴിഞ്ഞിരുന്നു. വിൻഷീൽഡിന്റെ കോണിലെ രണ്ട് കമ്പികൾക്കിടയിലായിരുന്നു കഴുത്ത് മുക്കാലും മുറിഞ്ഞ് പോയ അവസ്ഥ. ചോര വാർന്നുകൊണ്ടിരിക്കുന്നു. നിസ്സഹായാവസ്ഥയുടെ കഠിനമായ വേദന പിന്നെയും അനുഭവിച്ചു നിന്നു.
ആകെയുണ്ടായിരുന്ന രണ്ട് സെക്കന്റ് സമയം കൊണ്ട് പരമാവധി അപകടമൊഴിവാക്കാൻ ശ്രമിച്ചു പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ ജോൺ കെന്നഡി. സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റാർക്കുമൊരു പരിക്കുമേൽക്കാതെ രക്ഷപെടാനായി. എന്റെ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ്സ് പൊട്ടിയതിന്റെ ചെറിയ തരികൾ കയ്യിലും മുഖത്തും തെറിച്ചതും, ഒന്നു രണ്ട് പേർക്ക് മുന്നിലെ സീറ്റി കൈയും കാലും തട്ടിയതിന്റെ ചെറിയ വേദനയുള്ളതുമൊഴിച്ചാൽ എല്ലാവരും സേഫ്.
അടുത്ത ദിവസം രാവിലെ മുതൽ ഓൺലൈനിലും ഓഫ്‌ലൈനിലും കാര്യമായ ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കാണാനിടയായി. കണ്ടതും കേട്ടതുമായ വാർത്തകളെ പുച്ഛിച്ചുകൊണ്ട് പലരും പ്രസംഗിക്കുന്നുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു കേട്ടത്: 'കെ.എസ്.ആർ.ടി.സി അല്ലെ, ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി', 'അയാൾ ഉറങ്ങിക്കാണും', 'ഒറ്റ ഡ്രൈവറെ വച്ച് ലാഭമുണ്ടാക്കിയതല്ലേ, അനുഭവിക്കട്ടെ', 'ഇവരെയൊക്കെ ട്രെയിൻ ചെയ്തില്ലെങ്കിൽ ഇങ്ങനിരിക്കും', 'മുന്നിൽ പോകുന്ന വണ്ടിയിൽ നിന്ന് ആവശ്യത്തിനു അകലം പാലിക്കണമെന്ന് ഇനിയും ആരെങ്കിലും പഠിപ്പിക്കണോ', 'പൊലീസുകാരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കയ്യിലിരിപ്പാണ്'. ഇവയൊക്കെ ചിലത് മാത്രം.
ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ട് സംഭവിച്ചത് എന്താണെന്ന് വ്യക്തമായി വായിച്ചോളൂ. ഒരു വാഹനത്തെ മറികടന്നാണ് ബസ് വലത്തെ ട്രാക്കിലെത്തിയത്. (ഒറ്റവരിപ്പാതയല്ല, നടുക്ക് മീഡിയനുള്ള ഹൈവേ ആണ്. സ്ഥലം കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂർ). വലത്തെ ട്രാക്കിൽ മുന്നിൽ ലോറിയുണ്ടായിരുന്നു. രണ്ടും ഏകദേശം ഒരേ വേഗതയിൽ, അഞ്ചെട്ട് അടി വ്യതാസത്തിൽ. (എന്റെ ഫോണിൽ സ്പീഡോമീറ്റർ ആപ്പ് റണ്ണിങ്ങ് ആയിരുന്നു. 83 കിലോമീറ്റർ ആണ് അതുവരെയുള്ള യാത്രയിൽ ബസ്സ് എടുത്ത പരമാവധി വേഗത. അത് താരതമ്യേന കുറവാണെന്ന് പ്രൈവറ്റ് വോൾവോകളിൽ യാത്ര ചെയ്യുന്നവർക്കറിയാം. തലെ ദിവസം പുനെ നിന്ന് ബാംഗ്ലൂർക്ക് ഞാൻ വന്ന ബസ്സിന്റ് വേഗത 117സാുവ ആയിരുന്നു.) ഇനി ലോറി നിൽക്കാനുണ്ടായ സാഹചര്യം.
ഹൈവേയുടെ നടുക്ക് മീഡിയനിൽ പൊലീസുകാർ നിന്നിരുന്നു. വലത്തേ ട്രാക്കിലൂടി പോകുന്ന ലോറികൾ പെട്ടെന്ന് കൈകാണിച്ച് നിർത്തി ക്യാബിനിലേക്ക് കൈനീട്ടും, അൻപതോ നൂറോ എത്രയാണെന്നു വച്ചാൽ കൊടുക്കുക. ചെക്കിങ്ങ് ഒന്നുമല്ല, തനി ഗുണ്ടാപ്പിരിവ് ലീഗൽ പുറംമോടിയിൽ. ഇതിനായാണ് മുന്നിൽ പോയ ലോറി പെട്ടെന്ന് തടഞ്ഞ് നിർത്തിയത്. മുന്നിലേക്ക് പൊലീസ് ചാടുമ്പോൾ ലോറി ഡ്രൈവർക്ക് നിർത്താതെ വേറെ വഴിയില്ല. (സംഭവിച്ചത് ഇതാണെന്ന് ഞാൻ നേരിട്ട് കണ്ടില്ല; പക്ഷേ വഴിയരികിൽ ഉണ്ടായിരുന്ന നാട്ടുകാർ വ്യക്തമായി കണ്ടു, അതുകൊണ്ട് അവർക്കെതിരെ നാട്ടുകാരു കൂടി നടപടി എടുക്കാനാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും വഴി തടയുകയും ചെയ്തു. തന്നെയല്ല, ഇത് ഇവിടെ സ്ഥിരമാണെന്ന് അവിടെ വച്ച് കണ്ട മലയാളി ലോറിക്കാർ പലരും പറഞ്ഞു).
വലത്തേ ട്രാക്കിൽ പോകുന്ന ഒരു വാഹനം ഇങ്ങനെ നിർത്തുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. എന്നിട്ടും ആ ഡ്രൈവറുടെ കഴിവുകൊണ്ടും ശ്രദ്ധകൊണ്ടും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇത്ര വലിയ ഇടി ഇടിച്ചിട്ടും ലോറി അല്പവും അനങ്ങിയില്ല; നിറയെ ഗ്രാനൈറ്റ് ലോഡ് ആയിരുന്നു. അതേ വേഗതയിൽ നേരെ ഇടിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് മൂന്നോ നാലോ വരി സീറ്റ് വരെയെങ്കിലും ചതഞ്ഞ് തീർന്നേനെ. അതിലാദ്യം ഞാനും. ലോറിയുടെ പിന്നിലിടിക്കുന്നതും ഗ്ലാസ്സ് തകർന്ന് വീഴുന്നതും വ്യക്തമായി കണ്ണുമിഴിച്ച് തന്നെ കണ്ടു. ആ ഇടി നെഞ്ചിനു നേരെ വരുന്നതും കണ്ടു. അതിലിടിച്ച് മരിക്കുമല്ലോ എന്ന് ചിന്തിച്ചിട്ടില്ല, അതിനു കൂടിയുള്ള സാവകാശമുണ്ടായില്ല, അതിനുള്ളിൽ തെന്നിമാറി പോയി. ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നൊക്കെ പറഞ്ഞാൽ കൂടിപ്പോവും. അത്ര ചെറിയൊരു അംശത്തിനാണ് ജീവൻ തിരികെ കിട്ടിയത്. അതിനു കാരണം, നിങ്ങളൊക്കെ 'വെറും കെ.എസ്.ആർ.ടി.സി. ഡ്രൈവർ' എന്ന് പുച്ഛിച്ച, 'ഉറങ്ങിപ്പോയ, വണ്ടിയോടിക്കാനറിയാത്ത, ട്രെയിനിങ്ങ് കിട്ടാത്ത' ആ ഡ്രൈവർ സെക്കന്റിന്റെ ഒരംശം പോലും പാഴാക്കാതെ പ്രവർത്തിച്ചതു കൊണ്ടാണ്. രണ്ടാമത് ജീവൻ തിരിച്ചു തന്നയാളാണ്. അതുകൊണ്ട് 'മറ്റുള്ള കാരണങ്ങൾ പറയണ്ട, കെ.എസ്.ആർ.ടി.സിയുടേയും ഡ്രൈവറുടെയും കുഴപ്പമാണെന്ന്' പറയുന്ന പ്രിയപ്പെട്ട ചേട്ടന്മാർ ദയവായി ഇനിയത് ആവർത്തിക്കരുത്. ഫേസ്‌ബുക്കിലൂടി ചീത്തവിളിക്കാനും അടിയുണ്ടാക്കാനും താല്പര്യവും കഴിവുമില്ലാത്തയൊരാളുടെ ഭാഗത്തുനിന്നാണ്. അപേക്ഷയല്ല, ആവശ്യത്തിലധികം കനത്തിൽ തന്നെ എടുത്തോളൂ.
ആ മനുഷ്യൻ കാരണമാണ് ഞാനിന്ന് ജീവനോടിരിക്കുന്നത്. അപകടമുണ്ടാക്കിയത് തമിഴ് നാട് പൊലീസിലെ ചില സാറന്മാരാണ്. ഒന്നും ചെയ്യാനില്ല, അവരത് തുടരും. വല്ലവരുടെയും ജീവനോ അതോ പോക്കറ്റിൽ വീഴുന്ന അൻപത് രൂപയോ വലുത്? അവിടെയുണ്ടായിരുന്ന നാട്ടുകാരിലൊരുവൻ ആദ്യേ പറഞ്ഞിരുന്നു പൊലീസിന്റെ തോന്നിവാസമാണ്, നമുക്ക് ഒന്നും ചെയ്യാനില്ല, നിങ്ങൾ കേരളത്തിൽ പോയി പൊലീസിനോടും മീഡിയായോടും പറയണം, അല്ലെങ്കിൽ ഇനിയും ആളുകൾ മരിക്കുമെന്ന്. പക്ഷേ ഇത് അന്യനാട്ടിൽ വച്ച് നടന്ന ഒരു അപകടം, അത്രയേയുള്ളൂ. യഥാർത്ഥ കാരണം പോലും ആർക്കും അറിയില്ല. അറിയേണ്ട കാര്യവുമില്ല. പിന്നെന്ത് ചെയ്യാനാണ്. ആകെയൊരു കാര്യത്തിൽ പിന്നേയും വിഷമമുണ്ട്; അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ആ ജീവൻ തീർച്ചയായും രക്ഷപെട്ടേനെ. ചിത്രത്തിൽ കാണാം വിൻഷീൽഡിനും ഡോറിനും ഇടയിലുള്ള ഭാഗത്ത് 'വി' ആകൃതിയിൽ രണ്ട് കമ്പികൾ.
ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് തെറിച്ച അദ്ദേഹത്തിന്റെ കഴുത്ത് അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നില്ല. വലത്തേ കയ്യിനോ കാലിനോ പരുക്ക് പറ്റുമെന്നതിനപ്പുറം ഒന്നു സംഭവിക്കില്ലായിരുന്നു; തീർച്ച. പക്ഷേ ഇനി ഇതൊരു വിഷയമല്ലല്ലോ. വോൾവോ ബസ്സുകൾക്ക് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഉണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയെങ്കിലും ചില ജീവനുകൾ രക്ഷപെടാൻ... ആരു കേൾക്കുമോ എന്തോ..